![ADMIN-ARREST](/wp-content/uploads/2017/04/ADMIN-ARREST.jpg)
ജയ്പുർ: പെണ്മക്കൾക്ക് ഒന്നരക്കോടി രൂപ സ്ത്രീധനം നൽകിയ ചായക്കടക്കാരനെ പിടികൂടാനൊരുങ്ങി ആദായനികുതി വകുപ്പ്. രാജസ്ഥാനിലെ കോത്പുട്ലിക്കു സമീപം ഹദ്വാതാ സ്വദേശിയായ ലീല രാംഗുജ്ജര് ഇപ്പോള്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
ഈ മാസം നാലിനായിരുന്നു ഇയാളുടെ മക്കളുടെ വിവഹം. വിവാഹത്തിനിടെ നോട്ട് കെട്ടുകൾ കൂട്ടിയിട്ട് ഗ്രാമമുഖ്യൻമാരും സമുദായ നേതാക്കും നോക്കിനിൽക്കെ ഉച്ചത്തിൽ ഇയാള്‍ നോട്ടെണ്ണുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായി കഴിഞ്ഞിരുന്നു. നോട്ടുകൾ എണ്ണിയതിനുശേഷം വരൻമാരുടെ ബന്ധുക്കൾക്കു കെട്ടുകളായി കൈമാറുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതേ തുടർന്ന് ബുധനാഴ്ച ആദായനികുതി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച് വ്യക്തമായ രേഖകൾ നൽകാൻ ഇയാൾക്കു കഴിഞ്ഞില്ല.
ഇത് കൂടാതെ പ്രായപൂർത്തിയാകാത്തെ നാലു പെണ്മക്കളെ വിവാഹം ചെയ്തു നൽകിയതിനും ഗുജ്ജർക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്. വിവാഹക്ഷണക്കത്തിൽ രണ്ടു മക്കളുടെ വിവാഹമെന്നാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും ആറു പെണ്മക്കളുടെ വിവാഹമാണ് നടത്തിയത്. സംഭവം വിവാദമായതോടെ ഒളിവിൽപോയ ഗുജ്ജർക്കും കുടുംബത്തിനുംവേണ്ടി പോലീസ് തെരച്ചിൽ തുടരുന്നു.
Post Your Comments