ന്യൂഡല്‍ഹി: സൗദി എംബസിയ്ക്ക് സുഷമ സ്വരാജിന്റെ കര്‍ശന നിര്‍ദേശം . സൗദിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിസാ ഏജന്റ് മൂന്ന് ലക്ഷം രൂപയ്ക്ക് സ്‌പോണ്‍സര്‍ക്ക് വിറ്റതായുള്ള മകളുടെ പരാതിയെ തുടര്‍ന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടല്‍. മുപ്പത്തൊന്‍പതുകാരിയായ സല്‍മ ബീഗത്തെ സ്‌പോണ്‍സറില്‍ നിന്നു രക്ഷപ്പെടുത്തി തിരിച്ചയയ്ക്കാന്‍ സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് സുഷമ സ്വരാജ് നിര്‍ദേശം നല്‍കി.
ബീഗത്തെ വീസ നല്‍കി സൗദിയിലേക്കയച്ച ഏജന്റുമാര്‍ക്കെതിരെ നടപടിയെടുക്കാനും വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്‍സിനോട് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ഹൈദരാബാദിലെ ബാബ നഗര്‍ സി ബ്ലോക്കില്‍ താമസിക്കുന്ന സല്‍മ ബീഗത്തെ വീസ ഏജന്റുമാര്‍ സൗദി സ്വദേശിക്ക് മൂന്നു ലക്ഷം രൂപക്ക് വിറ്റുവെന്ന മാദ്ധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സുഷമ സ്വരാജ് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.
സംഭവുമായി ബന്ധപ്പെട്ട് വിസാ ഏജന്റുമാരായ അക്രം, ഷാഫി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാട്ടിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്ന സല്‍മയെ പലതരത്തില്‍ പീഡിപ്പിക്കുന്നതായും മകള്‍ നല്‍കിയ പരാതിയിലുണ്ട്. സ്‌പോണ്‍സറെ വിവാഹം കഴിക്കണമെന്ന കരാറില്‍ ഒപ്പിടാന്‍ തയ്യാറാവത്തതോടെയാണ് പീഡനം തുടങ്ങിയത്. തുടര്‍ന്ന് ഏജന്റ് തന്നെ സ്‌പോണ്‍സര്‍ക്ക് വിറ്റതായി അവര്‍ വീട്ടില്‍ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 20നുള്ളില്‍ സല്‍മയെ നാട്ടിലെത്തിക്കാമെന്ന് അക്രം ബന്ധുക്കളെ അറിയിച്ചെങ്കിലും പിന്നീട് ഒരു വിവരവും ഉണ്ടായിട്ടില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.
Post Your Comments