പുതിയ സാമ്പത്തിക വര്‍ഷത്തിന് ആത്മവിശ്വാസം പകരുന്ന വാര്‍ത്തകളാണ് സാമ്പത്തികരംഗത്തു നിന്നും വരുന്നത്. തകര്‍ച്ചയില്‍ നിന്ന് രൂപയുടെ ശക്തമായ മുന്നേറ്റം കാണുകയാണു സാമ്പത്തിക ലോകം. രണ്ടു മൂന്നു മാസം മുന്‍പുവരെ താഴ്ചയില്‍നിന്നു താഴ്ചയിലേക്കു കൂപ്പുകുത്തുകയായിരുന്ന രൂപ സമീപകാലത്തെങ്ങുമുണ്ടായിട്ടില്ലാത്ത ശക്തി സംഭരിച്ചു തിരിച്ചുവരവിന്റെ പാതയിലാണ്. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രൂപയുടെ മൂല്യം ഇപ്പോള്‍. ഒരു ഡോളറിനെതിരെ 64.9 എന്ന നിലവാരത്തില്‍ വിനിമയം പുരോഗമിക്കുന്നു.
രാജ്യത്തെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുന്നതാണു രൂപയുടെ മൂല്യത്തില്‍ പ്രതിഫലിക്കുന്നത്. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വലിയ വിജയവും ഫെബ്രുവരിയിലെ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശ നിരക്കുകളില്‍ വ്യത്യാസം വരുത്താതിരുന്നതും രൂപയ്ക്കു കൈത്താങ്ങായി. കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് വച്ചടി വച്ചടി കയറിയാണ് ഏറെ ആശ്വാസം നല്‍കുന്ന 64ന്റെ നിലവാരത്തില്‍ എത്തി നില്‍ക്കുന്നത്.
ഫെബ്രുവരിയിലെ വായ്പാ നയ അവലോകന സമയത്ത് രൂപ താരതമ്യേന അശക്തമായ കറന്‍സികളിലൊന്നിന്റെ ഗണത്തിലായിരുന്നു. ഒരു മാസത്തിനിപ്പുറം ബെസ്റ്റ് പെര്‍ഫോമിങ് കറന്‍സികളിലൊന്നായി രൂപ മാറിയിരിക്കുന്നു. ഉത്തര്‍പ്രദേശിലെ ബിജെപി വിജയത്തിനുശേഷം ഇന്ത്യന്‍ വിപണിയിലേക്ക് വിദേശ മൂലധന നിക്ഷേപങ്ങളുടെ ഒഴുക്കാണ്. ഈ മാസം മാത്രം ഏഴു ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യന്‍ വിപണിയിലേക്കുണ്ടായിരിക്കുന്നത്. ഇത് രൂപയ്ക്ക് വലിയ ശക്തിപകര്‍ന്നു. കയറ്റുമതിക്കാര്‍ ഡോളര്‍ വിറ്റഴിക്കുന്നതും രൂപയ്ക്കു ഗുണം ചെയ്യുന്നു.
ഈ നിലയ്ക്കു മുന്നോട്ടുപോയാല്‍ രൂപ വരുന്ന ആറു മാസത്തിനുള്ളില്‍ ഡോളറിനെതിരെ 63ന്റെ നിലവാരത്തിലെത്തുമെന്നാണു വിദഗ്ധാഭിപ്രായം
Post Your Comments