ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തുന്നതിന് പിന്നിൽ ഇന്ത്യൻ സിം കാർഡുകളെന്ന് വിദ്യാഭ്യാസ മന്ത്രി ജാം മെഹ്താബ് ദെഹാര്‍ ആരോപിച്ചു. ഇന്റര്‍മീഡിയറ്റ് തല പരീക്ഷയുടെ ഫിസിക്സ് ചോദ്യ പേപ്പര്‍ പരീക്ഷ തുടങ്ങുന്നതിന് 40 മിനിറ്റ് മുൻപ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകളാണ് ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ ഉപയോഗിച്ചതെന്ന് തെളിഞ്ഞതായി മന്ത്രി വ്യക്തമാക്കി.
അതിര്‍ത്തി ജില്ലയായ തര്പാര്കറില് ഇന്ത്യന്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ചതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും ജാം മെഹ്താബ് ദെഹാര്‍ വ്യക്തമാക്കി. സംഭവത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയോടും ഭീകരവിരുദ്ധ വകുപ്പിനോടും സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments