തിരുവനന്തപുരം: ടിക്കറ്റെടുക്കാനെത്തിയ ഹൈക്കോടതി ജഡ്‌ജിയെ അപമാനിച്ചെന്ന ആരോപണത്തെത്തുടർന്ന് എറണാകുളം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി കണ്ടക്ടറെ സസ്‌പെൻഡ് ചെയ്തു. റിസർവേഷൻ കൗണ്ടറിന്റെ ചുമതലയുണ്ടായിരുന്ന കണ്ടക്ടർ കെ. സുരേഷ് കുമാറിനെയാണ് സസ്‍പെൻഡ് ചെയ്‌തത്.
ഗൺമാനെയും കൂട്ടി കഴിഞ്ഞ ശനിയാഴ്ച ജഡ്ജി ടിക്കറ്റെടുക്കാൻ എത്തിയപ്പോൾ ഇയാൾ കൗണ്ടറിൽ ഇല്ലായിരുന്നു. 15 മിനിറ്റ് കഴിഞ്ഞ് എത്തിയപ്പോൾ ചായ കുടിക്കാൻ പോയതാണെന്നായിരുന്നു അറിയിച്ചത്. ടിക്കറ്റ് വേണമെങ്കിൽ കാത്ത് നിൽക്കാനും പറഞ്ഞു. പിന്നീട് ടിക്കറ്റ് നൽകിയെങ്കിലും യാത്രക്കാരുടെ ചാർട്ടിലും ടിക്കറ്റിലും ജഡ്‌ജിയുടെ പേര് തെറ്റായിട്ടാണ് രേഖപ്പെടുത്തിയത്. ഇത് ചൂണ്ടിക്കാട്ടിയ ജഡ്ജിയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. ടിക്കറ്റിൽ പേര് മാറ്റണമെങ്കിൽ അപേക്ഷ നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ജഡ്‌ജി അപേക്ഷ നൽകിയപ്പോൾ ടിക്കറ്റിൽ സ്ഥലം തെറ്റായി അടിച്ചു. കൊല്ലത്തിന് പകരം തിരുവനന്തപുരം വരെയുള്ള ടിക്കറ്റാണ് നൽകിയത്. ഇത് അറിയിച്ചപ്പോൾ ഇപ്പോഴും ടിക്കറ്റ് തിരുത്താനാകില്ല എന്ന് കണ്ടക്ടർ അറിയിച്ചു. തുടർന്ന് തിരുവനന്തപുരം വരെയുള്ള പൈസ നൽകി ജഡ്ജി യാത്ര ചെയ്തു, ഈ സംഭവം കെ.എസ്.ആർ.ടി.സിയുടെ ഹൈക്കോടതിയിലെ അഭിഭാഷകൻ ഉന്നതോദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.
Post Your Comments