ന്യൂഡല്‍ഹി: ശരിഅത്ത് പാലിക്കാതെ മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് സമുദായവിലക്ക് ഏര്‍പ്പെടുത്തുമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഇതുമായി ബന്ധപ്പെട്ട് ഒരു പെരുമാറ്റച്ചട്ടം നിര്‍മ്മിക്കുമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഭാരവാഹികള്‍ അറിയിച്ചു.
മുസ്ലിം വിഭാഗക്കാര്‍ക്കിടയിലെ വിവാഹമോചന രീതിയായ ‘മുത്തലാഖ്’ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയരുന്നതിനിടെയാണ് ബോര്‍ഡിന്റെ പുതിയ തീരുമാനം.
മുത്തലാഖിലൂടെ വിവാഹബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിതയായ ഗര്‍ഭിണിയായ മുസ്ലിം യുവതി നീതി തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചത് അടുത്തിടെയാണ്. മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുമാണ്. മെയ് 11 മുതല്‍ ഭരണഘടനാ ബെഞ്ച് പ്രശ്നത്തില്‍ വാദം കേള്‍ക്കും.
അയോധ്യക്കേസില്‍ സുപ്രീംകോടതി തീരുമാനം അംഗീകരിക്കുമെന്നും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി. അയോധ്യ ബാബറി മസ്ജിദ് ഭൂമി തര്‍ക്കം മതപരവും വികാരപരവുമാണെന്നും അതു ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ വീണ്ടും ശ്രമിക്കണമെന്നുമാണ് സുപ്രീംകോടതി നിര്‍ദ്ദേശം. കക്ഷികള്‍ പരസ്പരം വിട്ടുവീഴ്ചയ്ക്കു തയാറാവണമെന്നും ചര്‍ച്ചകള്‍ക്കു താന്‍ തന്നെ മധ്യസ്ഥനാവാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ വ്യക്തമാക്കിയിരുന്നു
Post Your Comments