പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കം ലോകത്തിലെ പ്രമുഖര്‍ക്കെതിരേ ആരോപണമുയര്‍ന്ന് പനാമ കേസില്‍ പാക് സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയും. പനാമയില്‍ നവാസ് ഷെരീഫിനും മക്കള്‍ക്കും അനധികൃത നിക്ഷേപമുണ്ടെന്ന കേസില്‍ പാക് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. കോടതി വിധി എതിരായാല്‍ ഷെരീഫിന് പ്രധാനമന്ത്രിപദമൊഴിയേണ്ടിവരും.
കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായി. വിധിപറയാനായി കേസ് വ്യാഴാഴ്ചത്തെ പട്ടികയില്‍പ്പെടുത്തിയിരിക്കുകയാണ്. 26,000 പേജ് വരുന്ന വിധി പ്രസ്താവനയിലെ ഓരോ വാക്കുകളും വായിച്ചുകൊണ്ടാകും ജഡ്ജി വിധി പുറപ്പെടുവിക്കുകയെന്ന് പാക്കിസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ലോകത്തിലെ ഏറ്റവും പ്രധാന ചരക്ക് ഇടനാഴിയായ പനാമയിലെ വിവിധ കമ്പനികളില്‍ രാഷ്ട്രത്തലവന്‍മാര്‍ക്കടക്കം ലോകത്തിലെ വിവിധ നേതാക്കള്‍ക്ക് അനധികൃത നിക്ഷേപമുണ്ടെന്ന കഴിഞ്ഞവര്‍ഷം ജൂണില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് വന്‍കോളിളക്കമാണ് സൃഷ്ടിച്ചത്. ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചന്‍ അടക്കമുള്ള നിരവധിയാളുകളുടെ പേരുകള്‍ പനാമ ലീക്ക് എന്ന പേരില്‍ വന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിരുന്നു.
പനാമയിലെ സ്ഥാപനങ്ങളില്‍ നികുതിയിളവ് നേടി നിക്ഷേപം നടത്തുന്നതിന് സഹായം ചെയ്തുകൊടുക്കുന്ന മൊസാക് ഫോണ്‍സെക എന്ന നികുതി, നിയമസഹായ സ്ഥാപനത്തിന്റെ രേഖകളാണ് ചോര്‍ന്നത്. ചോര്‍ന്ന 11.5 മില്യണ്‍ രേഖകളില്‍ നിന്ന് ലോകത്തിലെ വിവിധരാഷ്ട്രങ്ങളില്‍ നിന്ന് നിരവധിപേര്‍ അനധികൃത നിക്ഷേപം പനാമയില്‍ നടത്തുന്നുണ്ടെന്ന് വ്യക്തമാകുകയായിരുന്നു.
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനും അദ്ദേഹത്തിന്റെ നാലുമക്കളില്‍ മൂന്നുപേര്‍ക്കും പനാമ കമ്പനിയില്‍ അനധികൃത നിക്ഷേപമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം പാക്കിസ്ഥാനില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. ഇതേതുടര്‍ന്നാണ് അന്വേഷണവും കോടതിയില്‍ കേസും വന്നത്. ഈ കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാനവിധി വ്യാഴാഴ്ച പുറത്തുവരുന്നത്.
Post Your Comments