തിരുവനന്തപുരം: ഡിജിപി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നേര്‍ക്കുണ്ടായ പോലീസിന്റെ പെരുമാറ്റം ക്രൂരമായിപ്പോയെന്ന് എംഎല്‍എ ഒ രാജഗോപാല്‍.
സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് എസിപിയുടെയും മറ്റു പോലീസുകാരുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നതിനിടയില്‍ ഇവരോട് സംസാരിച്ചത് വളരെ മോശം ഭാഷയിലാണ്. സ്ത്രീകള്‍ക്കെതിരായി വലിയ അതിക്രമമാണ് നടന്നത്.
കുറ്റവാളികളെ കൊണ്ടുപോകുന്നതുപോലെ പോലീസ് വാഹനത്തില്‍ കൊണ്ടുപോകുകയാണ് ചെയ്തത്. ഈ രീതിയില്‍ അവഹേളനപരമായി പെരുമാറുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇടതുപക്ഷത്തിന്റെ കൂടെ നിന്നവരാണ് ജിഷ്ണുവിന്റെ കുടുംബമെന്നും അവര്‍ക്കാണ് ഡിജിപിയെ കാണാന്‍ അവസരം നല്‍കാതെ പോലീസ് ആക്രമണത്തിന് ഇരയാകേണ്ടിവന്നതെന്നും രാജഗോപാല്‍ പറഞ്ഞു.
പഴയ സഖാക്കള്‍ക്കുവേണ്ടിയല്ലെന്നും പുത്തന്‍ പണക്കാരെ സംരക്ഷിക്കാന്‍വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും രാജഗോപാല്‍ കുറ്റപ്പെടുത്തി. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരായ നടപടികള്‍ നിര്‍ത്തിവെച്ച് അവരെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കണമെന്നും ഒ രാജഗോപാല്‍ ആവശ്യപ്പെട്ടു.
Post Your Comments