കാക്കനാട്; പുതിയ കാര്‍ വാങ്ങുന്നവര്‍ ജാഗ്രത നിങ്ങളുടെ വാഹനം ഓടിപഴകിയതെന്ന വെളിപ്പെടുത്തലുമായി മോട്ടോര്‍ വാഹന വകുപ്പ്. ഉപയോഗിച്ച കാർ പുതിയതാണെന്ന വ്യാജേനെ ചില ഡീലർമാർ വിൽപ്പന നടത്തുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്. കൊച്ചിയിലെ ഒരു ഷോറൂമിൽ നിന്ന് കോട്ടയത്തേക്ക് കൊണ്ട് പോയ രജിസ്റ്റർ ചെയ്യാത്ത കാർ സ്പീഡോമീറ്റർ വിച്ഛേദിച്ച നിലയിൽ വകുപ്പ് പിടികൂടിയിരുന്നു. ഷോറൂമിൽ നിന്നാണ് സ്പീഡോമീറ്റർ വിച്ഛേദിച്ചതെന്നു ഡ്രൈവർ മൊഴി നൽകി.
ഇങ്ങനെ മീറ്റർ വിച്ഛേദിച്ച് എത്ര ദൂരം വേണമെങ്കിലും കാർ ഓട്ടിച്ച ശേഷം തിരികെ ഷോറൂമിൽ കൊണ്ട് വന്ന് പുത്തൻ കാറായി വിൽക്കുകയാണ് ചെയ്യുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ദൂരെ സ്ഥലങ്ങളിലും മറ്റും പ്രദർശനത്തിന് കൊണ്ടുപോകുന്ന കാറുകൾ ഡീലറുടെ പേരിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ചട്ടം. പിന്നീട് ഇത് സെക്കന്റ് ഹാൻഡ് കാറായെ വിൽക്കാനാകു. അടുത്തുള്ള സ്ഥലങ്ങളിൽ ഡീലറുടെ ട്രേഡ് സർട്ടിഫിക്കറ്റ് മതിയാകും.
പുതിയ കാറുകളിൽ ചിപ്പ് ഘടിപ്പിച്ചാണ് സ്പീഡോ മീറ്റർ പ്രവർത്തിക്കുക. ഈ ചിപ്പ് അഴിച്ച് മാറ്റിയാണ് കൃത്രിമം കാണിക്കുന്നത്. സാങ്കേതിക വിദഗ്ദ്ധർക്ക് മാത്രമേ ഇത് കണ്ടെത്താൻ സാധിക്കുകയുള്ളു. അതിനാൽ പുതിയ വാഹനങ്ങൾ വാങ്ങാൻ എത്തുന്നവർ പറ്റിക്ക പെടാതിരിക്കാൻ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
Post Your Comments