
ന്യൂഡൽഹി: ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്‌ഥാനത്തുനിന്നു മാറ്റുന്നത് ആലോചിക്കണമെന്നു സിപിഎം കേന്ദ്ര നേതൃത്വം. കേരള പോലീസിനെതിരെ തുടരെത്തുടരെ ആക്ഷേപങ്ങളുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. എന്നാൽ, പകരം നിയമിക്കാൻ ഓഫിസർമാരില്ലെന്ന മറുപടിയാണു സംസ്‌ഥാന ഘടകം നൽകിയതെന്നാണ് സൂചന.
പോലീസ് ജിഷ്‌ണു പ്രണോയിയുടെ അമ്മ മഹിജയുടെ പ്രതിഷേധത്തെ നേരിട്ട രീതി ഉചിതമായില്ലെന്നു കേന്ദ്ര നേതൃത്വം വിലയിരുത്തി. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ എന്നിവരുമായി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കഴിഞ്ഞ ദിവസത്തെ പ്രശ്‌നങ്ങളുടെ പശ്‌ചാത്തലത്തിൽ ചർച്ച നടത്തിയെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവത്തെക്കുറിച്ചു കോടിയേരിയോടു യച്ചൂരി കടുത്ത അതൃപ്‌തി വ്യക്‌തമാക്കിയെന്നാണു സൂചന.
ജനുവരി ആദ്യവാരം തിരുവനന്തപുരത്തു കേന്ദ്ര കമ്മിറ്റി ചേർന്നപ്പോഴും പോലീസിന്റെ രീതികളെക്കുറിച്ചു കേന്ദ്ര നേതൃത്വം അതൃപ്‌തി പ്രകടിപ്പിച്ചതും ഉചിതമായ തിരുത്തലുകൾ ഉടനെ വേണമെന്നു നിർദേശിച്ചതുമാണെന്നു നേതാക്കൾ സൂചിപ്പിച്ചു. തിരുത്തലുകൾ ഉണ്ടാവുമെന്ന നിലപാടു കോടിയേരി ഇന്നലെ ആവർത്തിച്ചു. വലിയ പ്രതീക്ഷകളോടെയാണ് എൽഡിഎഫിനെ ജനം അധികാരമേറ്റിയതെങ്കിലും സർക്കാരിന്റെ പ്രവർത്തനം അതിനൊത്ത രീതിയിലല്ലെന്ന വിലയിരുത്തലാണു കേന്ദ്രനേതാക്കളിൽ പലർക്കുമുള്ളത്.
Post Your Comments