തിരുവനന്തപുരം : ആധുനിക സൗകര്യങ്ങളോടെ കേരളത്തില്‍ ബിജെപിക്ക് ആസ്ഥാന മന്ദിരമുയരുന്നു. തിരുവനന്തപുരത്താണ് അസ്ഥാനമന്ദിരം ഉയരുന്നത്. 1.5 കോടി മുടക്കി എട്ട് നിലകളില്‍ അസ്ഥാനം നിര്‍മിക്കാനാണ് തീരുമാനം.
ഒഡിഷയിലെ ഭുവനേശ്വറില്‍ ഏപ്രില്‍ 15,16 തീയതികളില്‍ നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവിനു ശേഷം തറക്കല്ലിടല്‍ നടക്കും. ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ള നേതാക്കളെത്തും. തിരുവനന്തപുരം അരിസ്റ്റോ ജംങ്ഷന് സമീപമുള്ള മാരാര്‍ജി ഭവനാണ് ബിജെപിയുടെ സംസ്ഥാന സമിതി ഓഫീസ്. 56 സെന്റിലുള്ള ഈ പഴയ മന്ദിരം പൊളിച്ചു പണിയും. ആദ്യഘട്ടില്‍ നാലു നില പൂര്‍ത്തിയാകും. ഓഡിറ്റോറിയം, ഡിജിറ്റല്‍ ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, നേതാക്കള്‍ക്ക് താമസിക്കാന്‍ മുറികള്‍, ഡോര്‍മെറ്ററി എന്നിവ ഉള്‍പ്പെട്ട കെട്ടിടത്തിന്റ പ്ലാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം അംഗീകരിച്ചു.
പാര്‍ട്ടിക്ക് ആധുനിക സൗകര്യമുള്ള ഓഫീസുകളില്ലാത്ത സംസ്ഥാനങ്ങളിലും ജില്ലകളിലും അവ നിര്‍മിക്കുന്നതിന് കഴിഞ്ഞ വര്‍ഷമാണ് ബിജെപി തീരുമാനിച്ചത്, മലപ്പുറം, വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ ജില്ലാ ഓഫീസും നിര്‍മിക്കും. ബിജെപി മധ്യപ്രദേശ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന അരവിന്ദ് മേനോന്‍ കണ്‍വീനറായ കമ്മിറ്റിക്കാണ് രാജ്യത്താകമാനമുള്ള പാര്‍ട്ടി ഓഫീസ് നിര്‍മാണത്തിന്റെ ചുമതല. മലയാളിയായ അരവിന്ദ് മേനോന്‍ ഇപ്പോള്‍ ബിജെപി അസ്ഥാനത്ത് ദേശീയ കോ-ഓര്‍ഡിനേറ്ററാണ്.
സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന്റെ പ്രധാന ചുമതല പ്രസിഡന്റ് കുമ്മനം രാജശേഖരനാണ്. മുന്‍പ്രസിഡന്റ് വി.മുരളീധരന്‍, ജനറല്‍ സെക്രട്ടറി എം.എന്‍ രാധാകൃഷ്ണന്‍, വക്താവ് എം.എസ് കുമാര്‍ എന്നിവരടങ്ങിയ നിര്‍മാണകമ്മിറ്റിയുടെ കണ്‍വീനര്‍ സംസ്ഥാനത്തെ സെക്രട്ടറി സി.ശിവന്‍കുട്ടിയും. സംസ്ഥാനത്തെ ബിജെപി ജില്ലാ ഓഫീസ് നിര്‍മാണച്ചുമതല സംസ്ഥാന ഉപാധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യനുമാണ്. ഓഫീസ് നിര്‍മ്മാണത്തിന്റെ ഫണ്ട് ശേഖരണം ഏപ്രില്‍ 20ന് തുടങ്ങും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും പാലക്കാട്ട് വി.മുരളീധരനും എറണാകുളത്ത് എ.എന്‍ രാധാകൃഷ്ണനും കോഴിക്കോട്ട് എംടി രമേശിനും തൃശൂരില്‍ കെ.സുരേന്ദ്രനുമാണ് ചുമതല.
Post Your Comments