ന്യൂഡല്‍ഹി : ചൈനീസ് സാങ്കേതിക വിദ്യ കമ്പനിയായ ഷവോമി ഇന്ത്യയില്‍ വന്‍ തൊഴിലവസരമുണ്ടാക്കാന്‍ പദ്ധതിയിടുന്നു. തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണിയില്‍ മൂന്നു വര്‍ഷത്തിനുള്ളിലാണ് 20,000 തൊഴിലവസരം സൃഷ്ടിക്കുകയെന്ന് ഷവോമി സ്ഥാപകന്‍ ലിയുന്‍ വ്യക്തമാക്കി. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ലീ ‘ ഇന്റര്‍നെറ്റ് പ്ലസ് ‘ മോഡലിനെക്കുറിച്ചും അതിന്റെ മേന്മയെക്കുറിച്ചും വിശദീകരിച്ചു.
ഇന്റര്‍നെറ്റുമായി സംയോജിപ്പിച്ച് പരമ്പരാഗത വ്യവസായങ്ങള്‍ക്ക് കരുത്തു പകരുന്ന പുതിയ സാമ്പത്തിക പദ്ധതിയാണ് ‘ ഇന്റര്‍നെറ്റ് പ്ലസ് ‘ ഇതിലൂടെ പരമ്പരാഗത വ്യവസായങ്ങളുടെ മികവ് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉപയോഗിക്കാനാകുമെന്ന് ലീ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ഇതിലൂടെ കൂടുതല്‍ തൊഴിലവസരവും സൃഷ്ടിക്കാനാകും. ചൈനയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ‘ഇന്റര്‍നെറ്റ് പ്ലസ് ‘ നയത്തിന് നിര്‍ണായക പങ്കുണ്ട്. ഈ നയം സ്വീകരിച്ച പ്രധാന കമ്പനികളിലൊന്നാണ് ഷവോമിയെന്ന് ലീ വ്യക്തമാക്കി.
ഓണ്‍ലൈന്‍ വിപണയിലെ വിജയം ഓഫ്‌ലൈന്‍ വിപണിയിലും ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ഷവോമി. മൊത്തം വില്‍പ്പനയില്‍ ഓഫ് ലൈന്‍ വില്‍പ്പനയുടെ പങ്ക് 50% ആക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെയും കൂടുതല്‍ തൊഴിലവസരമുണ്ടാകും. ഓണ്‍ലൈനില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തുന്ന സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡാണ് ഷവോമി. 29.3 ശതമാനമാണ് അവരുടെ ഓണ്‍ലൈന്‍ വിപണി വിഹിതം. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഫോണിന്റെ 75 ശതമാനവും ഇവിടെത്തന്നെ നിര്‍മിക്കുന്നവയാണ്. ഇത് 95ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി രണ്ടാമത്തെ പ്ലാന്റ് ആന്ധ്രയില്‍ തുടങ്ങുകയാണ്. ഓഫ്‌ലൈന്‍ വില്‍പ്പനയ്ക്കായി ഇന്ത്യയില്‍ എംഐ ഹോംസ്‌റ്റോറുകള്‍ തുടങ്ങാനിരിക്കുകയാണ് ഷവോമി. ഇതിലൂടെ ഓണ്‍ലൈന്‍ വിലയില്‍ തന്നെ ഫോണുകള്‍ വില്‍ക്കാനാണ് പരിപാടി.
Post Your Comments