NewsPrathikarana Vedhi

കുമ്മനം രാജശേഖരന്‍ തന്നെ അവിടെ മത്സരിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത് : യു.പിയും മുത്തലാക്കും എങ്ങനെ മലപ്പുറത്തെ സ്വാധീനിക്കുമെന്ന് കെ.വി.എസ് ഹരിദാസ്‌ വിലയിരുത്തുന്നു

മലപ്പുറം ലോകസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. ഏപ്രിൽ 12 -നാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ മുന്നണികൾ സ്ഥാനാർഥി നിർണ്ണയത്തിലേക്ക് നീങ്ങിത്തുടങ്ങി. യുഡിഎഫ് സ്ഥാനാർഥിയായി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ തീരുമാനിച്ചു. ബിജെപിയും അല്ലെങ്കിൽ എൻഡിഎയും ഇടതുമുന്നണിയും താമസിയാതെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും എന്ന് കരുതുക. മലപ്പുറം മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമാണ് എന്നത് ശരിയായിരിക്കാം. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ, ലീഗിലെ, ഇ അഹമ്മദ് അവിടെ ജയിച്ചത് ഏതാണ്ട് 1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. എന്നാലും അവിടെ ബിജെപി അടക്കമുള്ളവർക്ക് ഒരു വലിയ പങ്ക് , റോൾ, ഉണ്ട് എന്നതിൽ തർക്കമില്ല . ദേശീയ തലത്തിൽ ശ്രദ്ധിക്കത്തക്കവിധത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അവിടെ ബിജെപിക്ക് കഴിയും, കഴിയണം.

ബിജെപി അവിടെ ഗൗരവതരമായ ഒരു മത്സരം കാഴ്ചവെക്കണം എന്നതിൽ ആർക്കും സംശയമുണ്ടാവാനിടയില്ലല്ലോ. അടുത്തിടെ യുപിയടക്കമുള്ള സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ പ്രതിച്ഛായ വാനോളം ഉയർത്തിയ പശ്ചാത്തലത്തിൽ ബിജെപിയുടെ പ്രസക്തി വർധിക്കുകയാണ് ചെയ്യുന്നത്. യുപിയിൽ മുസ്‌ലിം സമുദായത്തിന് വലിയ ആധിപത്യമുള്ള അനവധി മണ്ഡലങ്ങളിൽ ബിജെപി നേടിയ വിജയം ഈ വേളയിൽ സ്മരിക്കേണ്ടതുണ്ട്. മണിപ്പൂർ, ഗോവ തുടങ്ങിയ ന്യൂനപക്ഷ സാന്ദ്രതയുള്ള സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തി. ഇതൊക്കെ കാണിക്കുന്നത്, ബിജെപിക്ക് മത ന്യൂനപക്ഷ മേഖലകളിൽ നിലനിൽപ്പ് പ്രശ്നമാണ് എന്ന തോന്നൽ പാടില്ല എന്നതാണ്. യുപിയിലെ മുസ്‌ലിം സാന്ദ്രതയേറിയ മണ്ഡലങ്ങളിൽ വിജയിച്ച പാർട്ടി എന്തിനാണ് കേരളത്തിലെ അത്തരമൊരു മണ്ഡലത്തെ ഭയപ്പാടോടെ കാണുന്നത്?.

ഇവിടെ മറ്റൊരു കാര്യം കൂടിയുണ്ട്. യുപിയിൽ ബിജെപി അവസാന നിമിഷത്തിൽ ‘മുത്തലാക്ക് ‘ വിഷയം ജനസമക്ഷം ഉന്നയിച്ചത് ഓർമ്മിക്കുക. അത് മത ന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കാൻ വേണ്ടിയായിരുന്നില്ല, പകരം അവർക്കിടയിലെ സ്ത്രീകൾ, പ്രത്യേകിച്ചും യുവതികൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ ഉയർത്തിക്കാട്ടാൻ വേണ്ടിയായിരുന്നു. മൂന്ന്‌ തലാക്ക് ചൊല്ലിക്കൊണ്ട് യുവതികളെ, ഭാര്യമാരെ, വീട്ടിൽ നിന്നും ഇറക്കിവിടുന്ന പ്രാകൃതമായ സമ്പ്രദായത്തിനെതിരായിരുന്നു ആ പ്രചാരണം. അത്തരത്തിൽ നിരാലംബരായ എത്രയോ ആയിരക്കണക്കിന് യുവതികൾ ഇന്നിപ്പോൾ മുസ്‌ലിം സമുദായത്തിലുണ്ട്. ജീവിക്കാൻ ബുദ്ധിമുട്ടുന്നവരാണ് അവരിലേറെയും. മത നേതൃത്വം അവരെ അവഗണിക്കുന്നു. മത നേതാക്കൾ അവരുടെ രക്ഷക്കെത്തുന്നില്ല. കോടതികളെ സമീപിക്കാൻ ധൈര്യം കാട്ടിയ യുവതികളെ സമൂഹത്തിൽ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതും കാണുന്നുണ്ട്. ഇതൊക്കെ മുസ്‍ലീം സമൂഹത്തിലെ യുവതികളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. അവർ പ്രതികരിക്കാൻ അവസരമില്ലാതെ കഴിയുകയാണ്. അവരുടെ കൈകൾ കെട്ടിയിട്ടിരിക്കുന്നു; വായ് മൂടപ്പെട്ടിരിക്കുന്നു. അതാണ് ബിജെപി പ്രയോജനപ്പെടുത്താൻ ശ്രമിച്ചത്.

യുപി നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം വോട്ടുചെയ്തു് പുറത്തുവന്ന മുസ്‌ലിം യുവതികൾ തങ്ങൾ ഇത്തവണ ബിജെപിക്ക് വോട്ടുചെയ്തു എന്ന് പരസ്യമായി ടിവി ക്യാമറകൾക്കുമുന്നിൽ പറഞ്ഞത് കണ്ടിരിക്കുമല്ലോ. മുത്തലാക്കിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കക്ഷി ബിജെപിയായതിനാലാണ് അതെന്നും അവർ പറയുന്നത് കേൾക്കാമായിരുന്നു. ഇത് മുസ്‌ലിം സമുദായത്തിലെ ഒരു ചിത്രമാണ്. യുപിയിൽ മാത്രമല്ല, അത് ഒരുപക്ഷെ, ഏറ്റവുമധികം രാജ്യത്ത്‌ ഉണ്ടാവാൻ ഇടയുള്ളത്‌ മലപ്പുറത്താണ്. അവിടെ ഈ വിഷയം ഉന്നയിക്കാൻ കഴിയുക ബിജെപിക്കാവും എന്നതിലും സംശയമില്ലല്ലോ. ബിജെപി മുത്തലാക്ക് മുന്നോട്ടുവെച്ചു പ്രചാരണത്തിന് തയ്യാറായാൽ സ്വാഭാവികമായും മറ്റ്‌ രണ്ടു് മുന്നണികൾക്കും നിലപാട് സ്വീകരിക്കേണ്ടതായി വരും. യുഡിഎഫിന്റെ നിലപാട് പണ്ടേ വ്യക്തമാണ്. അവർ മുത്തലാക്കിന് ശക്തമായി എതിരാണ്. ഇടതുമുന്നണിയും ഇപ്പോൾ മുത്തലാക്കിന്റെ പക്ഷത്താണ്. പണ്ട്, 1984 കാലഘട്ടത്തിൽ, മുസ്‌ലിം സമുദായത്തിലെ ഇത്തരം പിന്തിരിപ്പൻ നയങ്ങൾക്കെതിരെ തെരുവിലിറങ്ങാൻ ഇഎംഎസ് നമ്പൂതിരിപ്പാടിനെപോലുള്ളവർ തയ്യാറായത് ഇന്നിപ്പോൾ സിപിഎം മറക്കുകയാണ്. അന്ന് അതിന്റെ പേരിലാണ് അഖിലേന്ത്യ ലീഗ് ഇടതുമുന്നണി വിട്ടുപോയത് എന്നതും ഓർക്കുക. പകരം അവരിപ്പോൾ മത മൗലികവാദികൾക്കൊപ്പം അണിനിരക്കുന്നു. ഇന്നിപ്പോൾ, മലപ്പുറം തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, അവർ നിലപാടിൽ മാറ്റം വരുത്താൻ ഇടയില്ല. അതുകൊണ്ടുതന്നെ, മുത്തലാക്കിനെ എതിർക്കുന്ന യുവതികളെയും യുവാക്കളെയും ആകർഷിക്കാൻ ബിജെപിക്ക് കഴിയും, കഴിയണം. യഥാർഥത്തിൽ മുത്തലാക്ക് ആകണം മലപ്പുറത്തെ ചർച്ച വിഷയം, തിരഞ്ഞെടുപ്പ് വിഷയം. ആ വിധത്തിൽ കാര്യങ്ങൾ ആവിഷ്കരിക്കാനുള്ള ഉത്തരവാദിത്തവും ചുമതലയും ബിജെപിക്കുണ്ട്.

