തൃശൂർ; റാഗിങ്ങിനിരയായി മൂന്നു വർഷം മുൻപ് മരിച്ച എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയുടെ വൃക്ക മോഷ്ടിച്ചിരുന്നതായി പരാതി.വിദ്യാർത്ഥിയുടെ ശരീരത്തിൽ ശസ്ത്രക്രിയയുടെ പാട് ഉണ്ടായിരുന്നു എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഉണ്ട്.2014 ജനുവരിയിലാണ് ബംഗളുരു ആചാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് എഞ്ചിനീയറിങ് കോളേജില്‍ പഠിക്കുകയായിരുന്ന അഹബ് റാഗിങ് മൂലമുണ്ടായ പരിക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
തുടർന്ന് ബംഗളൂരുവിലും കേരളത്തിലും കുട്ടിയെ ചികിൽസിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. കേസ് നടപടികള്‍ക്കായി അഭിഭാഷകന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പരിശോധിക്കുമ്പോൾ റിപ്പോർട്ടിൽ നാഭിക്ക് മുകളിലായി 12 ഇഞ്ച് നീളത്തില്‍ ശസ്ത്രക്രിയ നടത്തിയ പാടുണ്ടെന്ന പരാമര്‍ശം ശ്രദ്ധയില്‍ പെട്ടു.വീട്ടുകാരോട് അന്വേഷിച്ചപ്പോൾ അഹബിന് യാതൊരു വിധ ശസ്ത്രക്രിയയും നടത്തിയിട്ടില്ലെന്ന് വ്യക്തമായി.
കേരള പോലീസിന്റെ അടുത്ത് പരാതിയുമായി പോയെങ്കിലും കർണ്ണാടക പോലീസ് അന്വേഷിക്കുന്നതിനാൽ കൂടുതലൊന്നും തങ്ങൾക്ക് ചെയ്യാനില്ലെന്ന നിലപാടാണ് കേരള പൊലീസിന്. ഇതോടെ കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ബംഗളുരു ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുട്ടിയുടെ മാതാപിതാക്കള്‍.റാഗിങ്ങിന് ശേഷം ബംഗളുരു ആശുപത്രി ചികിത്സക്കിടെ ശസ്ത്രക്രിയ നടത്തി വൃക്ക കൂടി മോഷ്ടിച്ചതാവാം എന്നാണ് മാതാപിതാക്കളുടെ സംശയം.
Post Your Comments