ന്യൂഡല്‍ഹി : ഇന്ത്യയെ പരിഹസിച്ച സ്നാപ്ചാറ്റ് സിഇഒ ഇവാന്‍ സ്പീഗലിന് പൊങ്കാല പ്രളയം. ഇന്ത്യയെ ദരിദ്ര രാഷ്ട്രമെന്ന് പരിഹസിച്ചതിനാണ് സ്പീഗല്‍ ഇന്ത്യക്കാരുടെ ചൂടറിഞ്ഞത്. ട്വിറ്ററിലെ പരിഹാസ കമന്റുകള്‍ക്കും ട്രോളുകള്‍ക്കും സ്നാപ് ചാറ്റിന്റെ പ്ലേ സ്റ്റോര്‍ പേജിലും ഇന്ത്യക്കാര്‍ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുകയാണ്.
സ്നാപ്പ്ചാറ്റ് സമ്പന്നരെ ഉദ്ദേശിച്ചുള്ള ആപ്ലിക്കേഷനാണെന്നും ഇന്ത്യയെയും സ്പെയ്നിനെയും പോലുള്ള രാജ്യങ്ങളിലെ സേവനം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും സ്പീഗല്‍ പറഞ്ഞതാണ് പണിയായത്. പരാമര്‍ശത്തിനു പിന്നാലെ കടുത്ത പ്രതിഷേധം തന്നെയാണ് ഉയര്‍ന്നിരിക്കുന്നത്.
പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി സ്നാപ് ചാറ്റ് രംഗത്തെത്തി. സ്പീഗലിന്റെ വാക്കുകള്‍ തെറ്റായി പുറത്തുവിട്ടതാണെന്നാണ് സ്നാപ്പ് ചാറ്റ് പറയുന്നത്.
ഇന്ത്യയെയും സ്പെയിനിനെയും പോലുള്ള ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല സ്നാപ്പ് ചാറ്റ് ആപ്ലിക്കേഷന്‍ എന്നായിരുന്നു ഇവാന്‍ സ്പീഗലിന്റെ പരിഹാസം. സ്നാപ് ചാറ്റ് മുന്‍ ഉദ്യോഗസ്ഥനായ അന്റണി പോപ്ലിയാനോ എന്നയാളാണ് സ്പീഗല്‍ ഇന്ത്യക്കാരെ കളിയാക്കിയതിനെ കുറിച്ച് പറഞ്ഞത്.
മുന്‍ സ്നാപ്പ്ചാറ്റ് ഉദ്യോഗസ്ഥനായ പോപ്ലിയാനോ ഇപ്പോള്‍ ഫേസ്ബുക്കിലാണ് ജോലിനോക്കുന്നത്. പോപ്ലിയാനോ സ്പീഗലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെയാണ് സ്പീഗല്‍ ഇന്ത്യയെ അധിക്ഷേപിച്ച് സംസാരിച്ചതെന്നാണ് വിവരം. സ്നാപ്പ് ചാറ്റ് പണക്കാര്‍ക്ക് വേണ്ടിയുള്ളതാണെന്നും ഇന്ത്യയെയും സ്പെയിനിനെയും പോലുള്ള ദരിദ്ര രാഷ്ട്രങ്ങളിലേക്ക് സ്നാപ്പ് ചാറ്റ് വ്യാപിപ്പിക്കുന്നില്ലെന്നും സ്പീഗല്‍ പറഞ്ഞതായാണ് പോപ്ലിയാനോയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അമേരിക്കന്‍ കോടതിയില്‍ പോപ്ലിയാനോ പരാതിയും നല്‍കിയിരുന്നുവെന്നാണ് വിവരം.
വാര്‍ത്ത പുറത്തു വന്നതോടെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യക്കാര്‍ രംഗത്തെത്തി. വിവിധ സോഷ്യല്‍ മീഡിയകളിലാണ് പ്രതിഷേധ പ്രകടനം നടക്കുന്നത്. ട്വിറ്ററില്‍ ബോയ്കോട്ട് സ്നാപ്പ് ചാറ്റ് എന്ന ഹാഷ് ടാഗ് പ്രചരിക്കുന്നുണ്ട്. ഇതിനു പുറമെ പ്ലേസ്റ്റോര്‍ പേജിലും പ്രതിഷേധം അരങ്ങേറുകയാണ്. പ്രതിഷേധം അസഭ്യ വര്‍ഷത്തില്‍ വരെ എത്തിയിട്ടുണ്ട്.
ഫേസ്ബുക്കിലും ട്വിറ്ററിലും പ്രതിഷേധം നടത്തിയതിനു പുറമെ അണ്‍ഇന്‍സ്റ്റാള്‍ ചെയ്തും പ്രതിഷേധിക്കുന്നുണ്ട്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, ആപ്പിന് ഏറ്റവും ചെറിയ റേറ്റിങ് നല്‍കുക ഇങ്ങനെയാണ് പ്രതിഷേധം. പതിനാറര ലക്ഷത്തോളം ആളുകള്‍ മണിക്കൂറില്‍ ഇത്തരത്തില്‍ റേറ്റിങ് നല്‍കിയതോടെ 4.7 ഉണ്ടായിരുന്ന സ്നാപ്പ് ചാറ്റ് റേറ്റ് നാലിലെത്തിയിരിക്കുകയാണ്.
സ്പീഗലിനെ ട്രോളി കൊല്ലുന്നതില്‍ മലയാളികളും മുന്നിലുണ്ട്. സ്ഥിരമായ രീതിയില്‍ തന്നെയാണ് ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സലിംകുമാറിന്റെയും ഹരിശ്രീ അശോകന്റെയും പതിവ് ട്രോളുകള്‍ തന്നെ മലയാളികള്‍ ഇറക്കിയിട്ടുണ്ട്.
അതേസമയം പ്രതിഷേധം ശക്തമായതോടെ ഇത് നിഷേധിച്ച് സ്‌നാപ്പ് ചാറ്റ് രംഗത്തെത്തി. സ്പീഗലിന്റെ വാക്കുകള്‍ തെറ്റായി പുറത്തുവിട്ടതാണെന്നാണ് സ്‌നാപ്പ് ചാറ്റിന്റെ വിശദീകരണം. പോപ്ലിയാനോ പ്രശസ്തിക്ക് വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും സ്‌നാപ്പ് ചാറ്റ് ആരോപിക്കുന്നു.
Post Your Comments