ദിസ്പൂര്‍: ആംബുലന്‍സ് ലഭിക്കാത്തതിന്റെ പേരില്‍ മൃതദേഹം ചുമന്ന് വീട്ടിലെത്തിക്കേണ്ടി വന്ന യുവാവിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. സമാനമായ സംഭവം തുടര്‍ന്നും ഉണ്ടായിട്ടുണ്ട്. അസമിലാണ് വീണ്ടും ഇങ്ങനെയൊരു കാഴ്ച. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടി വീട്ടിലെത്തിച്ചു.
പതിനെട്ടുകാരനായ ഡിംപിള്‍ ദാസിന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിയാണ് യുവാവ് വീട്ടിലേക്ക് നടന്നു നീങ്ങിയത്. ഒഡിഷയില്‍ ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാതെ വന്നതോടെ ഭാര്യയുടെ മൃതദേഹം ചുമന്ന് പത്ത് കിലോമീറ്ററോളം നടന്ന ദനാ മാഞ്ചിയുടേതിന് സമാനമാണ് അസമിലെ സംഭവവും. ആശുപത്രികളില്‍ മതിയായ സേവനങ്ങള്‍ നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നത്.
ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഡിപിംളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിന് സമീപത്ത് ആശുപത്രി സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ എട്ട് കിലോമീറ്റര്‍ അകലെയുള്ള ബാലിജാന് ഗ്രാമത്തിലുള്ള ആശുപത്രിയിലായിരുന്നു ഡിംപിളിനെ എത്തിച്ചത്. സൈക്കിളില്‍ തന്നെയായിരുന്നു ആശുപത്രിയിലേക്കുള്ള യാത്ര.
എന്നാല്‍, ഡിംപിളിനെ രക്ഷിക്കാനായില്ല. തുടര്‍ന്ന് ഡിംപിളിന്റെ ബന്ധുക്കള്‍ ആംബുലന്‍സ് സര്‍വീസ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments