സിഡ്നി: മൊബൈല്‍ ഫോണ്‍ ഹെഡ്ഫോണ് പൊട്ടിത്തെറിച്ചു യുവതിക്കു ഗുരുതര പരുക്ക്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ്ഫോണ് കത്തി പൊട്ടിത്തെറിക്കുകയായിരുന്നു. ഓസ്ട്രേലിയയിലേക്കുള്ള വിമാനത്തില്‍ സഞ്ചരിക്കുകയായിരുന്ന വനിതയ്ക്കാണ് അപകടം സംഭവിച്ചത്. ബീജിങ്ങില്‍നിന്ന് മെല്‍ബണിലേക്കുള്ള വിമാനത്തിലാണ് അപകടമുണ്ടായത്.
കഴിഞ്ഞ പത്തൊൻപതാം തിയതിയാണു അപകടം നടന്നത്. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന ഹെഡ്ഫോണ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഹെഡ്ഫോണ് കഴുത്തിലൂടെ ചുറ്റിയിരുന്നതിനാല്‍ മുഖത്തിന്റെ ഒരു വശം വലിയ തോതില്‍ പൊള്ളി. ശബ്ദംകേട്ട് ഓടിയെത്തിയ ഫയര്‍ അറ്റന്‍ഡന്റുമാര്‍ വെള്ളം ഒഴിച്ചു തീയണച്ചു. യുവതിയുടെ മുഖത്തും കഴുത്തിലും കയ്യിലും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഓസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണം നടത്തുന്നുണ്ട്.
നേരത്തെ, വിമാന യാത്രയ്ക്കിടെ നിരവധി യാത്രക്കാരുടെ കയ്യിലിരുന്ന് സാംസങ് നോട്ട് 7 സ്മാര്‍ട്ട് ഫോണുകള്‍ക്കു തീപിടിച്ചതു വലിയ വാര്‍ത്തയായിരുന്നു. ബാറ്ററി തകരാറുകാരണമായിരുന്നു ഇതും സംഭവിച്ചത്. ഇതേത്തുടര്‍ന്ന് ഈ മോഡല്‍ ഫോണ്‍ വിമാനങ്ങളില്‍ ഉപയോഗിക്കുന്നതു പല രാജ്യങ്ങളും വിലക്കിയിരുന്നു. പിന്നീട് കമ്പനിതന്നെ ഈ മോഡല്‍ വിപണിയില്‍നിന്നു പിന്‍വലിക്കകയും ചെയ്തു.
Post Your Comments