കോട്ടയം: കുമരകത്തു നിന്ന് കാണാതായ ദമ്പതികളെ ട്രെയിനില്‍ കണ്ടെന്ന നിര്‍ണായക വിവരം പോലീസിന് ലഭിച്ചു. കേസില്‍ ആദ്യമായാണ് ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം പോലീസിന് ലഭിക്കുന്നത്. കാണാതായ ഏപ്രില്‍ ആറിന് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ നിന്നും ദമ്പതികള്‍ ട്രെയിനില്‍ കയറിയെന്നും കോട്ടയം വരെ ഒരുമിച്ച് സഞ്ചരിച്ചുവെന്നും മലപ്പള്ളി സ്വദേശികളായ അധ്യാപക ദമ്പതികളില്‍ നിന്നും പോലീസിന് വിവരം ലഭിച്ചു.
ഒപ്പം യാത്ര ചെയ്യുന്നവര്‍ എന്ന നിലയ്ക്ക് ഇവരോടെ സംസാരിച്ചുവെന്നാണ് അധ്യാപക ദമ്പതികള്‍ പോലീസിനെ അറിയിച്ചത്. എവിടേയ്ക്കാണെന്ന് ചോദിച്ചപ്പോള്‍ കോട്ടയത്തിന് എന്ന് ആദ്യം മറുപടി നല്‍കി. കോട്ടയം സ്റ്റേഷന്‍ എത്തിയപ്പോള്‍ ഇറങ്ങുന്നില്ലേ എന്ന് തിരക്കി.
അപ്പോള്‍ കൊല്ലത്തിന് പോകുന്നു എന്ന മറുപടിയാണ് നല്‍കിയത്. പിന്നീട് പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടപ്പോഴാണ് പോലീസിനെ ഇക്കാര്യം മല്ലപ്പള്ളിയിലെ ദമ്പതികള്‍ അറിയിച്ചത്. മല്ലപ്പള്ളിയിലെ വീട്ടിലെത്തി പോലീസ് ഇവരില്‍നിന്നും മൊഴി ശേഖരിച്ചു.
ദമ്പതികളെ കണാതായ കേസ് അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള സ്‌പെഷല്‍ സ്‌ക്വാഡിനു പുറമെ രണ്ടു സംഘങ്ങളെക്കൂടി നിയോഗിച്ചിട്ടുണ്ട്. വ്യാപകമായി അന്വേഷണം നടത്തിയിട്ടും പോലീസിന് ഇതുവരെ ഇവരെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ വിവരമൊന്നും ലഭിച്ചിട്ടില്ല. ബന്ധുക്കള്‍ക്കും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ഏപ്രില്‍ ആറ് ഹര്‍ത്താല്‍ ദിനത്തില്‍ വൈകിട്ട് കാറില്‍ ഭക്ഷണം വാങ്ങാന്‍ പോയ അറുപറ പാലത്തിനു സമീപമുള്ള ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെയാണ് കാണാതായത്. വീടിനു സമീപം പലചരക്ക് കട നടത്തിയിരുന്ന ഹാഷീം ആഴ്ചകള്‍ക്കു മുന്പാണ് പുതിയ കാര്‍ വാങ്ങിയത്. ഈ വാഹനത്തിന് കെഎല്‍ അഞ്ച് എജെ 7183 എന്ന താത്കാലിക രജിസ്‌ട്രേഷന്‍ നമ്പരാണ് പതിപ്പിച്ചിരിക്കുന്നത്.
ദമ്പതികളെ കാണാതായ ദിവസം തന്നെ പരാതി ലഭിച്ചതിനാല്‍ പോലീസ് അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ വാഹനം സംബന്ധിച്ച വിവരം നല്‍കിയിരുന്നു. എന്നാല്‍ കേരളത്തിന്റെ ചെക്കുപോസ്റ്റ് കടന്ന് ഈ വാഹനം പോയിട്ടില്ലെന്ന ഉറപ്പിലാണ് പോലീസ്. അതിനാല്‍ ഇവര്‍ സംസ്ഥാനത്ത് തന്നെയുണ്ടെന്ന വിശ്വാസത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കോട്ടയം ജില്ലയിലെയും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. പോലീസ് ആദ്യം തീര്‍ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ദന്പതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആശുപത്രി, സ്‌കൂള്‍ തുടങ്ങിയ സ്ഥലങ്ങളിലെ പാര്‍ക്കിംഗ് ഏരിയകളിലും കാറിനായി വ്യാപക തെരച്ചില്‍ നടത്തി. തണ്ണീര്‍മുക്കം ബണ്ടിനടുത്തെങ്ങാനും ഇവര്‍ എത്തിയിരുന്നോ എന്നറിയുന്നതിന് സമീപവാസികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. കായലില്‍ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ദമ്പതികളുടെ മൊബൈല്‍ ഫോണുകളും എടിഎം കാര്‍ഡുകളും വീട്ടില്‍ തന്നെ സൂക്ഷിച്ചിട്ടുണ്ട്. അതിനാല്‍ ഇവര്‍ എടിഎം ഉപയോഗിക്കുമ്പോള്‍ സ്ഥലം കണ്ടെത്താമെന്ന പോലീസിന്റെ പ്രതീക്ഷയും അസ്തമിച്ചു. വീട്ടില്‍ പണം സൂക്ഷിക്കുന്നതു പോലെ തന്നെ ഹാഷീം കാറിലും പണം സൂക്ഷിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
ഹാഷീമും ഭാര്യ ഹബീബയും ഏറെനാള്‍ മാനസികരോഗപ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ ആറിനു രാത്രി ഒന്പതിന് ഹാഷിമിന്റെ മക്കളോടും പിതാവിനോടും കോട്ടയത്തുനിന്നു ഭക്ഷണം വാങ്ങി വരാമെന്ന് പറഞ്ഞ് വീട്ടില്‍നിന്നു കാറില്‍ പുറപ്പെട്ട ദമ്പതികളെ പിന്നീട് ആരും കണ്ടതായി ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല എന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്.
Post Your Comments