ഗതാഗതമന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ചതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മന്ത്രിയുടെ മുന്നില്‍ പരാതിയുമായെത്തിയ വീട്ടമ്മയെ പ്രലോഭിപ്പിച്ച് മന്ത്രി ഇരയാക്കുകയായിരുന്നു എന്നാണ് മംഗംളം ടെലിവിഷന്‍ പുറത്തുവിട്ട വിശദീകരണം. എന്നാല്‍ ഈ സ്ത്രീ പരാതിക്കാരിയായ വീട്ടമ്മ അല്ലെന്നും മന്ത്രിക്ക് മുന്‍പരിചയമുള്ള മന്ത്രിയുടെ ജില്ലയില്‍നിന്നുള്ള യുവതിയാണെന്നും വിവരം പുറത്തുവരുന്നു. ഈ സ്ത്രീയെ മുന്‍നിര്‍ത്തി ചാനല്‍ പ്രവര്‍ത്തകര്‍ ദിവസങ്ങളായി നടത്തിയ ആസൂത്രണത്തിനൊടുവിലാണ് ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. യുവതിയുടെ ഫോണില്‍ നേരിട്ട് റെക്കോര്‍ഡ് ചെയ്യപ്പെട്ട സംഭാഷണം ആണ് ചാനല്‍ പുറത്തുവിട്ടത്. മന്ത്രിയുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. മന്ത്രി ഇത്ര സ്വാതന്ത്ര്യത്തോടെ സംസാരിക്കുന്നതില്‍നിന്നും തന്നെ എതിര് ഭാഗത്തുള്ള സ്ത്രീ പരാതിക്കാരി അല്ലായെന്നും മന്ത്രിയുമായി ചിരപരിചയമുള്ള ആളാണെന്നു വ്യക്തമാണെന്നും ഉയര്‍ന്ന അഭിപ്രായം ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ ചിലര്‍ക്ക് ഈ സ്ത്രീയെ പരിചയമുണ്ടെന്നും സൂചനയുണ്ട്. കഴിഞ്ഞമാസം ഗോവയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗോവയില്‍ എത്തിയ മന്ത്രി അവിടെ തങ്ങുന്നതിനിടെ നടത്തിയ ഫോണ്‍ സംഭാഷണമാണ് ചോര്‍ന്നത്. സുന്ദരീ താനിപ്പോള്‍ ഗോവയിലാണ് എന്നു പറഞ്ഞു കൊണ്ടാണ് ശശീന്ദ്രന്റേത് എന്നു പറയുന്ന സംഭാഷണം തുടങ്ങുന്നത്. അതിനിടെ താന്‍ ഗോവയില്‍ പോയ കാര്യം ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശശീന്ദ്രനും സമ്മതിച്ചിരുന്നു. ഗോവ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിക്കുന്നതിനു തലേന്ന് ഫെബ്രുവരി ഒന്നിന് രാത്രി ഏഴു മണിയോടെയാണ് എ.കെ. ശശീന്ദ്രന്, എന്‍സിപി സംസ്ഥാന സെക്രട്ടറി റസാഖ് മൗലവി എന്നിവര്‍ ഗോവയില്‍ എത്തിയത്. വാസ്കോഡ ഗാമ മണ്ഡലത്തിലെ ലാപാസ് ഹോട്ടലിലായിരുന്നു താമസം. അന്ന് മലയാളി സമാജത്തിന്റെ അത്താഴവിരുന്നില്‍ പങ്കെടുത്ത മന്ത്രി പിറ്റേദിവസം വൈകിട്ട് ചര്‍ച്ചില്‍ അലിമാവോയുടെ പ്രചാരണസമാപനത്തില്‍ പ്രസംഗിച്ചശേഷമാണ് രാത്രി എട്ടുമണിയോടെ ട്രെയിനില്‍ കേരളത്തിലേക്കു മടങ്ങിയത്. മന്ത്രി ഹോട്ടലില്‍ തങ്ങിയ ഫെബ്രുവരി ഒന്നിനു രാത്രിയാണ് ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്യപ്പെട്ടതെന്നാണ് മംഗളം ടെലിവിഷനിലെ ചില ജീവനക്കാര്‍ നല്കുന്ന വിവരം. അതേസമയം മന്ത്രി ആരോടാണ് സംസാരിച്ചതെന്ന് പറയാന്‍ മംഗളം ടിവി തയ്യാറാകാത്ത സാഹചര്യത്തില്‍ ഇതുസംബന്ധിച്ചു വിശദമായ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.
Post Your Comments