ന്യൂഡല്‍ഹി: മാവോയിസ്റ്റുകള്‍ നടത്തിയ സി.ആര്‍.പി.എഫ് കുരുതിക്ക് ശേഷം ലക്ഷ്യം വയ്‌ക്കേണ്ട മാവോയിസ്റ്റ് നേതാക്കളുടെ ‘ഹിറ്റ് ലിസ്റ്റ്’ കേന്ദ്രത്തില്‍ തയാറാകുന്നു. ശക്തമായി തിരിച്ചടിക്കാന്‍ സുരക്ഷാ സേനകള്‍ തയ്യാറായി നില്‍ക്കെ, സി.ആര്‍.പി.എഫ് കുരുതിക്ക് മാവോയിസ്റ്റുകള്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് തീര്‍ച്ചയായിരിക്കുകയാണ്. മാവോയിസ്റ്റുകളുടെ സൗത്ത് ബസ്തര്‍ കമാന്‍ഡര്‍ രഘു, ജാഗര്‍ഗുണ്ട ഏരിയ കമ്മിറ്റി പാപ്പാ റാവു, പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പിഎല്‍ജിഎ) ഹിഡ്മ ഫസ്റ്റ് ബറ്റാലിയന്‍ കമാന്‍ഡര്‍ തുടങ്ങിയവര്‍ക്കെതിരെ ശക്തമായ ആക്രമണം നടത്താനാണ് നീക്കം.
ബസ്തറില്‍ ഏകദേശം 200-250 മാവോയിസ്റ്റ് നേതാക്കളാണുള്ളത്. ഇവര്‍ ജാര്‍ഖണ്ഡ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സഞ്ചരിക്കുകയും സുരക്ഷാസേനയ്ക്കുമേല്‍ ആക്രമണം നടത്തുന്നതിനായി പദ്ധതി തയാറാക്കുകയുമാണെന്നാണ് വിവരം. ബസ്തറില്‍ മാത്രം നാലായിരത്തോളം മാവോയിസ്റ്റുകളാണുള്ളത്. നേതാക്കന്മാരെ വധിക്കുന്നതിലൂടെ മാവോയിസ്റ്റുകളെ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്.
ബസ്തറിലെ മാവോയിസ്റ്റ് ബാധിത മേഖലകള്‍ തകര്‍ക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അതിനായി എത്ര സൈനികരെ വേണമെങ്കിലും നല്‍കാമെന്നും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാമെന്നും അറിയിച്ചിരുന്നു. 250 മാവോയിസ്റ്റ് നേതാക്കന്മാരെ പിടികൂടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ കേന്ദ്രസേനയിലെ 25 ജവാന്‍മാരാണു വീരമ്യത്യു വരിച്ചത്.
Post Your Comments