തിരുവനന്തപുരം: കൊടുംവരൾച്ചയും വൈദ്യുതിക്ഷാമവും നേരിടാൻ മേയ് പത്തിനകം സംസ്ഥാനത്ത് കൃത്രിമമഴ പെയ്യിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇടുക്കി അണക്കെട്ടിന്റെ ആൾപ്പാർപ്പില്ലാത്ത വൃഷ്‌ടിപ്രദേശങ്ങളിൽ ഐ.എസ്.ആർ.ഒയും പൂനെയിലെ ഇന്ത്യൻഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ട്രോപ്പിക്കൽ മെറ്ററോളജിയും കൃത്രിമമഴ പെയ്യിക്കാനുള്ള പരീക്ഷണം തുടങ്ങിക്കഴിഞ്ഞു. ഐ.എസ്.ആർ.ഒയുടെ ഡോപ്ലർ റഡാറുപയോഗിച്ച് മഴമേഘങ്ങളെ കണ്ടെത്തി ഫ്ലെയർ എന്നറിയപ്പെടുന്ന ചെറുറോക്കറ്റുകളിൽ രാസവസ്തുക്കൾ വിതറിയാവും കൃത്രിമമഴ പെയ്യിക്കുക. കെ.എസ്.ഇ.ബിയാണ് കൃത്രിമമഴയ്ക്കായി പണംമുടക്കുക.
കൃത്രിമമഴയ്ക്കായി സ്ഥിരം സംവിധാനമുണ്ടാക്കാൻ മുഖ്യമന്ത്രി പിണറായിവിജയൻ ശാസ്ത്രസാങ്കേതികവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനങ്ങളിൽ രാസവസ്തുക്കൾവിതറി വിസ്തൃതിയേറിയ പ്രദേശത്ത് കൃത്രിമമഴപെയ്യിക്കുന്ന അന്താരാഷ്ട്ര കമ്പനികളെ ഉൾപ്പെടുത്തി ആഗോളകരാർ വിളിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.38,860 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള കേരളത്തിലുടനീളം കൃത്രിമമഴ പെയ്യിക്കാൻവേണ്ടത് 4500കോടി
12കിലോമീറ്റർ അകലെയുള്ള മഴമേഘങ്ങളിൽവരെ വിമാനത്തിൽ രാസവസ്തുക്കൾ വിതറി മഴപെയ്യിക്കുന്നതിന് കോടികളുടെ ചെലവുണ്ട്. ഈ സാഹചര്യത്തിൽ ശിവകാശിയിലെ പടക്കകമ്പനികൾ നിർമ്മിക്കുന്ന മൂന്ന് കിലോമീറ്റർ പരിധിയുള്ള ഫ്ലെയർ എന്ന ചെറുറോക്കറ്റുകളാണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുക. റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഫ്ലെയറിന്റെ അഗ്രഭാഗത്ത് രാസവസ്തുക്കൾ ഘടിപ്പിച്ച് നിശ്ചിത ഉയരത്തിലെത്തുമ്പോൾ താഴ്‌ന്നുപറക്കുന്ന മേഘങ്ങളിൽ വിതറും. പത്തുമിനിറ്റിനകം മഴ പെയ്യും. 20തവണ ഫ്ലെയർഉപയോഗിക്കാൻ അഞ്ചുലക്ഷം രൂപയാണ് ചെലവ്.
അണക്കെട്ടുകളുടെ വൃഷ്‌ടിപ്രദേശത്ത് കൃത്രിമമഴ പെയ്യിക്കാൻ 2015ൽ കെ.എസ്.ഇ.ബി ശ്രമിച്ചെങ്കിലും പരീക്ഷണങ്ങൾക്കിടെ മഴപെയ്തു. അന്ന് ബാക്കിയായ പണമാണ് ഇപ്പോൾ ചെലവിടുന്നത്. ഇടുക്കിയിലെ മഴമേഘങ്ങളെ രണ്ടാഴ്‌ചയായി ഐ.എസ്.ആർ.ഒ നിരീക്ഷിക്കുകയാണ്. റഡാർവിവരങ്ങൾ പൂനെയിലെ ഐ.ഐ.ടി.എമ്മിലേക്ക് അയയ്ക്കുന്നുണ്ട്. മഴമേഘങ്ങളാണോയെന്നും സാന്ദ്രത എത്രയാണെന്നുമുള്ള റിപ്പോർട്ട് രണ്ടാഴ്‌ചയ്ക്കകം ലഭിച്ചാലുടൻ കൃത്രിമമഴ പെയ്യിക്കാൻ റോക്കറ്റുകൾ അയച്ചുതുടങ്ങും.
Post Your Comments