ജ്യോതിർമയി ശങ്കരൻ
കന്യാകുമാരി.ഇന്ത്യയുടെ തെക്കൻ മുനമ്പ്. കേപ് കേമറിൻ എന്നപേരിലും അറിയപ്പെട്ടിരുന്ന സ്ഥലം. പശ്ചിമ-പൂർവ്വ ഘട്ടങ്ങളുടെ സംഗമഭൂമി. കന്യാകുമാരിയിലെ വാവത്തുറയിലെ വിവേകാനന്ദ സ്മാരകത്തിൽ മുൻപു പോയിട്ടുള്ളതാണ്. അന്നത്ത പൊന്നിൽക്കുളിച്ച സൂര്യാസ്തമയവും പിറ്റേന്നത്തെ കണ്ണഞ്ചിയ്ക്കുന്ന സൂര്യോദയവും കാണാൻ കഴിഞ്ഞു. തൊട്ടടുത്തു തന്നെയുള്ള ഒരു ഹോട്ടലിൽ മുറി ബുക്കു ചെയ്തിരുന്നതിനാൽ അവിടെ വരാന്തയിൽ നിന്നു തന്നെ കാണാവുന്ന നയനമനോഹരമായ ദൃശ്യം ഇപ്പോഴും മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല. ഇത്തവണ അതു കിട്ടില്ല എന്നോർത്തപ്പോൾ ഒരിത്തിരി സങ്കടം തോന്നാതിരുന്നില്ല.. ഇവിടെയുള്ള പാറയുടെ മുകളിൽ ഇരുന്നു വിവേകാനന്ദൻ തപം ചെയ്തിട്ടുണ്ട്.ആ ഓർമ്മയ്ക്കായി 1970 ലാണു കടലിൽ അഞ്ഞൂറു മീറ്ററിലേറെ ഉള്ളിലായുള്ള രണ്ടു കൂറ്റൻ പാറകൾക്കു മീതെയായി ഇവിടെ വിവേകാനന്ദസ്മാരകം പണികഴിപ്പിച്ചത്.വിശാലമായ ആറേക്കർ സ്ഥലത്ത് 17 മീറ്റർ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്.ദേവി കന്യാകുമാരി ഒറ്റക്കാലിൽ നിന്നു തപസ്സു ചെയ്ത സ്ഥലവും ഇവിടെത്തന്നെ. കന്യാകുമാരി ശരിയ്ക്കും പാർവതിയാണെന്നാണു സങ്കൽപ്പം. ശിവനുമായുള്ള വിവാഹത്തിനായി ഒരുങ്ങി നിൽക്കുന്ന ദേവി. നടക്കാതെ പോയ വിവാഹം.. പാകം ചെയ്യാത്ത ധാന്യമണികൾ അതേ രൂപത്തിൽ മണൽത്തരികളായി മാറിയെന്ന കഥ. സങ്കൽപ്പത്തിലെ വിചാരധാരകൾക്കു ഭക്തിയുടെ നിറം പകരുമ്പോൾ“ അമ്മേ !ദേവീ !“എന്നു വിളിയ്ക്കാതിരിയ്ക്കാനാവില്ല. വിവേകാനന്ദ മണ്ഡപവും ശ്രീപാദ മണ്ഡപവും ഒരേപോലെ സന്ദർശകരെ ആകർഷിയ്ക്കുന്നു.
