Latest NewsIndiaNews

കര്‍ണാടകയിലെ വലിയ ജനസ്വാധീനമുള്ള കോണ്‍ഗ്രസ് വനിത മുസ്ലിം നേതാവ് ബി.ജെ.പിയിലേയ്ക്ക്

ബെംഗലൂരു: മുത്തലാഖ് നിര്‍ത്തലാക്കണമെന്ന പ്രധാനമന്ത്രി മോദിയുടെ നിലപാടിനു പിന്തുണ പ്രഖ്യാപിച്ച് കര്‍ണാടകത്തിലെ മുതിര്‍ന്ന മുസ്ലിം വനിതാ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു. മുന്‍ മന്ത്രി കൂടിയായ നഫീസ് ഫസല്‍ ആണ് അപ്രതീക്ഷിതമായി പാര്‍ട്ടി അംഗത്വം രാജിവയ്ക്കാന്‍ തീരുമാനിച്ചത്. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ചുകൊടുത്തു. നഫീസ് വൈകാതെ ബിജെപിയില്‍ ചേരുമെന്നാണു റിപ്പോര്‍ട്ട്.

1978 മുതല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ് നഫീസ്. അടുത്തിടെ ബിജെപിയിലേക്കു കൂറുമാറിയ മുതിര്‍ന്ന നേതാവ് എസ്.എം. കൃഷ്ണയുടെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ അംഗമായിരുന്നു.
നഫീഫിന്റെ രാജി കര്‍ണാടക കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് ഇവര്‍.

മുത്തലാഖ് നിരോധിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടാണ് തന്നെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിച്ചതെന്നും നഫീസ് വ്യക്തമാക്കി. മുത്തലാഖ് മൂലമുള്ള ദുരന്തം വര്‍ഷങ്ങളായി മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്നു. ആദ്യമായിട്ടാണ് ഒരു പ്രധാനമന്ത്രി മുത്തലാഖിനെതിരേ പരസ്യമായി രംഗത്തുവരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി മുസ്ലിം സമുദായ സംരക്ഷകരെന്ന് അവകാശപ്പെടുമ്പോഴും ഒന്നും ചെയ്യുന്നില്ലെന്ന് നഫീസ് ആരോപിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയില്‍നിന്നു നേരിട്ട അവഗണനയും തന്നെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതായി നഫീസ് പറഞ്ഞു. പാര്‍ട്ടി അധ്യക്ഷയെ നേരിട്ടു കണ്ട് തന്റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സോണിയ ഗാന്ധി കൂടിക്കാഴ്ച അനുവദിച്ചില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തന്നെ അവഗണിച്ചതായി നഫീസ് പറഞ്ഞു.

നിര്‍ധന രോഗികള്‍ക്കായി ചെയ്ത സേവനങ്ങള്‍ കണക്കിലെടുത്ത് തന്നെ സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സിലേക്ക് നാമനിര്‍ദ്ദേശം ചെയ്യണമെന്ന് കഴിഞ്ഞ വര്‍ഷം നഫീസ് രാഹുലിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഇതിനോട് ദേഷ്യത്തോടെയാണു പ്രതികരിച്ചതെന്ന് നഫീസ് വ്യക്തമാക്കി.
മുത്തലാഖിനെതിരായ തന്റെ നിലപാട് വ്യക്തമാക്കികൊണ്ടാണ് നഫീസ് കോണ്‍ഗ്രസിനോടു വിടപറയുന്നത്. ഏതെങ്കിലും മുല്ലയ്ക്കും മൗലാനയ്ക്കും ഫത്വവ ഇറക്കാനുള്ള അധികാരം ഇസ്ലാം നല്കുന്നില്ലെന്നും നഫീസ് വിശദീകരിക്കുന്നു. ഇന്ത്യയിലെ മുസ്ലിം പുരോഹിതന്മാര്‍ വര്‍ഷങ്ങളായി ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഫത്വവകള്‍ പുറപ്പെടുവിക്കുന്നു.

തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം മുസ്ലിം പുരുഷന്മാരില്‍നിന്ന് നേരിടേണ്ടിവന്ന തിക്താനുഭവങ്ങളും നഫീസ് വെളിപ്പെടുത്തി. ഒരു വനിത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മുസ്ലിം പുരുഷന്മാര്‍ക്ക് ഇഷ്ടമല്ല. ഇക്കാര്യത്തില്‍ കടുത്ത വിമര്‍ശനങ്ങളാണ് തനിക്കു നേരിടേണ്ടിവന്നത്. മുസ്ലിം സ്ത്രീകള്‍ പരസ്യമായി രംഗത്തുവന്ന് തങ്ങളുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button