തിരുവനന്തപുരം: എതിർപ്പ് ബി.ജെ.പിയോട് മാത്രമെന്ന് വിശദമാക്കി സി.പി.ഐ നേതാവ് ബിനോയ് വിശ്വം. ബി.ജെ.പിക്കെതിരെ കോൺഗ്രസ് അടക്കം എല്ലാ മതനിരപേക്ഷകക്ഷികളുടെയും യോജിപ്പ് സിപിഐ വ്യക്തമാക്കി. ഇന്നലെ ആരംഭിച്ച സംസ്ഥാന കൗൺസിലിൽ ഇതു സംബന്ധിച്ച ദേശീയ എക്സിക്യുട്ടീവ് തീരുമാനം ബിനോയ് വിശ്വം റിപ്പോർട്ട് ചെയ്തു.
യോഗത്തിൽ കോൺഗ്രസ് ബന്ധം സംബന്ധിച്ച ചില സംശയങ്ങൾ ഉയർന്നു. സംസ്ഥാനരാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൗൺസിലിന്റെ സമാപനദിവസമായ ഇന്നു ചർച്ച ചെയ്യും. ബിജെപിക്കെതിരെ ഇടതുപാർട്ടികൾ മാത്രം യോജിച്ചാൽ പോരെന്നും മതനിരപേക്ഷ കൂട്ടായ്മയാണ് വളർന്നുവരേണ്ടത് എന്നുമാണു സിപിഐയുടെ കഴിഞ്ഞ ദേശീയനിർവാഹകസമിതിയോഗം തീരുമാനിച്ചത്.
ഇതൊരു തിരഞ്ഞെടുപ്പ് കൂട്ടുകെട്ടോ, നീക്കുപോക്കോ അല്ല. രാജ്യത്തു വിശാലവേദി രൂപപ്പെടേണ്ട രാഷ്ട്രീയസാഹചര്യമാണുള്ളത്. കോൺഗ്രസുമായി ഒരു രാഷ്ട്രീയബന്ധത്തിനും തീരുമാനിച്ചിട്ടില്ലെന്നു ബിനോയ് വിശദീകരിച്ചു.
യോജിക്കാവുന്ന എല്ലാ രാഷ്ട്രീയകക്ഷികളുടെയും തുറന്ന സഹകരണവേദിയാണ് ഉദ്ദേശിക്കുന്നത്. അതിൽ ആരൊക്കെ വേണം എന്ന് അന്തിമമായി നിശ്ചയിച്ചിട്ടുമില്ല. കോൺഗ്രസുമായി യോജിച്ചാൽ അതു കേരളത്തിലുണ്ടാക്കാവുന്ന ആശയക്കുഴപ്പം റിപ്പോർട്ടിങ്ങിലും ചർച്ചയിലും ഉയർന്നു.
Post Your Comments