Latest NewsTravel

വിശാലമായ മണല്‍പ്പരപ്പ്, കുളിരുള്ള പുഴവെള്ളം, പച്ചപ്പുകളുടെ വനക്കാഴ്ച്ച പോകാം ആനക്കയത്തിലേക്ക് ഒരു അവധിദിനയാത്ര

പ്രകൃതി സ്‌നേഹികള്‍ക്ക് ഏറെ ഇണങ്ങുന്ന ഒട്ടേറെ പ്രദേശങ്ങള്‍ കൊണ്ട് സമ്പന്നമാണ് കോതമംഗലം. ഭൂതത്താന്‍ കെട്ടും തട്ടേക്കാടും കുട്ടമ്പുഴയുമെല്ലാം സഞ്ചാരികളെ സ്വാഗതം ചെയ്യുന്നവയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് ശേഷം അധികമാരും ശ്രദ്ധിക്കാതെ കിടന്ന ഒരു പുഴയോരം മണല്‍പ്പരപ്പിന്റെ ധാരാളിത്വം കൊണ്ടും പ്രകൃതിഭംഗികൊണ്ട് സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാകുകയാണ്. കുട്ടമ്പുഴ പഞ്ചായത്തിലെ ആനക്കയമാണ് പ്രകൃതി സഞ്ചാരികള്‍ക്ക് കണ്ണിനും മനസിനും ഹൃദ്യമായ കാഴ്ചയൊരുക്കുന്നത്.

പൂയംകൂട്ടി ഇടമലയാര്‍ പുഴകളുടെ സംഗമസ്ഥാനമാണ് ആനക്കയം. മുന്‍ കാലങ്ങളില്‍ കാട്ടാനകള്‍ കൂട്ടത്തോടെ നീരാട്ട് നടത്തുന്നത് ഇവിടെയായിരുന്നു. കൊമ്പനും പിടിയും കുട്ടികളുമടങ്ങുന്ന കാട്ടാനക്കൂട്ടം മണിക്കൂറുകളോളം പുഴയില്‍ തിമര്‍ത്താടിയായിരുന്നു മടങ്ങിയിരുന്നത്. ആനകള്‍ കൂട്ടത്തോടെവന്നുപോകുന്ന പുഴയോരമായതിനാലാണ് ആനക്കയം എന്ന് നാട്ടുകാര്‍ ഇതിന് പേരിട്ടത്. ഇപ്പോഴും വേനല്‍ക്കാലത്ത് ആനകള്‍ ഇവിടെ നീരാട്ട് നടത്താന്‍ എത്തുന്നുണ്ട്.

Anakkayam 1

പുഴകളും വനവും സംഗമിക്കുന്ന ആനക്കയം പുല്‍മേടുകള്‍ കൊണ്ടും സമ്പന്നമാണ്.ഭുതത്താന്‍കെട്ട് അണക്കെട്ടില്‍ വെള്ളം തുറന്നു വിടുന്ന സീസണില്‍ ഇവിടെ പുഴയിലെ പുല്‍മേടുകളിലിരുന്ന് പ്രകൃതി ഭംഗി ആസ്വദിക്കാനാകും. ഈ ഭാഗത്തെ ദൃശ്യവിസ്മയം കേട്ടറിഞ്ഞ് കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. പുഴയോരത്തെ വൃക്ഷങ്ങളില്‍ ചാഞ്ഞിരുന്ന് ശാന്തമായ പുഴയും അക്കരെയുള്ള പച്ചപ്പും കണ്ട് വെടി പറഞ്ഞിരിക്കാന്‍ യുവാക്കളടങ്ങുന്ന സംഘവും ഇവിടെ ധാരാളമായെത്തുന്നുണ്ട്. വേനല്‍ച്ചൂടില്‍ പുഴവെള്ളത്തില്‍ മതിമറന്ന് കുളിയുമാകാം. ഒപ്പം പുഴയിലൂടെ സഞ്ചരിച്ച് കാനനഭംഗി ആസ്വദിക്കാനായി ബോട്ടിംഗ് സൗകര്യവും ഇവിടെയുണ്ട്.

നഗരത്തിരക്കും ഓഫീസ് തിരക്കും മൂലം ഭ്രാന്ത് പിടിക്കുന്നു എന്ന് തോന്നുന്നവര്‍ക്ക് വണ്ടിയുമെടുത്ത് നേരെ പോരാം അനക്കയം കാണാന്‍. ഈ തീരത്തിരുന്ന് വിശ്രമിച്ച് ഭക്ഷണവും കുളിയുമൊക്കെ കഴിഞ്ഞ് തിരിച്ചുപോകാം. വേനല്‍ക്കാലമാണ് യാത്രക്ക് പറ്റിയ സമയം. ആഴമുള്ള പുഴയായതിനാല്‍ കരുതിവേണം പുഴയിലിറങ്ങാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button