പ്രഗത്ഭ സംഗീതസംവിധായകന്‍ ഇളയരാജയ്‌ക്കെതിരെ മലയാള ചലച്ചിത്ര നടന്‍ സലിംകുമാര്‍ രംഗത്ത്. തന്റെ പാട്ടുകള്‍ സ്റ്റേജില്‍ പാടേണ്ടെന്ന് ചിത്രയ്ക്കും എസ്പി ബാലസുബ്രഹ്മണ്യത്തിനും കഴിഞ്ഞ ദിവസം ഇളയരാജ താക്കീത് നല്‍കിയിരുന്നു. ഇരുവര്‍ക്കുമെതിരെ ഇളയരാജ വക്കീല്‍ നോട്ടീസയയ്ക്കുകയായിരുന്നു. ഇതിനെതിരെയാണ് സലിംകുമാറിന്റെ വിമര്‍ശനം.
ഇളയരാജയെ ക്രൂരനായ ഔറംഗസീബിനോട് ഉപമിക്കുകയായിരുന്നു താരം. സലിംകുമാര്‍ പറയുന്നതിങ്ങനെ…എസ്പിയും ചിത്രയും എസ് ജാനകിയുമായിരിക്കും ഇളയരാജയുടെ പാട്ടുകളില്‍ ഭൂരിഭാഗവും പാടിയിരിക്കുന്നത്. അവര്‍ക്കും ആ പാട്ടുകളിലെ വിജയത്തില്‍ പങ്കില്ലേ എന്നാണ് സലിംകുമാറിന്റെ ചോദ്യം. പണ്ട് ഇന്ത്യ ഭരിച്ചിരുന്ന ക്രൂരനായ മുഗള്‍ ചക്രവര്‍ത്തിയുണ്ടായിരുന്നു. ഔറംഗസീബ്, ഒരുനാള്‍ അദ്ദേഹം ഒരു കല്‍പ്പന പുറപ്പെടുവിച്ചു.
തന്റെ രാജ്യത്ത് ഇനി ഒരുത്തനും പാട്ടുപാടരുതെന്ന്. ഇപ്പോള്‍ അങ്ങും ഒരു കല്‍പന പുറപ്പെടുവിച്ചിരിക്കുന്നുവെന്നും സലിം പറയുന്നു. ഇതില്‍ രണ്ടു പേരും തമ്മില്‍ എന്താണ് വ്യത്യാസം? എന്തൊക്കെ പറഞ്ഞാലും നിയമം ഒരുപക്ഷെ അങ്ങയ്‌ക്കൊപ്പം നില്‍ക്കും. അങ്ങ് ട്യൂണ്‍ ചെയ്ത ഗാനങ്ങളുടെ പകര്‍പ്പാവകാശം അങ്ങയുടെ കൈകളിലാണ്. പക്ഷെ അവിടെയൊരു ധാര്‍മികതയുടെ പ്രശ്‌നമില്ലേ എന്നും താരം ചോദിക്കുന്നു.
ഏതോ ഒരു നിര്‍മാതാവിന്റെ ചെലവില്‍ ഒരു ഹോട്ടല്‍ മുറിയിലിരുന്ന്, അലക്‌സാണ്ടര്‍ ടിബെയിന്‍ എന്ന പാരിസുകാരന്‍ സായിപ്പ് നിര്‍മ്മിച്ച ഹാര്‍മോണിയം വച്ച്, ത്യാഗരാജ സ്വാമികളും മുത്തുസ്വാമി ദീക്ഷിതരും ശ്യാമശാസ്ത്രികളും പോലുള്ളവര്‍ സൃഷ്ടിച്ച രാഗങ്ങള്‍ കടമെടുത്ത്, കണ്ണദാസനെപ്പോലെ, പുലിമൈപിത്താനെ പോലെ, വൈരമുത്തുവിനെ പോലെ, ഒഎന്‍വി സാറിനെ പോലുള്ളവരുടെ അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് ഗാനങ്ങള്‍ സൃഷ്ടിച്ച് അതിന്റെ പകര്‍പ്പാവകാശം നേടുമ്പോള്‍ എന്താണ് ഇതില്‍ ശരിയുള്ളത്. ഇവര്‍ക്കൊക്കെ അങ്ങ് പകര്‍പ്പാവകാശം കൊടുക്കാറുണ്ടോയെന്നും സലിംകുമാര്‍ ചോദിക്കുന്നു.
Post Your Comments