Latest News

വാഹനത്തില്‍ നിന്ന് സിഗരറ്റ് കുറ്റി പുറത്തേക്ക് വലിച്ചെറിയുന്നവര്‍ക്ക് വന്‍ തുക പിഴ

അബുദാബി : പരിസ്ഥിതിക്ക് പരുക്കേല്‍പ്പിക്കുന്ന പെരുമാറ്റങ്ങള്‍ക്ക് യുഎഇ ഭരണകൂടം ശിക്ഷ കനപ്പിക്കുന്നു. ഇനി മുതല്‍ വണ്ടിയില്‍ പുകച്ചുതള്ളുന്ന സിഗരറ്റ് കുറ്റികള്‍ പുറത്തേക്കെറിയുന്നവര്‍ക്ക് ആയിരം ദിര്‍ഹം പിഴയാണ് നിശ്ചയിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഗ്ലാസ്സ് താഴ്ത്തി ചവറുകള്‍ പുറത്തേക്കിടുന്നവര്‍ക്കും പുകവലിച്ചു സിഗരറ്റ് കുറ്റികള്‍ അലക്ഷ്യമായി എറിയുന്നവര്‍ക്കും പിഴശിക്ഷ കനത്തതാക്കാനാണ് തീരുമാനം. വാഹനത്തിലുള്ള കുട്ടികളോ സഹയാത്രികരോ ചവറുകള്‍ പുറത്തേക്കിട്ടാലും പിഴവീഴുന്നത് വാഹനം ഓടിക്കുന്ന വ്യക്തിക്കായിരിക്കും. ചെറിയ കടലാസുപോലും പുറത്തേക്കിട്ടാല്‍ പിഴ ശിക്ഷ നല്‍കാവുന്ന തരത്തിലാണ് നിയമം കര്‍ക്കശമാക്കുന്നതെന്നാണ് സൂചന.

ഇത്തരക്കാരുടെ ഡ്രൈവിങ് ലൈസന്‍സില്‍ ആറു ബ്ലാക്ക് മാര്‍ക്ക് പതിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം ഗതാഗത വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വാഹനത്തിന്റെ ഉത്തരവാദിത്വമുള്ള മുഖ്യവ്യക്തി ഡ്രൈവര്‍ ആയിരിക്കുമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നതിനാലാണ് പിഴയും ബ്ലാക്മാര്‍ക്കും വാഹനം ഓടിച്ചവരുടെ പേരില്‍ ആക്കിയതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. ജൂണ്‍ പതിനഞ്ചു മുതല്‍ നിലവില്‍ വരുന്ന പരിഷ്‌കരിച്ച ട്രാഫിക് നിയമത്തില്‍ ഇതുവ്യക്തമാണെന്ന് അധികൃതര്‍ അറിയിച്ചു.

പ്രധാന പാതകളിലെല്ലാം കനത്തതോതില്‍ മാലിന്യം വലിച്ചെറിയുന്നത് തലവേദനയായി മാറിയതിനെ തുടര്‍ന്നാണ് ശിക്ഷ കര്‍ശനമാക്കാന്‍ തീരുമാനം ഉണ്ടാകുന്നത്. സിഗരറ്റ് വലിച്ച് കുറ്റികളും മാലിന്യങ്ങളും പുറത്തേക്ക് എറിയുക മാത്രമല്ല വാഹനത്തിനുള്ളിലെ ആഷ്ട്രേ റോഡിലേക്ക് തട്ടിയാണ് ഡ്രൈവര്‍മാര്‍ കാലിയാക്കുന്നതെന്നും കണ്ടെത്തിയിരുന്നു. ഇതോടെയാണ് നടപടി ശക്തമാക്കുന്നത്. കൂടാതെ പുകക്കുഴലിലെ അവശിഷ്ടങ്ങളും വേസ്റ്റും ഉള്‍പ്പടെ വാഹനം ഓടിച്ചും പാര്‍ക്ക് ചെയ്തും പുറത്തേക്ക് തട്ടുന്നതും പതിവായിട്ടുണ്ട്. ഇതോടെയാണ് പിഴശിക്ഷ കൂട്ടി അധികൃതര്‍ നടപടിക്ക് ഒരുങ്ങുന്നത്. പരിസ്ഥിതിക്ക് പോറല്‍ ഏല്‍പ്പിക്കുന്ന തരത്തിലുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കനത്ത ശിക്ഷയാണ് പുതിയ ട്രാഫിക് നിയമ ഭേദഗതിയിലുള്ളതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വകുപ്പ് മേധാവി ബ്രിഗേ. ഗൈഥ് ഹസന്‍ അലസആബി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button