രാജ്കോട്ട്: ഹാട്രിക് വിക്കറ്റുകളും റണ്ണൊഴുക്കുകള്‍ക്കും വേദിയായ മത്സരത്തിനൊടുവില്‍ റെയ്സിങ് പുണെ സൂപ്പര്‍ജയന്റിനെതിരെ ഗുജറാത്ത് ലയണ്‍സിന് തകര്‍പ്പന്‍ വിജയം. ഏഴുവിക്കറ്റിനാണ് ഗുജറാത്ത് ലയണ്‍സ് പുണെയെ തോല്‍പ്പിച്ചത്. 170 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 18-ാം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയിക്കുകയായിരുന്നു.
ഡ്വെയിന്‍ സ്മിത്ത് – ബ്രണ്ടന്‍ മക്കല്ലം സഖ്യം തീര്‍ത്ത മികച്ച അടിത്തറയാണ് ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. 8.5 ഓവറില്‍ 94 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ജുജറാത്തിന്റെ അക്കൗണ്ടില്‍ കൂട്ടിച്ചേര്‍ത്തത്. 30 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സുമുള്‍പ്പെടെ 47 റണ്‍സ് നേടിയാണ് സ്മിത്ത് പുറത്തായത്. 32 പന്തില്‍ അഞ്ചു ബൗണ്ടറിയും മൂന്നു സിക്‌സുമുള്‍പ്പെടെ മക്കല്ലം 49 റണ്‍സെടുത്തു.
പിന്നാലെയെത്തിയ ദിശേശ് കാര്‍ത്തിക് പെട്ടന്നുതന്നെ പുറത്തായി. ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയും ആരോണ്‍ ഫിഞ്ചും ചേര്‍ന്നു നടത്തിയ പ്രകടനമാണ് ഗുജറാത്തിനെ വിജയതീരത്തെത്തിച്ചത്. റെയ്‌ന 22 പന്തില്‍ 35 റണ്‍സും ഫിഞ്ച് 19 പന്തില്‍ 33 റണ്‍സുമെടുത്തു. അവസാന ഓവറില്‍ ഹാട്രിക്ക് നേടി പുണെ ഇന്നിങ്‌സിനെ പിടിച്ചുകെട്ടിയ ഓസീസ് ബോളര്‍ ആന്‍ഡ്രൂ ടൈയുടെ പ്രകടനവും ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പുണെയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മികച്ച അവസരമുണ്ടായിട്ടും ധോനി എട്ടു പന്തില്‍ അഞ്ചു റണ്‍സെടുത്ത് രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.അവസാന ഓവറുകളില്‍ ആഞ്ഞടിക്കാമെന്ന് കരുതിയ പുണെയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ഹാട്രിക്കുമായി ആന്‍ഡ്രൂ ടൈ കളം നിറഞ്ഞത്.
അവസാന ഓവറിലെ ആദ്യ പന്തില്‍ അങ്കിത് ശര്‍മ്മയെ പുറത്താക്കിയ ടൈ അടുത്ത പന്തില്‍ മനോജ് തിവാരിയെയും മടക്കി അയച്ചു. പിന്നീട് ശ്രദ്ധുല്‍ ഠാക്കൂറിന്റെ ഊഴമായിരുന്നു. 20-ാം ഓവറില്‍ മൂന്നു വിക്കറ്റ് കളഞ്ഞ പുണെയ്ക്ക് നാല് റണ്‍സ് മാത്രമാണ് നേടാനായത്. ടൈ നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി.
Post Your Comments