കാറിറങ്ങി ദേവീക്ഷേത്ര തിരുനടയിലൂടെ മുന്നോട്ടു നടന്ന് വന്നപ്പോൾ അകലെ വിവേകാനന്ദപ്പാറ തലയുയർത്തി നിൽക്കുന്നതു കാണാനായി. സന്ദർശക സമയം കഴിഞ്ഞിരിയ്ക്കുന്നതിനാൽ ഇപ്പുറം നിന്നു പല ഭാഗത്തു നിന്നുമായി ആ സ്മാരകത്തെ നോക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. ഓർമ്മ വന്നതു ഇപ്പോൾ ഞാൻ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ഖണ്ഡശഃയായി വായിച്ചുകൊണ്ടിരിയ്ക്കുന്ന എം.പി. വീരേന്ദ്രകുമാറിന്റെ സ്വാമി വിവേകാനന്ദൻ എന്ന പരമ്പരയാണ്.. ഇപ്പോൾ ചൊവ്വാഴ്ച്ചകളിൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് കയ്യിൽക്കിട്ടിയാലുടൻ വായിക്കുന്നത് ഈ പരമ്പരയാണ്. സ്വാമി വിവേകാനന്ദനെക്കുറിച്ച് ഇത്രയും ഓർക്കുന്ന, വായിക്കുന്ന സമയങ്ങളിൽത്തന്നെ വിവേകാനന്ദകേന്ദ്രവും, വിവേകാനന്ദപ്പാറയും കാണാനായത് ഒരു അത്ഭുതമായിത്തന്നെ എനിയ്ക്കനുഭവപ്പെട്ടു, അതും തികച്ചും യാദൃശ്ചികമായിത്തന്നെ. തൊട്ടടുത്തായുള്ള തിരുവള്ളുവർ പ്രതിമയും ഈ സ്ഥലത്തിന്റെ മനോഹാരിതയ്ക്കു പൊട്ടുകുത്തുന്നതുപോലെ കാണപ്പെട്ടു. 95 അടിയോളം ഉയരമുള്ള ഈ പ്രതിമ സ്ഥിതിചെയ്യുന്നത് പാറയ്ക്കു മുകളിലായുള്ള 38 അടി ഉയരമുള്ള ഒരു പീഠത്തിന്മേലാണ്.തിരുക്കുറളെന്ന തമിഴ് ഇതിഹാസ തഥ്വഗ്രന്ഥ രചയിതാവിനെ അൽപ്പനേരം നോക്കി നിന്നു. പ്രതീകാത്മകതയും കലാവൈദഗ്ദ്ധ്യവും ഒത്തുചേർന്നൊരു ശിൽപ്പം. പറയി പെറ്റ പന്തിരുകുലത്തിലെ വള്ളുവനാണീ വള്ളുവരെന്നും മറ്റൊരു വാദമുണ്ട്.
കുറെ നേരമായി പിടിവിടാതെ കൂടെക്കൂടിയിരുന്നൊരു ഫോട്ടോഗ്രാഫറുടെ, ഈ ബാക്ഗ്രൌണ്ടിലൊരു ഫോട്ടോ എടുക്കാനുള്ള അപേക്ഷ നിരസിയ്ക്കാനായില്ല. ഈ മനോഹരമായ യാത്രയുടെ ഓർമ്മയ്ക്കായി ഞങ്ങൾ ഏഴുപേരും പ്രീതയ്‌ക്കൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ തിരിച്ചു പോകുമ്പോൾ തൊട്ടടുത്തു തന്നെയുള്ള സ്റ്റുഡിയോവിൽ നിന്നും വാങ്ങാൻ കഴിയുമല്ലോ.
ത്രിവേണീ സംഗമം
മൂന്നു കടലുകളുടെ സംഗമസ്ഥാനമാണിവിടം ,അവിടേയ്ക്കാണ് പ്രീത ഞങ്ങളെ പിന്നീടു നയിച്ചത്. മാത്രമല്ല, കടലിലിറങ്ങി ആ വെള്ളം കൈക്കുളളിലെടുത്ത് തലവഴി ഒഴിയ്ക്കാനും കഴിഞ്ഞു. ഇന്ത്യൻ മഹാസമുദ്രവും, അറബിക്കടലും ബംഗാൾ ഉൾക്കടലും ഒന്നിച്ചു ചേരുന്നയിടം. പിതൃമോക്ഷപുണ്യങ്ങൾക്കായി പലരും ബലിയിടുന്ന ഇടം കൂടിയാണിത്. മൂന്നു കടലുകളും ഒത്തു ചേരുന്ന ഇടം കണ്ടപ്പോൾ അത്ഭുതം തോന്നി. സൂക്ഷിച്ചു നോക്കുന്നവർക്ക് മൂന്നുജലത്തിനുമുള്ള നിറമാറ്റം കാണാൻ കഴിയും.അവയിലെ മണൽത്തരികൾക്കും അതുപോലെ പ്രത്യേകതയുണ്ടെന്നറിഞ്ഞു. കുറച്ചു നേരം വെള്ളത്തിലിറങ്ങി നിന്നപ്പോൾ തിരകളെത്തി കാലടികളെ ചുംബിച്ച് കാൽച്ചുവട്ടിൽ നിന്നും മൺ തരികളെയുമിളക്കി ഒഴുക്കി തിരിച്ചുപോയപ്പോൾ മഹാകവി വള്ള ത്തോളിന്റെ വരികൾ വീണ്ടും ഓർമ്മയിലെത്തി.
“ആഴിവീചികളനുവേലം വെൺ നുരകളാൽ-
ത്തോഴികൾ പോലെ, തവ ചാരു തൃപ്പാദങ്ങളിൽ
തൂവെള്ളിച്ചിലമ്പുകളിടുവിയ്ക്കുന്നു;തൃപ്തി
കൈവരാഞ്ഞഴിയ്ക്കുന്നു! പിന്നെയും തുടരുന്നു.“
വന്ദിപ്പിൻ മാതാവിനെ! വന്ദിപ്പിൻ മാതാവിനെ!….ഞാൻ ശരിയ്ക്കും വന്ദിയ്ക്കുന്നല്ലോ!
