News

ലോക്നാഥ് ബെഹ്‌റയുടെ പോലീസിന്റെ തലോടലും ഇന്നത്തെ സര്‍ക്കാരിന്റെ പത്രപരസ്യവും പാവം തോക്കു സ്വാമിയുടെ ജയില്‍യാത്രയും : ഷാജഹാനും ഷാജിര്‍ഖാനും ജാമ്യം നിഷേധിക്കപ്പെടേണ്ട തെറ്റ് ചെയ്തവരോ?

പ്രതികരണവേദി | പി.ആര്‍ രാജ്

പിണറായി സര്‍ക്കാര്‍ എന്തുമാത്രം പരാജയമാണ്? അധികാരത്തിലേറി ഒരുവര്‍ഷം പിന്നിടാന്‍ പോകുമ്പോള്‍ അക്ഷരാഭ്യാസമുള്ള ഓരോ മലയാളിയും പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. ആ പരാജയത്തിന്റെ ആഴം മനസിലാക്കണമെങ്കില്‍ ജിഷ്ണു കേസുമായി ബന്ധപ്പെട്ട് ഇന്നത്തെ പത്രങ്ങളില്‍ സര്‍ക്കാര്‍ തന്നെ നല്‍കിയ പരസ്യത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു കേസിന്റെ നിലവിലുള്ള അവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് പരസ്യം നല്‍കേണ്ടി വരുന്നത്. ഇതില്‍നിന്നു തന്നെ കേസ് അന്വേഷിക്കുന്ന കേരള പൊലീസിന്റെ ആര്‍ജവവും ഉത്തരവാദിത്തബോധവും അന്വേഷണ ചാതുര്യവും എത്രത്തോളമുണ്ടെന്നു ഈ നാട്ടിലെ ഓരോ പൗരനും ബോധ്യപ്പെട്ടിട്ടുണ്ടാകും. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറി അടുത്തമാസം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നാളിതുവരെ ഏറ്റവും കൂടുതല്‍ പഴി കേള്‍പ്പിച്ച വിഭാഗം പൊലീസ് തന്നെയാണ്. പ്രമാദമായ എല്ലാകേസുകളിലും പൊലീസിന് വീഴ്ച സംഭവിച്ചിരിക്കുന്നു. പല കേസുകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കേണ്ടി വരുന്നു. എല്ലാത്തിനും ഉപരി വീഴ്ച പറ്റി വീഴ്ച പറ്റി എന്ന് സര്‍ക്കാരിനും ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിനും ആവര്‍ത്തിക്കേണ്ടി വരുന്നു. പൊലീസിനെ നയിക്കുന്ന ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സാക്ഷാല്‍ പിണറായി വിജയനായിട്ടുകൂടി കാര്യങ്ങള്‍ ഒന്നും ശരിയാകുന്നില്ല. പൊലീസിനെ ശരിയായ ദിശയില്‍ നയിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല എന്ന ഇടതു അനുഭാവികളുടെ പോലും വിമര്‍ശനത്തെ ശരിവയ്ക്കുന്നതാണ് ഇന്നത്തെ പരസ്യം. വിവാദങ്ങളോട് പ്രതികരിക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ട് പരസ്യം നല്‍കുന്ന ഈ പുതിയ കീഴ്‌വഴക്കം തീര്‍ച്ചയായും കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴി തുറക്കുകയാണ്. ജിഷ്ണു കേസ് പ്രചാരണമെന്ത്? സത്യമെന്ത്? എന്ന തലക്കെട്ടില്‍ ജിഷ്ണു കൊല്ലപ്പെട്ട് നാലുമാസം കഴിയുമ്പോള്‍ നല്‍കിയ പരസ്യത്തിന്റെ പ്രസക്തി എന്താണെന്ന് കേരളം ചോദിച്ചുപോകുന്നു.

ഒരു കേസ്, അത് ഇത്രയും കോളിളക്കം സൃഷ്ടിച്ച് മുന്നേറുമ്പോള്‍ പ്രതികളെന്ന് ആരോപിക്കപ്പെട്ടവരുടെ മേല്‍ അടിയന്തിരമായി നടപടി സ്വീകരിക്കാതെ ഇത്രമേല്‍ വലിച്ചിഴച്ചുകൊണ്ടുപോകുന്നതിന് എന്ത് ന്യായം പറഞ്ഞാലാണ് വീഴ്ച മറച്ചുവയ്ക്കാന്‍ സാധിക്കുന്നതെന്ന് സ്വയം വിലയിരുത്തണം. ജിഷ്ണുകേസില്‍ കുടുംബത്തിന്റെ ആവശ്യമെല്ലാം അംഗീകരിച്ചു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സി.പി ഉദയഭാനുവിനെ നിയമിച്ചു. കിരണ്‍ നാരായണനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി. പ്രതികളുടെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതിയില്‍ തടയാന്‍ ശ്രമിച്ചു…. ഇതൊക്കെയാണ് സര്‍ക്കാര്‍ നിരത്തുന്ന ന്യായങ്ങള്‍. പക്ഷേ ഇതൊന്നുമല്ല വേണ്ടത്. കുറ്റവാളികള്‍ക്കെതിരേ നടപടിയാണ് ഉണ്ടാകേണ്ടത്. പ്രതിസ്ഥാനത്ത് പണമുള്ളവരും സ്വാധീനമുള്ളവരും മാത്രം ആയതിനാലാണ് ഇത്രയേറെ കേസ് നീണ്ടു പോകുന്നത് എന്ന് പച്ചവെള്ളം കുടിക്കുന്ന ആര്‍ക്കും മനസിലാകും. സ്വാധീനമില്ലാത്ത ഒരാളാണ് പ്രതിസ്ഥാനത്ത് ആരോപിക്കപ്പെട്ടിരുന്നെങ്കില്‍ അയാള്‍ പലകുറി റിമാന്‍ഡുകള്‍ക്ക് വിധിക്കപ്പെട്ട് ഇന്ന് ജയിലില്‍ കിടക്കുമായിരുന്നു.

