ലഖ്‌നൗ: ഹിന്ദുത്വം ഒരു ജീവിതരീതിയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുപ്രീം കോടതി പോലും ഹിന്ദുത്വം ഒരു ജീവിതരീതിയാണെന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുന്നതില്‍ തെറ്റില്ല. ഹിന്ദു രാഷ്ട്രമെന്ന ആശയത്തിനെതിരെ ആളുകള്‍ എന്ത് പറയുന്നുവെന്ന് താന്‍ കാര്യമാക്കുന്നില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയം ത്യാഗം സഹിക്കുന്ന യോഗികള്‍ക്കുള്ളതാണ് ആര്‍ത്തിക്കാരായ ഭോഗികള്‍ക്കുള്ളതല്ല എന്നായിരുന്നു ഒരു സന്യാസിക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാമോ എന്ന ചോദ്യത്തിന് ആദിത്യനാഥിന്റെ മറുപടി. രാഷ്ട്രീയത്തില്‍ സന്യാസി പ്രവേശിക്കുന്നതില്‍ തെറ്റില്ല. പ്രധാനമന്ത്രി മോദി തന്നെ ഒരു സന്യാസിയാണ്. അധികാരത്തില്‍ വന്ന് മൂന്ന് വര്‍ഷത്തിന് ശേഷവും മോദിയുടെ ജനപ്രീതിയില്‍ കോട്ടം തട്ടിയിട്ടില്ല. മോദി രാജ്യത്തിന് വേണ്ടി ചെയ്യുന്ന ത്യാഗത്തിന് മുന്‍ മാതൃകകളില്ലെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
ആന്റി റോമിയോ സ്‌ക്വാഡ് ദമ്പതികളെ അപമാനിക്കില്ലെന്നും യു.പി സര്‍ക്കാര്‍ എല്ലാവര്‍ക്കും വേണ്ടി വിവേചനരഹിതമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കും. ഏതെങ്കിലും ജില്ലയില്‍ നിന്നും പട്ടിണി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ജില്ലാ മജിസ്‌ട്രേറ്റ് അതിന് ഉത്തരവാദിയായിരിക്കും. മരുന്ന് ലഭിക്കാതെ ആരെങ്കിലും മരിച്ചാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉത്തരവാദിയായിരിക്കുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
Post Your Comments