ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനിലേക്ക് സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസിനെ ഏറെ അഭിമാനത്തോടെയും കൗതുകത്തോടെയുമാണ് നാം കാണുന്നത്. ഒറ്റ ട്രെയിനെന്ന് സാങ്കേതികമായി പറയാമെങ്കിലും ഇന്ത്യ – പാക്കിസ്ഥാന്‍ സര്‍വീസ് നടത്തുന്നത് രണ്ടു ട്രെയിനുകളാണ്. ഇന്ത്യന്‍ അതിര്‍ത്തിവരെ ഒരു സംഝോത എക്‌സ്പ്രസും പാക്കിസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ ലാഹോര്‍ വരെ പാക്കിസ്ഥാന്റെ ഇതേപേരിലുള്ള തീവണ്ടിയും.
എന്നാല്‍ എട്ടുരാജ്യങ്ങളും ഒരു ഭൂകണ്ഡത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെയും താണ്ടി ഒറ്റ തീവണ്ടിയെത്തിയാലോ. അത്തരം ഒരു തീവണ്ടി യാത്ര പൂര്‍ത്തിയാക്കി ചൈനീസ് നഗരത്തില്‍ എത്തി. പടിഞ്ഞാറന്‍ യൂറോപ്പിലെ ബ്രിട്ടനിലെ ലണ്ടനില്‍ നിന്ന് ഏഷ്യയിലെ കിഴക്കന്‍ രാജ്യമായ ചൈനവരെ 12,000 കിലോമീറ്റര്‍ ഓടിയെത്തിയ ട്രെയിന്‍ ചൈനയിലെ യിവു നഗരത്തില്‍ യാത്ര പൂര്‍ത്തിയാക്കിയപ്പോള്‍ പിറന്നതും ചരിത്രമാണ്.
ബ്രിട്ടനടക്കമുള്ള വടക്ക് പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ കരാറുകള്‍ക്ക് ശക്തി പകരുക എന്ന ലക്ഷ്യമാണ് ഈ ദീര്‍ഘദൂര്‍ ചരക്ക് തീവണ്ടി ഗതാഗതത്തിലൂടെ ചൈന ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്കുള്ള പാല്‍ ഉത്പന്നങ്ങള്‍, മരുന്നുകള്‍, വിസ്‌കി, മറ്റ് ചെറുയന്ത്രങ്ങള്‍ എന്നിവയായിരുന്നു ആദ്യയാത്രയില്‍ ലണ്ടന്‍ -യിവു ചരക്ക് തീവണ്ടിയുലുണ്ടായിരുന്നത്.
ഏപ്രില്‍ 10ന് ലണ്ടനില്‍ നിന്നും യാത്ര തിരിച്ച ട്രെയിന്‍ ഫ്രാന്‍സ്, ബെല്‍ജിയം, ജെര്‍മനി, പോളണ്ട്, ബെലാറസ്, റഷ്യ, കസാഖ്സ്ഥാന്‍ എന്നീ രാജ്യങ്ങള്‍ താണ്ടിയാണ് 28 ന് ചൈനയിലെ യിവു നഗരത്തിലെത്തിച്ചേര്‍ന്നത്. കപ്പല്‍ മാര്‍ഗം ചരക്ക് എത്തിക്കാന്‍ വേണ്ടിവരുന്നത് 30 ദിവസമാണ്. അതാണ് 18 ദിവസം കൊണ്ട് എത്തിയത്.
അതേസമയം, ഈ പാത ഏറ്റവും നീളം കൂടിയതെന്ന് പറയാനാകില്ല. ചൈനയില്‍ നിന്ന് സ്‌പെയിനിലെ മാഡ്രിഡിലേക്കുള്ള പ്രശസ്ത പാതയേക്കാള്‍ 1000 കിലോമീറ്റര്‍ കുറവാണ് ലണ്ടന്‍ – യിവു പാത. എന്നാല്‍ റഷ്യയിലെ ട്രാന്‍സ് -സൈബീരിയന്‍ റെയില്‍പാതയേക്കാള്‍ നീളമുണ്ട്. അതായത്, നീളത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം.
Post Your Comments