കന്യാകുമാരി ബീച്ച്
ബീച്ചിലേയ്ക്കു പോകുന്നവഴിയിലാണ് ബേ വാച്ച് വാക്സ് മ്യൂസിയം .ഒരു ബന്ധുവിന്റേതാണിതെന്നതിനാൽ മുൻപ് വിസ്തരിച്ചു കണ്ടിട്ടുള്ളതാണ്. അവിടത്തെ വാട്ടർ പാർക്കും,ശരിയ്ക്കും ജീവനുണ്ടെന്നു തോന്നും വിധമുള്ള മെഴുകു പ്രതിമകളും ഇപ്പോളും മനസ്സിൽ മായാതെ നിൽക്കുന്നു. പ്രസിദ്ധരും മണ്മറഞ്ഞവരും അല്ലാത്തവരുമായ ഒട്ടനവധി പ്രതിഭകളെ മെഴുകിനാൽ പുനർസൃഷ്ടിയ്ക്കാൻ കഴിഞ്ഞ കരചാരുതയെ നമിയ്ക്കാതിരിയ്ക്കാനാവില്ല. ഒന്നു കൂടി പോകാൻ മോഹമുണ്ടെങ്കിലും ഇപ്പോൾ അസ്തമനം കാണാൻ ബീച്ചിൽ പോകാനാണു തീരുമാനിച്ചത്. ഇനിയൊരു വരവിൽ വാക്സ് മ്യൂസിയം ഒന്നു കൂടി കാണണം, മനസ്സിലോർത്തു.
കാർ നിർത്തി ബീച്ചിലേയ്ക്കിറങ്ങുമ്പോൾ എല്ലായിടത്തും വളർന്നു പടർന്ന എരകപ്പുല്ലെന്ന മുൾച്ചെടികൾ “ ഞങ്ങളെ സൂക്ഷിച്ചോളൂ” എന്നു വിളിച്ചു പറയുന്നതുപോലെ തോന്നി. വളരെ മൂർച്ചയുള്ള ഇവയുടെ ഇലകൾ തട്ടിയാൽ കാൽ മുറിയും തീർച്ച. ശ്രദ്ധിയ്ക്കാതെങ്ങനെ? ശ്രീകൃഷ്ണപുത്രനായ സാംബന്റെ വയറ്റിൽ നിന്നും മുനിമാരുടെ ശാപഫലമായി പുറത്തു വന്ന ഇരുമ്പുലക്ക രാകിച്ചീകി കടലിലൊഴുക്കിയിട്ടും തിരകളിലൂടെ തിരിച്ചെത്തി ഈ പുല്ലുകളുടെ രൂപത്തിൽ വളർന്നപ്പോൾ അവകൊണ്ട് പരസ്പ്പരം അടിച്ചടിച്ചു കൊന്ന യാദവർ കുലം മുടിച്ചത് ഇവിടെയാണെന്നല്ലേ പറയുന്നത്? ആ ഇരുമ്പുലക്കയുടെ പൊടികളാണത്രേ ഈ ചെടികൾ. പ്രീതയുടെ ഓർമ്മപ്പെടുത്തലിൽ യാദവരും കൃഷ്ണനും മഹാഭാരതവും ഓർമ്മയിലൂടെ മിന്നിമറഞ്ഞു. മരിക്കാനും പരസ്പ്പരം കൊല്ലാനും ഈ ചെടികൾ വളരുന്ന ഇടത്തേയ്ക്കു തന്നെ യാദവർ ആകൃഷ്ടരായതെന്തേ? യാദവ വംശം മുടിയേണ്ട കാലം സമാഗതമായിക്കഴിഞ്ഞിരുന്നതിനാലാകാം. കഥയിലെ സംഭവങ്ങൾക്ക് നിറം കൊടുക്കാൻ നാമെന്നും ഉത്സുകരായിരുന്നല്ലോ?
മൂടിക്കെട്ടിയ ആകാശം നല്ലൊരു സൂര്യാസ്തമയത്തെ മറച്ചപ്പോൾ ഇത്തിരി ദു:ഖം തോന്നാതിരുന്നില്ല. അൽപ്പം മൂടിക്കെട്ടിയ മനസ്സുമായി തിരിച്ചു പോരുമ്പോൾ മനസ്സിൽ ദേവി കന്യാകുമാരിയ്ക്കു പകരം സ്ഥിതിചെയ്തിരുന്നത് യാദവരും കൃഷ്ണനും മഹാഭാരതവുമൊക്കെത്തന്നെയായിരുന്നതിൽ അത്ഭുതം തോന്നിയില്ല. കൃഷ്ണൻ എന്നും നമുക്കുള്ളിൽത്തന്നെയിരിയ്ക്കുന്നല്ലോ.
Post Your Comments