തിരുവനന്തപുരം: എസ്ബിടി-എസ്ബിഐ ലയനത്തിന്റെ മറവില്‍ ഓണ്‍ലൈനിലൂടെ നടന്ന തട്ടിപ്പില്‍ തിരുവനന്തപുരം സ്വദേശിനിയുടെ പണം നഷ്ടപ്പെട്ടു. പുതിയ എടിഎം കാര്‍ഡ് നല്‍കാന്‍ ബാങ്കില്‍ നിന്ന് വിളിക്കുന്നു എന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയായ ഉള്ളൂര്‍ സ്വദേശിനിയാണ് കബളിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു
ഇന്ന് ഉച്ചക്ക് 12: 30ഓടെയാണ് ടെക്‌നോപാര്‍ക്ക് ജീവനക്കാരി സിബിനയുടെ ഫോണിലേക്ക് തട്ടിപ്പ് സന്ദേശം എത്തുന്നത്. എസ്ബിടി എസ്ബിഐയില്‍ ലയിച്ചതിനാല്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന എടിഎം ഉടന്‍ ബ്ലോക്ക് ആവും. അതിനാല്‍ പുതിയ കാര്‍ഡ് നല്‍കുന്നതിനായി ഇപ്പോള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന കാര്‍ഡിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. എസ്ബിഐയുടെ മുംബൈ ഓഫീസില്‍ നിന്നാണ് എന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
കാര്‍ഡ് നമ്പര്‍ പറഞ്ഞ് കൊടുത്തതിന് പിന്നാലെ രണ്ട് തവണകളിലായി 20,000 രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു. തട്ടിപ്പ് ആണെന്ന് ബോധ്യപ്പെട്ടതോടെ അക്കൗണ്ടില്‍ ബാക്കി ഉണ്ടായിരുന്ന പണം നെറ്റ് ബാങ്കിംഗ് വഴി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയെന്ന് സിബിന മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം നഗരത്തില്‍ ഇന്ന് നിരവധി എസ്ബിഐ ഉപഭോക്താക്കളുടെ ഫോണിലേക്ക് സമാനമായ തട്ടിപ്പ് സന്ദേശം എത്തിയതായി ബാങ്ക് അധികാരികള്‍ വ്യക്തമാക്കി. പാസ്വേര്‍ഡോ മറ്റ് വ്യക്തിഗത വിവരങ്ങളോ ചോദിച്ച് വരുന്ന കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം ഉണ്ടെങ്കിലും ഉപഭോക്താക്കള്‍ തട്ടിപ്പില്‍ വീഴുന്നതില്‍ എസ്ബിഐ ആശങ്ക രേഖപ്പെടുത്തി.
Post Your Comments