തിരുവനന്തപുരം: 10 ലക്ഷം വൃക്ഷത്തൈകളുമായി ബി.ജെ.പി. ജലസംരക്ഷണ പദ്ധതിയായ ജലസ്വരാജിന്‍റെ ഭാഗമായി 10 ലക്ഷം വൃക്ഷത്തൈകൾ തയ്യാറാക്കുന്നതിന്‍റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. പരിപാടി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഭാവി കേരളത്തിന് ജലം കേന്ദ്രീകരിച്ചുള്ള ആസൂത്രണമാണ് വേണ്ടതെന്ന് കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന്‍റെ ബജറ്റ് പോലും ജലകേന്ദ്രീകൃതമാകേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. കേരളം അതിലൂടെ മാത്രമേ രക്ഷപ്പെടുകയുള്ളൂ. കാവ് തീണ്ടിയാൽ കുളം വറ്റുമെന്ന ഉപദേശം അന്ധവിശ്വാസമായി തള്ളിക്കളഞ്ഞതിന്‍റെ പരിണിത ഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്. ജലസംരക്ഷണം എന്ന ദൗത്യമാണ് ജലസ്വരാജിലൂടെ ബി.ജെ.പി ഏറ്റെടുക്കുന്നത്. ഇതിനായി പാർട്ടി 10 ലക്ഷം ഫലവൃക്ഷത്തൈകളാണ് നട്ട് വളർത്തുന്നത്. ഇത് അടുത്ത പരിസ്ഥിതി ദിനത്തിൽ കേരളം മുഴുവൻ നടുമെന്നും കുമ്മനം പറഞ്ഞു.
ഫലവൃക്ഷങ്ങളുടെ വിത്ത് നട്ടാണ് ചടങ്ങിൽ പങ്കെടുത്തവർ പരിപാടി ഉദ്ഘാടനം ചെയ്തത്. ഹരിത കേരളം എന്ന മഹത്വം ഇനി അധിക കാലം കൊട്ടിഘോഷിക്കാൻ ആവുമോയെന്ന് കേരളം ചിന്തിക്കേണ്ട കാലം അതിക്രമിച്ചെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഒ രാജഗോപാൽ എം.എൽ.എ പറഞ്ഞു. മരം പോയാലും മനുഷ്യൻ മതി എന്ന ചിന്ത ശുദ്ധ വിവരക്കേടാണെന്ന് പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ പറഞ്ഞു. 10 ലക്ഷം ഫലവൃക്ഷങ്ങൾ രണ്ടു മാസം കൊണ്ട് വളർത്തിയെടുക്കും. ഈ തൈകൾ സംസ്ഥാന വ്യാപകമായി വിതരണം ചെയ്ത് വെച്ചു പിടിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ജലസംരക്ഷണ പ്രതിജ്ഞ ഡോ സുഭാഷ് ചന്ദ്രബോസ് ചൊല്ലിക്കൊടുത്തു.
Post Your Comments