ഇനി ഇതൊക്കെ നടക്കണമെങ്കിൽ അതിനനുസൃതമായി തിരഞ്ഞെടുപ്പ് പോരാട്ടം കാഴ്ചവെക്കാൻ ബിജെപി തയ്യാറാവുകയും വേണമല്ലോ. ഇവിടെ സൂചിപ്പിക്കുന്നത് സ്ഥാനാർഥിയെ സംബന്ധിച്ചാണ്. ഒരു വലിയ, ശക്തമായ, പോരാട്ടം കാഴ്ചവെക്കാൻ കഴിയുമാറ് മികച്ച സ്ഥാനാർഥിയെ നിശ്ചയിക്കണം എന്നതാണ് പ്രാഥമിക കാര്യം. മലപ്പുറത്ത്‌ എന്നല്ല കേരളത്തിൽ ഏതുമണ്ഡലത്തിലും കരുത്തുറ്റ പോരാട്ടം, മത്സരം, കാഴ്ചവെക്കാൻ കഴിയുന്ന നേതാക്കൾ അനവധി ബിജെപിയിലുണ്ട്. ജനകീയരായ നേതാക്കൾ അനവധിയുണ്ട്. അത്തരത്തിലൊരാൾ ആവണം അവിടെ മത്സരിക്കേണ്ടത് എന്നത് തിരിച്ചറിയാൻ ബിജെപി നേതൃത്വത്തിന് കഴിയുമെന്നതിൽ സംശയമില്ല. പക്ഷെ പുറത്തുവരുന്ന വാർത്തകൾ ശരിയെങ്കിൽ സത്യത്തിൽ നിരാശയാണ് തോന്നുന്നത്. ആ വാർത്തകൾ സത്യമാവരുതേ എന്നതാണ് ആഗ്രഹം. ബിജെപിയെ തകർക്കാൻ, തളർത്താൻ, ബിജെപി തന്നെ ശ്രമിക്കും എന്ന് ഒരിക്കലും കരുതിക്കൂടല്ലോ. ഇവിടെ ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ഇതേ ലോകസഭാ മണ്ഡലത്തിൽ മുൻപ്, 1984 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ, ഓ രാജഗോപാൽ മത്സരിച്ചിട്ടുണ്ട്. അന്ന് ഇബ്രാഹിം സുലൈമാൻ സേട്ടും ( മുസ്ളീം ലീഗ്) ഇകെ ഇമ്പിച്ചിബാവയും ( ഇടതുമുന്നണി) ആയിരുന്നു മറ്റു പ്രധാന സ്ഥാനാർഥികൾ. അന്ന് അവിടെ പ്രചാരണഘട്ടത്തിൽ പോകാൻ കഴിഞ്ഞ ഒരാളാണ് ഞാൻ. മലപ്പുറത്തിന്റെ പൂർവ രൂപമായ മഞ്ചേരി ആയിരുന്നു ആ മണ്ഡലം. ഇത് ഇപ്പോൾ പറഞ്ഞത്, അത്തരത്തിൽ ബിജെപിയിലെ പ്രമുഖർ ജനവിധി തേടിയ നിയോജകമണ്ഡലം ആണത് എന്ന് ഓർമ്മിപ്പിക്കാനാണ്. പികെ കുഞ്ഞാലിക്കുട്ടിയെ പോലുള്ള ഒരാൾ മത്സരിക്കുമ്പോൾ ആരാവണം ബിജെപി സ്ഥാനാർഥി എന്നത് തിരിച്ചറിയാനും അതിന്റെ നേതാക്കൾക്ക് , സംഘ പ്രസ്ഥാനങ്ങളുടെ നായകന്മാർക്ക്, കഴിവുണ്ട് എന്ന് കരുതുന്നയാളാണ് ഞാൻ. ഓ രാജഗോപാൽ അങ്ങിനെ അനവധി തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കുവേണ്ടി പോരാടിയിട്ടുണ്ട്. ഇന്നിപ്പോൾ അദ്ദേഹം എംഎൽഎ ആണല്ലോ. അതുകൊണ്ട് മറ്റേ രാജേട്ടൻ, കുമ്മനംജി, തന്നെ അവിടെ മത്സരത്തിന് തയ്യാറാവുന്നതിൽ തെറ്റില്ല എന്നതാണ് എനിക്ക് തോന്നിയത്.

ഇനി ഒന്നുകൂടി പറയട്ടെ. യു.പിയും ഉത്തരാഖണ്ഡും മണിപ്പൂരും ഗോവയും മറ്റും രാജ്യത്തുണ്ടാക്കിയ ആവേശം കാണാതെ പോകാനാവുമോ. അതിന്റെ അലയടികൾ കേരളത്തിലുമെത്തിയിട്ടുണ്ട് എന്നാണ് ബിജെപി അവകാശപ്പെടുന്നത്. അങ്ങിനെയാണ് വേണ്ടതും. പക്ഷെ, ആരെയെങ്കിലും നിർത്തി മത്സരിപ്പിക്കുകയും കഷ്ടിച്ച് കഴിഞ്ഞതവണ കിട്ടിയ വോട്ടിൽ കാര്യങ്ങൾ തീരുകയും ചെയ്താൽ യുപിയും ഉത്തരാഖണ്ഡുമൊക്കെ ഉണ്ടാക്കിയ ‘അന്തരീക്ഷം’ എവിടെയാണ്, എന്താണ് എന്ന് ആളുകൾ ചോദിക്കും എന്നതിൽ സംശയമുണ്ടോ?. കേരളത്തിലെ ബിജെപി നേതൃത്വത്തിന് മാത്രമല്ല, ദേശീയ നേതാക്കൾക്കും, പ്രധാനമന്ത്രിക്കു പോലും, വലിയ നാണക്കേടാണ് അതുണ്ടാക്കുക എന്നാണ് എനിക്ക് തോന്നുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button