ഇനി മറ്റൊരു സംഭവത്തിലേക്ക് വരാം. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ ബന്ധുക്കള്‍ സംസ്ഥാന പൊലീസ് മേധാവിയുടെ ആസ്ഥാനത്തിനു മുന്നില്‍ നടത്താനിരുന്ന സത്യഗ്രഹം തുടങ്ങാന്‍ പോകുന്നതിനിടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നല്ലോ. ഇവര്‍ ഡിജിപിയുടെ കാര്യാലയം ആക്രമിക്കാന്‍ ആസൂത്രിത നീക്കം നടത്തിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. അറസ്റ്റിലായ മൂന്നുപേരുടെ ക്രിമിനല്‍ പശ്ചാത്തലം എന്താണെന്ന് ചോദിച്ചാല്‍ പൊലീസിനും സി.പി.എമ്മിനും സര്‍ക്കാരിനും ഉത്തരം മുട്ടിപ്പോകും. അറസ്റ്റിലായ ഇവര്‍ക്ക് നാലഞ്ചുദിവസമായിട്ടും എന്തുകൊണ്ട് ജാമ്യം നിഷേധിക്കപ്പെട്ടു എന്നുചോദിച്ചാലും ആര്‍ക്കും മിണ്ടാട്ടമില്ല. മുന്‍ മുഖ്യമന്ത്രി വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാനാണ് തടവില്‍ കഴിയുന്ന പ്രമുഖന്‍. പൊതുവിഷയങ്ങളില്‍ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്ന ഷാജഹാനില്‍ എന്ത് ക്രിമിനല്‍ കുറ്റമാണ് പൊലീസ് കണ്ടെത്തിയത്. ഒരു സമരം ഉണ്ടാകുമ്പോള്‍ അതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരവേദിയില്‍ എത്തുക എന്നത് ജാമ്യം നിഷേധിക്കാന്‍ മാത്രം പര്യാപ്തമായ കുറ്റമാണോ? ഷാജഹാന്റെ അറസ്റ്റ് ഒരിക്കലും നീതീകരിക്കാനാകില്ല. അതുപോലെ തന്നെയാണ് എസ്.യു.സി.ഐ നേതാവും വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകനുമായ ഷാജര്‍ഖാന്റെയും അറസ്റ്റ്. തിരുവനന്തപുരം നഗരത്തില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ് ഷാജര്‍ഖാന്‍. ചില തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിയായും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. പലപ്പോഴും ഇടതുവലതു നേതാക്കള്‍ക്കൊപ്പം പല വേദികളും പങ്കിട്ടുണ്ട്. ഷാജര്‍ഖാന്‍ ക്രിമിനലാണെന്ന് തലസ്ഥാനത്ത് അദ്ദേഹത്തെ അറിയുന്ന ഒരാള്‍ പോലും പറയില്ല. അതോടൊപ്പം അറസ്റ്റിലായ മിനിയുടെ കാര്യവും സമാനമാണ്. പിടിക്കപ്പെട്ട മറ്റൊരാള്‍ തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയാണ്. ഡിജിപിയുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍കൂട്ടി അപ്പോയ്‌മെന്റ് എടുത്തശേഷമാണ് അന്നേദിവസം പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആസ്ഥാനത്ത് എത്തിയതെന്നാണ് ഭദ്രാനന്ദ കോടതിയില്‍ വ്യക്തമാക്കിയത്.

സാഹചര്യങ്ങളും വസ്തുതകളും ഇതായിരിക്കേ കേരള പൊലീസ് ആരുടെ നിര്‍ദേശാനുസരണം, ഏത് മാനദണ്ഡങ്ങള്‍ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ജനങ്ങള്‍ പരസ്പരം ചോദിക്കുകയാണ്. ആ പൊലീസിനെ നയിക്കുന്ന ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയന്‍, മുഖ്യമന്ത്രി എന്നനിലയില്‍ ഏറെ മെച്ചപ്പെടാനുണ്ട്. മൂന്നുടേമുകളായി സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ മികച്ച രീതിയില്‍ നയിച്ച പിണറായി മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയപ്പോള്‍ കേരളം ഏറെ പ്രതീക്ഷയോടെയാണ് ആ ഭരണത്തെ ഉറ്റുനോക്കിയത്. എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന തെരഞ്ഞെടുപ്പ് പ്രചാരണവാക്യത്തെ കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും അക്ഷരാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടിരുന്നു. എന്നാല്‍ എല്‍.ഡി.എഫ് വന്നു, ഒരുവര്‍ഷം കഴിഞ്ഞിട്ടും പലതും ശരിയായില്ല എന്നു മാത്രമല്ല, ശരിയായി ഇരുന്നതില്‍ ഒക്കെ ശരികേടും ഉണ്ടായി തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഇനിയെങ്കിലും സ്വയം തിരുത്തണം. കൂടുതല്‍ ഊര്‍ജസ്വലനാകണം. ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. ജനഹിതം തിരിച്ചറിഞ്ഞു പ്രതികരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button