എൻഫീൽഡിനെ മുട്ട്കുത്തിച്ച് ഡോമിനോർ. 350 സിസിക്ക് മുകളിലുള്ള പ്രീമിയം സെഗ്‌മെന്റില്‍ കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ റോയല്‍ എന്‍ഫീല്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് ഡോമിനോർ മുന്നിലെത്തിയത്. നിരത്തിലെത്തിയിട്ട് വെറും മൂന്നു മാസം കൊണ്ടാണ് ഡോമിനോർ ഈ നേട്ടം കൈവരിച്ചത്.
സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമെബൈല്‍ മാനുഫ്രാക്ച്ചേര്‍സ് (SIAM) കണക്ക് പ്രകാരം 350 സി.സി പ്ലസ് ശ്രേണിയില്‍ 3,082 യൂണിറ്റ് വാഹനങ്ങൾ ബജാജ് വിറ്റഴിച്ചപ്പോൾ റോയല്‍ എന്‍ഫീല്‍ഡിന് 2628 യൂണിറ്റുകള്‍ മാത്രമാണ് ഇക്കാലയളവില്‍ വിറ്റഴിക്കാൻ സാധിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്നോക്കുമ്പോൾ 350-500 സിസി സെഗ്‌മെന്റില്‍ 35 ശതമാനത്തിന്റെ ഇടിവാണ് ഐഷര്‍ മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള എന്‍ഫീല്‍ഡിന് നേരിട്ടത്.
2016 ഫെബ്രുവരിയില്‍ 4,053 ആയിരുന്നു വിപണി വിഹിതം. 350 സിസി പ്ലസ് ശ്രേണിയില്‍ ഡോമിനാര്‍ എത്തുന്നതിന് മുന്‍പ് 95 ശതമാനം വിപണി വിഹിതവും റോയല്‍ എന്‍ഫീല്‍ഡിന്റെ കൈവശമായിരുന്നു. അതേസമയം 250-350 ശ്രേണിയില്‍ ഒന്നാം സ്ഥാനം റോയല്‍ എന്‍ഫീല്‍ഡിന്റെ കൈകളില്‍ ഭദ്രമാണ്. ക്ലാസിക് 350 ഇവയില്‍ മുന്നിട്ടുനിന്നു. ബുള്ളറ്റ് 350, തണ്ടര്‍ബേഡ് 50 എന്നിവയും ഈ ശ്രേണിയില്‍ എന്‍ഫീല്‍ഡിന് വിപണിയിൽ കരുത്ത് നൽകുന്നു.
നിലവില്‍ രാജ്യത്തെ 30 സിറ്റികളിലാണ് ഡോമിനാര്‍ വിൽപ്പനക്കെത്തിയിട്ടുള്ളത്. ഏപ്രില്‍ അവസാനത്തോടെ 200 സിറ്റികളില്‍ കൂടി ഡോമിനാര്‍ എത്തിക്കാനാകുമെന്ന് കമ്പനി കണക്ക്കൂട്ടുന്നു. മൂന്ന് മാസത്തിനുള്ളില്‍ 6,083 യൂണിറ്റ് ഡോമിനാര്‍ യൂണിറ്റുകള്‍ വിറ്റഴിച്ച ബജാജ് 2017 സെപ്തംബറോടെ പ്രതിമാസ വില്‍പ്പന പതിനായിരം കടത്താനാണ് ലക്ഷ്യമിടുന്നത്.
Post Your Comments