ബെംഗളൂരു: തിരക്കേറിയ നഗരങ്ങള്‍ പരിശോധിക്കുമ്പോള്‍ ആദ്യം പറയാനുള്ളത് ബെംഗളൂരുവാണ്. ഇവിടെ താമസിക്കുന്നവരുടെ പകുതി സമയവും ട്രാഫിക് ജാമില്‍ തീരുന്നുവെന്നാണ് വിലയിരുത്തല്‍. കൃത്യസമയത്ത് ഓഫീസില്‍ എത്തണം എന്നത് ബെംഗളൂരുകാരുടെ സ്വപ്നം മാത്രമാണ്. മണിക്കൂറുകളോളമാണ് ട്രാഫിക് ജാമില്‍ കുടുങ്ങുന്നത്.
അതുകൊണ്ടുതന്നെ എല്ലാവരും ബെംഗളൂരുവിലെ ട്രാഫിക് ജാമിനെ ശപിക്കുന്നു. എന്നാല്‍, ട്രാഫിക് ജാം ജനങ്ങള്‍ക്ക് ഒരനുഗ്രഹമായി തീര്‍ന്ന വാര്‍ത്തയാണ് പറയാനുള്ളത്. ഒരു ട്രാഫിക് ജാം കാരണം ഭീകരാക്രമണം പൊളിഞ്ഞു. ത്രിപുരയില്‍ അറസ്റ്റിലായ ഹബീബ് മിയ എന്ന ഭീകരനാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഇയാളെ തെളിവെടുപ്പിനായി ബെംഗളൂരുവില്‍ കൊണ്ട് വന്നപ്പോഴാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
ബെംഗളൂരുവിലെ ട്രാഫിക് ജാം കണ്ട് ഭീകരന് പകച്ചു പോയി എന്നു പറയാം. 2005 ഡിസംബര്‍ 28ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി) ആക്രമിച്ച ഭീകരര്‍ നഗരത്തില്‍ നടന്ന സെമിനാര്‍ പരിപാടിയിലും ആക്രമണം നടത്താന്‍ പദ്ധതി ഇട്ടിരുന്നു. ബെംഗളൂരുവില്‍ തുടര്‍ച്ചയായ ആക്രമണം നടത്തി ഇന്ത്യയെ ഭീതിയിലാക്കുക എന്നതായിരുന്നു ഭീകരരുടെ ഉദ്ദേശം.
എന്നാല്‍ ബാനര്‍ഘട്ട റോഡിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലേക്ക് വാഹനത്തില്‍ പുറപ്പെട്ട ഭീകരന് നഗരത്തിലെ ട്രാഫിക് ജാമില്‍ കുടുങ്ങി. തുടര്‍ന്ന് സെമിനാര്‍ നടക്കുന്നിടത്ത് വൈകിയാണ് എത്താന്‍ കഴിഞ്ഞത്. നഗരത്തിലെ പിഇഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഭീകരര്‍ ആക്രമണം നടത്താന്‍ പദ്ധതി ഇട്ടിരുന്നു. എന്നാല്‍, ഇതും ട്രാഫിക് കുരുക്ക് കാരണം പൊളിഞ്ഞു. കൃത്യം നടത്തി റോഡ് മാര്‍ഗം രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് കണക്കുകൂട്ടിയ ഇവര്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
Post Your Comments