പത്തനംതിട്ട: ശബരിമലയില്‍ ആചാരലംഘനം നടന്നതുമായി ബന്ധപ്പെട്ട് നടന്‍ ജയറാമിനെതിരേ ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. കൊല്ലം സ്വദേശിയായ വ്യവസായി സുനിലിനെതിരേയും ദേവസ്വം മന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
വിഷു ഉല്‍സവത്തിനായി ശബരിമല നട നേരത്തെ തുറന്നതും പൂജകള്‍ക്ക് അനുമതി നല്‍കിയതിലും വീഴ്ചയുണ്ടായതായാണ് ദേവസ്വം റിപ്പോര്‍ട്ടില്‍ പറയുന്നത്. ജയറാം സോപാനത്തില്‍ ഇടയ്ക്ക വായിച്ചത് ചട്ടം ലംഘിച്ചാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
വിഷു ഉല്‍സവത്തിനായി ഏപ്രില്‍ പത്തിന് വൈകിട്ടാണ് നട തുറക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ശബരിമല നട അന്നേദിവസം രാവിലെ തുറക്കുകയും വിശേഷാല്‍ പൂജകളുള്‍പ്പെടെ നടത്താന്‍ ഒരാള്‍ക്ക് മാത്രമായി അനുമതി നല്‍കുകയും ചെയ്തു. ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ അറിവോടെയാണ് വീഴ്ച സംഭവിച്ചത്. കൊല്ലത്തെ വ്യവസായി സുനില്‍ ഈ ദിവസത്തെ പൂജകള്‍ക്കായി നേരത്തെ അനുമതി വാങ്ങിയിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. സന്നിധാനത്തെ ഉച്ചപൂജയ്ക്കിടെ നടന്‍ ജയറാം ഇടയ്ക്ക കൊട്ടിയത് ആചാരലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Post Your Comments