തിരുവനന്തപുരം : കെട്ടിട നിര്‍മ്മാണ അനുമതി നല്‍കുന്നതില്‍ അഴിമതിയും കാലതാമസവും കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവ്. ആന്തൂരിലെ പ്രവാസി വ്യവസായുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്. കെട്ടിട നിര്‍മ്മാണ അനുമതിക്കായി കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകളിലും ജൂലൈ 10ന് മുമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ഉചിതതീരുമാനം എടുത്ത് തീര്‍പ്പാക്കണം.
ഇക്കാര്യത്തില്‍ എല്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും പരിശോധന നടത്തി വീഴ്ച വരുത്തുന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ പേര് വിവരങ്ങളും നടപടി ശിപാര്‍ശകളും ജൂലൈ 15ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് നല്‍കണം. മുന്‍ഗണനാക്രമം തെറ്റിക്കാതെയും 15 ദിവസത്തില്‍ കൂടുതല്‍ കാലതാമസമുണ്ടാക്കാതെയും കെട്ടിട നിര്‍മ്മാണ അനുമതികള്‍ നല്‍കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ദേശീയ സംസ്ഥാന ജില്ലാ പാതകള്‍ക്ക് സമീപമുള്ള റോഡില്‍ നിന്ന് മൂന്ന് മീറ്റര്‍ ദൂരത്തിനുള്ളില്‍ കെട്ടിട നിര്‍മ്മാണം കര്‍ശനമായി നിരോധിക്കണമെന്നും പഞ്ചായത്ത് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. നിയമാനുസരണ രീതിയില്‍ അല്ലാതെ കെട്ടിട നിര്‍മ്മാണ അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തിയിട്ടുണ്ടെങ്കില്‍ അത് ഏത് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
Post Your Comments