ദില്ലി: സീതാറാം യെച്ചൂരി നടത്തിയ ഒത്തു തീർപ്പ് ശ്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിസ്സാരവൽക്കരിച്ചതിൽ കേന്ദ്ര നേതാക്കൾക്ക് അതൃപ്തി. മുഖ്യമന്ത്രിയിൽ വിശ്വാസമില്ലാത്ത സാഹചര്യത്തിലാണ് ബന്ധുക്കൾ കേന്ദ്ര നേതൃത്വത്തെ സമീപിച്ചതെന്നും മുതിർന്ന നേതാക്കൾ വിശദീകരിക്കുന്നു.
സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ ഇടിയുകയും ജനവികാരം എതിരാവുകയും ചെയ്ത ഒരു സംഭവം പരിഹരിക്കാൻ ഇടപെടാനായതിന്‍റെ ആശ്വാസത്തിലായിരുന്നു സിപിഎം കേന്ദ്ര നേതൃത്വം. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം മുതിർന്ന നേതാക്കളിൽ കടുത്ത അതൃപ്തിയാണുണ്ടാക്കിയിരിക്കുന്നത്. കേന്ദ്രനേതൃത്വം ഇടപെട്ടാൽ പ്രശ്നം തീരും എന്ന് അഭിഭാഷകൻ നല്കിയ സന്ദേശം ദില്ലിയിലുണ്ടായിരുന്ന പിബി അംഗങ്ങളുമായി സീതാറാം യെച്ചൂരി ചർച്ച ചെയ്തു.
പിണറായി വിജയനു പുറമെ കോടിയേരി ബാലകൃഷ്ണനുമായും ബന്ധപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിന്റെ ബന്ധുക്കളുമായി ഫോണിൽ സംസാരിക്കുകയും നടപടി ഉണ്ടാകുമെന്ന് ഉറപ്പു നല്കുകയും ചെയ്തത്. എന്നാൽ ഈ ഇടപെടൽ തള്ളിക്കളയുന്ന സമീപനം മുഖ്യമന്ത്രി സ്വീകരിച്ചു എന്ന അതൃപ്തിയാണ് ചില നേതാക്കൾ പ്രകടിപ്പിക്കുന്നത്.
സീതാറാം യെച്ചൂരി ഇടപെട്ടതിന് ഇന്നലെ പിണറായി വിജയൻ തന്നെ വിളിച്ച് സന്തോഷം അറിയിക്കുകയും തർക്കവിഷയമൊന്നുമില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനു ശേഷമാണ് ഈ പരസ്യപ്രതികരണം എന്നത് കേന്ദ്ര നേതൃത്വത്തെ അത്ഭുതപ്പെടുത്തി.
ജിഷ്ണുവിന്റെ ബന്ധു ശ്രീജിത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന വാർത്തയെക്കുറിച്ച് യെച്ചൂരി തന്നെ നേരിട്ട് കേരള നേതാക്കളിൽ നിന്ന് വിവരം തേടി. അന്തിമനടപടി എടുത്തിട്ടില്ല എന്ന മറുപടിയാണ് കിട്ടിയത്. നന്ദിഗ്രാമിന്റെ അനുഭവം മുന്നിലുള്ളതിനാൽ ഇത്തരം സംഭവങ്ങളിൽ ആരെതിർത്താലും തുടർന്നും ഇടപെടലുണ്ടാകും എന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം.
Post Your Comments