മൊബൈല്‍ ഫോണുകളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നിരവധി വാർത്തകളും മുന്നറിയിപ്പുകളും നാം വായിക്കാറുണ്ട്. 2012 ല്‍ ലോക ജനസംഖ്യയുടെ 27.6 ശതമാനം പേര്‍ മാത്രമാണ് മൊബൈല്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് അത് ഇരട്ടിയിലേറെയായിട്ടുണ്ട് . ഒരു ചുവരിന് അപ്പുറത്തുള്ള ആളുകളോടുപോലും മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ദൂരെയുള്ള വ്യക്തികളുമായി സംസാരിക്കാനോ വിവരങ്ങള്‍ കൈമാറുവാനോ ഉള്ള ഒരു ഉപകരണം എന്നതിലുപരി ഫോട്ടോയും വീഡിയോയും എടുക്കാനും, കണക്കുകൂട്ടുവാനും, പാട്ടുകേള്‍ക്കാനും സിനിമ കാണാനും വാര്‍ത്തകള്‍ അറിയാനുമൊക്കെയുള്ള മിനി കമ്പ്യൂട്ടറുകളായി മൊബൈല്‍ ഫോണുകള്‍ മാറികഴിഞ്ഞു.
മസ്തിഷ്കത്തിലെ കോശങ്ങള്‍ നശിക്കാന്‍ മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ കാരണമാകുന്നുവെന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ മൈക്രോവേവ് റേഡിയേഷന്‍ അവയുടെ തലച്ചോറിലെ ഡി.എന്‍.എ തന്മാത്രകളെ വിഭജിക്കുന്നതായി കണ്ടെത്തി. ഇത്തരത്തില്‍ ഡി.എന്‍.എ മനുഷ്യരില്‍ വിഭജിക്കപ്പെടുമ്പോൾ പാര്‍ക്കിന്‍സണ്‍, അല്‍ഷൈമേഴ്സ്, കാന്‍സര്‍ എന്നീ രോഗങ്ങളുണ്ടാകും. മൊബൈല്‍ ഫോണുകള്‍ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിക്കുന്നവർക്ക് ബീജക്കുറവ് വരാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. ദീര്‍ഘനാളായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ കോശങ്ങളിലെ ഡി.എന്‍.എയിലും ആര്‍.എന്‍.എയിലും ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ വ്യത്യാസം വരുത്തും.
രണ്ട് മണിക്കൂറോളം മൊബൈലിലുള്ള സംസാരം നീളുമ്പോള്‍ ചെവിയുമായി ചേര്‍ന്ന ഭാഗങ്ങളില്‍ ചൂട് കൂടിവരുന്നത് പോലുള്ള തോന്നലുണ്ടാകും. ഇതിനെതുടര്‍ന്ന് അസ്വസ്ഥത, തലവേദന, മന്ദത, ഉത്സാഹക്കുറവ് എന്നിവ അനുഭവപ്പെടും. അതേസമയം സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ദിവസം ശരാശരി രണ്ടു മുതൽ നാലു മണിക്കൂർ വരെ തലതാഴ്ത്തി ഇരിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ഇത് അവരുടെ ആരോഗ്യത്തെ ബാധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
Post Your Comments