1987 ലെ ഒരു പെരുമഴക്കാലത്താണ് ‘തൂവാനത്തുമ്പികള്‍’ വെള്ളിത്തിരയിലെത്തിയത്. ചിത്രത്തിലെ നായിക കഥാപാത്രമായ ക്ലാരയുടെ ആകര്‍ഷക രൂപം എത്തുന്നതിനൊപ്പം മഴയും കടന്നു വരുന്നു. ‘തൂവാനത്തുമ്പി’കളില്‍ മഴ കഥാപാത്രമാകുകയാണ്. മഴ പ്രണയവും രതി ജീവിതവുമാകുന്നു. ജയകൃഷ്ണനായി മോഹന്‍ലാലും നിറഞ്ഞാടിയപ്പോള്‍ ‘തൂവാനത്തുമ്പികളു’ടെ ഗരിമ വര്‍ദ്ധിച്ചു. മലയാളത്തിലെ “കൾട്ട് ക്ലാസിക്ക്” എന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണിത്. സിനിമയിറങ്ങിയ കാലത്തു ബോക്സോഫീസിൽ വിജയം നേടിയെങ്കിലും അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് പത്മരാജന്റെ ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രമായി ഇത് മാറി.
പി.പത്മരാജന്‍ എഴുതിയ ഉദകപ്പോള എന്ന നോവലിനെ അടിസ്ഥാനമാക്കി അദ്ദേഹം തന്നെ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ‘തൂവാനത്തുമ്പികള്‍’. മണ്ണാര്‍തൊടിയില്‍ ജയകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്റെയും വ്യത്യസ്ത സാഹചര്യങ്ങളില്‍ അയാളുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന ക്ലാര, രാധ എന്നീ രണ്ടു പെണ്‍കുട്ടികളുടെയും കഥ പറയുന്നു ഈ ചിത്രം. ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള സംഭാഷണങ്ങള്‍ പ്രേക്ഷകന്റെ നെഞ്ചില്‍ തറയ്ക്കുന്നവയാണ്.
ഈ മനോഹര ചിത്രത്തിന്റെ ഷൂട്ടിംഗ് സ്ക്രിപ്റ്റ് ഇന്നും സുരക്ഷിതമായി ഒരിടത്ത് ഇരിപ്പുണ്ട്. അത് പദ്മരാജന്റെ മുഖ്യ സംവിധാന സഹായിയായിരുന്ന സുരേഷ് ഉണ്ണിത്താന്‍ ഒരു നിധി പോലെ ഇന്നും സൂക്ഷിക്കുന്നു. സുരേഷ് ഉണ്ണിത്താന്റെ മകന്‍ അഭിരാം സുരേഷ് ഉണ്ണിത്താന്‍ ആണ് ഇക്കാര്യം ഫേസ്ബുക്കില്‍ അറിയിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ,
ഒരു കൗതുകത്തിന് അച്ഛന്റെ പഴയ പെട്ടികൾ പരതിയപ്പോൾ അച്ഛൻ പൊന്നു പോലെ കാത്തുസൂക്ഷിക്കുന്ന ഒരു ഷൂട്ടിംഗ് സ്ക്രിപ്റ്റ് കണ്ടു.. ഞാനുൾപ്പെടെ ലക്ഷോപലക്ഷങ്ങളെ സ്വാധീനിച്ച ഒരു ചരിത്രം.. എന്നും അച്ഛനോട് അസൂയ തോന്നിയിട്ടുള്ളതും ഈ ഒരൊറ്റ കാര്യത്തിലാണ്.. മണ്ണാറത്തൊടിയും ജയകൃഷ്ണനും ക്ലാരയും രാധയും പദ്മരാജൻ സാറും എന്റെ വീട്ടിലും ഉണ്ട്.. മുഖ്യ സംവിധാന സഹായിയുടെ വല്യ സമ്പാദ്യങ്ങളിൽ ഒന്ന്..
Post Your Comments