തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റുനോക്കിയ മണ്ഡലമായിരുന്നു നേമം. കേരളത്തിലാദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്ന മണ്ഡലം. അതുകൊണ്ടുതന്നെ ഇത്തവണ നേമം ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്തിരുന്നു. കേരളത്തിലെ ഗുജറാത്ത് എന്നായിരുന്നു നേമം മണ്ഡലത്തെ ബിജെപി നേതാക്കള്‍ വിശേഷിപ്പിച്ചിരുന്നത്. അത്രയ്ക്ക് വിശ്വാസമായിരുന്നു മണ്ഡലം ഒപ്പം നില്‍ക്കുമെന്നത്. കെ മുരളീധരനും വി ശിവന്‍കുട്ടിയും എതിരാളികളായി കളം നിറഞ്ഞപ്പോഴും ബിജെപി വിശ്വാസം കൈവിട്ടിരുന്നില്ല.
Read Also : വിശ്വാസികളുടെ വികാരം വൃണപ്പെടുത്തി തുടർഭരണം ആഘോഷിക്കൽ; സി.പി.എം പ്രവർത്തകയ്‌ക്കെതിരെ പ്രതിഷേധം ശക്തം
എന്നാല്‍ വോട്ടെടുപ്പ് ദിനത്തില്‍ പോലും സിറ്റിംഗ് എംഎല്‍എ ഒ.രാജഗോപാലിന്റെ നാവില്‍ നിന്നും വന്ന ചില വാക്കുകള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. നേമത്ത് ഒരു തവണ എംഎല്‍എയായിട്ടുണ്ടെന്നും വേറെ ബന്ധമൊന്നുമില്ലെന്നുമായിരുന്നു ഒ. രാജഗോപാലിന്റെ പ്രതികരണം. നേമത്തെ തിരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന ചോദ്യത്തിനായിരുന്നു രാജഗോപാലിന്റെ മറുപടി. രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്ന സാഹചര്യത്തില്‍ മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായും മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ ഈ വാക്കുകള്‍ അടക്കം സിറ്റിംഗ് എംഎല്‍എ ഒ.രാജഗോപാലിന്റെ നിലപാടുകള്‍ ഏക സീറ്റായ നേമം ബിജെപിക്കു നഷ്ടമാക്കിയതിനു കാരണമായെന്നാണ് നിലവിലെ വിലയിരുത്തല്‍.
അധികാരത്തിന്റെ അവസാന നാളുകളില്‍ പാര്‍ട്ടിയെ പ്രസ്താവനകളിലൂടെ പ്രതിരോധത്തിലാക്കുന്ന നടപടികളാണ് ഒ.രാജഗോപാലിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. പാര്‍ട്ടി നിലപാടുകളില്‍നിന്ന് വ്യത്യസ്ത സമീപനം നിയമസഭയില്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് പരസ്യ പ്രസ്താവനകള്‍ പാര്‍ട്ടി വിലക്കിയിരുന്നു. എന്നാല്‍ സഭയ്ക്കു പുറത്ത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകള്‍ അദ്ദേഹം തുടര്‍ന്നു.
തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പാണ് കുമ്മനം തന്റെ പിന്‍ഗാമിയാണെന്നു പറയാന്‍ കഴിയില്ലെന്നു ഒ.രാജഗോപാല്‍ മാദ്ധ്യമങ്ങളില്‍ പ്രതികരിച്ചത്. പാര്‍ട്ടി വോട്ടുകള്‍ക്ക് അപ്പുറമുള്ള നിഷ്പക്ഷ വോട്ടുകള്‍ കുമ്മനത്തിനു ലഭിക്കുമോയെന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നു മറുപടി. കുമ്മനം അനുഗ്രഹം തേടാനെത്തിയപ്പോഴായിരുന്നു കെ.മുരളീധരന്‍ പാരമ്പര്യമുള്ള ശക്തനായ നേതാവാണെന്നു രാജഗോപാല്‍ പറഞ്ഞത്. കടുത്ത മത്സരത്തിനിടെ കുമ്മനത്തിനു സ്വന്തം നേതാവിന്റെ പ്രസ്താവനകളെ പ്രതിരോധിക്കേണ്ട അവസ്ഥ വന്നു.
കൂടാതെ നേമത്ത് കെ.മുരളീധരന്റെ വാഹനത്തിന് നേരേ കല്ലെറിഞ്ഞത് സംബന്ധിച്ച ചോദ്യത്തിന് അത് ശരിയായ ഏര്‍പ്പാടല്ലെന്നായിരുന്നു രാജഗോപാലിന്റെ മറുപടി. ആക്രമണം നടത്തിയത് ബിജെപി പ്രവര്‍ത്തകരാണെന്ന് അവര്‍ പറയുന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു.
പരാജയഭീതി കൊണ്ടാണ് ബിജെപി ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്ന് മുരളീധരന്‍ ആരോപിച്ചല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രി നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ രാജഗോപാല്‍ പലതവണ പ്രകീര്‍ത്തിച്ചതും വിവാദമായി. താന്‍ പ്രതിപക്ഷത്താണെങ്കിലും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ കണ്ണടച്ച് എതിര്‍ക്കുന്ന രീതിയില്ലെന്നും നല്ലത് ചെയ്താല്‍ അംഗീകരിക്കുമെന്നുമായിരുന്നു രാജഗോപാലിതന്റെ പ്രതികരണം. ഇത്തരം പ്രസ്താവനകള്‍ക്കൊപ്പം നായര്‍ വോട്ടുകള്‍ ഭിന്നിച്ചതും ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചതും എല്‍.ഡി.എഫിനെ വിജയത്തിലേക്കു നയിച്ചുവെന്നാണ് വിലയിരുത്തല്‍.
Post Your Comments