KeralaLatest NewsNews

മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം: എല്‍.ഡി.എഫിന് ജനങ്ങളുടെ അംഗീകാരം- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം•മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം കാല്‍ലക്ഷത്തോളം കുറയ്ക്കാന്‍ കഴിഞ്ഞതും, എല്‍.ഡി.എഫിന് ഒരു ലക്ഷത്തിലേറെ (9%) വോട്ട് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതും എല്‍.ഡി.എഫ് നേടിയ ജനങ്ങളുടെ അംഗീകാരമാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

മുസ്ലീംലീഗിന്റേയും യു.ഡി.എഫിന്റേയും ഏറ്റവും ശക്തമായ മണ്ഡലമാണ് മലപ്പുറം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2 ലക്ഷത്തോളം വോട്ടാണ് ഇ.അഹമ്മദിന് ഭൂരിപക്ഷം ലഭിച്ചിരുന്നത്. അന്ന് പ്രത്യേകമായി മത്സരിച്ചിരുന്ന എസ്.ഡി.പി.ഐയ്ക്ക് 47,853 വോട്ടും, വെല്‍ഫയര്‍ പാര്‍ട്ടിക്ക് 29,216 വോട്ടും ലഭിച്ചിരുന്നു. ഈ രണ്ട് വിഭാഗവും ഈ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്റെ വിജയത്തിനു വേണ്ടി സജീവമായി പ്രവര്‍ത്തിച്ചിരുന്നു. എസ്.ഡി.പി.ഐ ക്ക് കഴിഞ്ഞ തവണ 5.61 ശതമാനവും, വെല്‍ഫയര്‍ പാര്‍ടിക്ക് 3.42 ശതമാനവും വോട്ടു ലഭിച്ചിരുന്നു. ഈ വോട്ടുകൂടി യു.ഡി.എഫിന് കണക്കാക്കിയാല്‍ 61 ശതമാനത്തിലേറെ വോട്ട് ലഭിക്കേണ്ടതാണ്. എന്നാല്‍ 55% വോട്ടാണ് യു.ഡി.എഫ് നേടിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ യു.ഡി.എഫിന് 77502 വോട്ടാണ് വര്‍ദ്ധിച്ചത്.

എസ്.ഡി.പി.ഐയുടേയും വെല്‍ഫയര്‍ പാര്‍ടിയുടേയും 77069 വോട്ടുകള്‍ അധികമായി ലഭിച്ചിട്ടും മുസ്ലീം സംഘടനകളെ മുഴുവന്‍ ഏകോപിപ്പിക്കാന്‍ ശ്രമിച്ചിട്ടും പ്രതീക്ഷിച്ച വിജയം നേടാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. എല്‍.ഡി.എഫിന്റെ വോട്ട് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 1,01,303 വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ടുവെച്ച രാഷ്ട്രീയ നിലപാടുകള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കുന്നുവെന്നും, എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപിന്തുണ വര്‍ദ്ധിച്ചുവരുന്നുവെന്നുമാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

എല്‍.ഡി.എഫിനെതിരെ വിഷലിപ്തമായ പ്രചാരവേലകളാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തിയത്. മതപരമായ ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കങ്ങളും ബി.ജെ.പിയും മുസ്ലീംലീഗും സംഘടിപ്പിച്ചു. അത്തരം നിലപാടുകള്‍ കേരളത്തില്‍ വിലപ്പോവുകയില്ലായെന്നാണ് ബി.ജെ.പിക്ക് ലഭിച്ച വോട്ടും, യു.ഡി.എഫിന്റെ ഭൂരിപക്ഷത്തില്‍ വന്ന കുറവും വ്യക്തമാക്കുന്നത്. മതനിരപേക്ഷ പ്രസ്ഥാനം കുടുതല്‍ ശക്തമായി മുന്നോട്ടുപോകണമെന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ആറിരട്ടി വോട്ട് അധികം നേടുമെന്ന് അവകാശപ്പെട്ടുകൊണ്ടും, ബിഫ് വിതരണം ചെയ്യുമെന്ന് പ്രലോഭിപിച്ചുകൊണ്ടും വോട്ടുപിടിച്ച ബി.ജെ.പിക്ക് കിട്ടിയ വോട്ട് അവരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭൂരിപക്ഷം സീറ്റ് നേടുമെന്ന ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ പ്രഖ്യാപനം വന്ന ദിവസം തന്നെയാണ് ഈ തെരഞ്ഞെടുപ്പ് ഫലവും വന്നതെന്നത് ബി.ജെ.പിയുടെ പ്രതീക്ഷകളൊന്നും കേരളത്തില്‍ നടക്കാന്‍ പോകില്ലായെന്നതിന്റെ തെളിവാണ്. എല്‍.ഡി.എഫിന് വോട്ടുനല്‍കിയിട്ടുള്ള എല്ലാ വോട്ടര്‍മാര്‍ക്കും എല്‍.ഡി.എഫിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും പ്രത്യേകമായ നന്ദി രേഖപ്പെടുത്തുന്നു. വാശിയേറിയ മത്സരത്തിനിടയിലും സംഘര്‍ഷമില്ലാതെ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താന്‍ സംവിധാനമൊരുക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിനേയും അഭിനന്ദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button