തിരുവനന്തപുരം: ഗതാഗത വകുപ്പിൽ പുതിയ മന്ത്രിയായി തോമസ് ചാണ്ടി എത്തിയ ശേഷം മന്ത്രിസഭാ തീരുമാനം ഗതാഗതവകുപ്പ് അട്ടിമറിച്ചു. ദേശസാത്കൃത റൂട്ടുകളിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനിറി ബസുകളുടെ ദൂരപരിധി 140 കിലോമീറ്ററായി നിജപ്പെടുത്തിയ മന്ത്രിസഭാ തീരുമാനമാണ് ഗതാഗതവകുപ്പ് അട്ടിമറിച്ചത്. സർക്കാർ തീരുമാനത്തെ കോടതിയിൽ ചോദ്യംചെയ്യാനുള്ള പഴുതാണ് ഈ പിഴവിലൂടെ സ്വകാര്യ ബസുടമകൾക്ക് ലഭിച്ചിരിക്കുന്നത്. എത്ര ശ്രമിച്ചാലും തോമസ് ചാണ്ടിക്കും കെ എസ് ആർ ടി സിയെ രക്ഷിക്കാനാകില്ലെന്ന് തന്നെയാണ് ഉദ്യോഗസ്ഥ മനോഭാവം വ്യക്തമാക്കുന്നത്.
സ്വകാര്യബസുടമകൾക്ക് വകുപ്പ് ഇറക്കിയ വിജ്ഞാപനത്തിലെ ഗുരുതരപിഴവ് അനുകൂലമാവുകും. കെ.എസ്.ആർ.ടി.സി. നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും ഉദ്യോഗസ്ഥതലത്തിൽ സ്വകാര്യ ബസ് ലോബിക്കായി നിയമം അട്ടിമറിക്കപ്പെടുകായിരുന്നുവെന്നാണ് സൂചന. കെ.എസ്.ആർ.ടി.സി.ക്ക് മാത്രമായി ദേശസാത്കൃത പാതകൾ അനുവദിക്കുമ്പോൾ കോടതിയിൽ ചോദ്യംചെയ്യപ്പെടാതിരിക്കാൻ കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ ചാപ്റ്റർ ആറ് അടിസ്ഥാനമാക്കിയാണ് വിജ്ഞാപനമിറക്കേണ്ടത്.
റൂട്ടുകൾ പ്രത്യേകമായി അനുവദിക്കുന്നതിന് സർക്കാരിന് പ്രത്യേക അനുവാദം നൽകുന്ന നിയമപരിരക്ഷയാണ് ഇതിലുള്ളത്. എന്നാൽ, ഇതിനുപകരം കേരള മോട്ടോർവെഹിക്കിൾ റൂളിലെ പെർമിറ്റ് വ്യവസ്ഥകൾ നിശ്ചയിക്കുന്ന രണ്ട് ഒ.എ.യുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോഴിറക്കിയ വിജ്ഞാപനം. ഇതുവഴി കെ.എസ്.ആർ.ടി.സി.ക്ക് മാത്രമായി പാതകൾ അനുവദിക്കുന്നതിലെ വിവേചനം ചൂണ്ടിക്കാട്ടി സ്വകാര്യ ബസുടമകൾക്ക് കോടതിയിൽ പോകാം.
Post Your Comments