കെ.വി.എസ് ഹരിദാസ്
രാഹുൽ ഗാന്ധി ആരാണ്, ഇന്നാട്ടിലെ മഹാരാജാവോ?. കോൺഗ്രസിന്റെ ആ മുൻ അധ്യക്ഷനെ വിമർശിച്ചതിന് മഹാരാഷ്ട്രയിലെ ഒരു സർവകലാശാല അധ്യാപകനെ സംസ്ഥാന സർക്കാർ ഇടപെട്ട് നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചതാണ് ഈ ചോദ്യം ഉന്നയിക്കാൻ പ്രേരിപ്പിച്ചത്. ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ നാഴികക്ക് നാലുവട്ടം പ്രസംഗിച്ചു നടക്കുനനവരാണ് ഇത്തരത്തിൽ ജനാധിപത്യ വിരുദ്ധമായ നടപടികൾക്ക് മുതിർന്നത്. കോൺഗ്രസിന്റെ തരം താണ രാഷ്ട്രീയമാണ് ഇതിലൂടെ തുറന്നുകാട്ടപ്പെടുന്നത്. അതിലുപരി, രാഹുൽ ഗാന്ധി ആരാണ് എന്താണ് എന്നത് ചർച്ചചെയ്യാനും ഇത് വഴിയൊരുക്കുന്നു.
മുംബൈ സർവകലാശാലയിലെ അക്കാഡമി ഓഫ് തീയറ്റർ ആർട്ട്സ് -ന്റെ ഡയറക്ടർ യോഗേഷ് സമാൻ ആണ് പുറത്താക്കപ്പെട്ട അധ്യാപകൻ. സവർക്കറെ അധിക്ഷേപിച്ചുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ പരാമര്ശങ്ങളോട് പ്രതികരിക്കുകയാണ് പ്രൊഫസർ ചെയ്തത്, അതും ഫേസ് ബുക്കിലൂടെ. താൻ രാഹുൽ സവർക്കറല്ല , രാഹുൽ ഗാന്ധിയാണ് എന്നും അതുകൊണ്ട് മാപ്പ് പറയുന്ന പ്രശ്‌നമില്ലെന്നും ഒരിക്കൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചയാളാണ് സവർക്കർ എന്നും ബ്രിട്ടീഷുകാരുടെ ഷൂ നാക്കിയയാളാണ് എന്നുമൊക്കെയും ആക്ഷേപിച്ചിരുന്നു. അതിനെയൊക്കെ ചൊല്ലി ഏറെ വിവാദങ്ങൾ ഉയർന്നതാണല്ലോ. സവർക്കർ കുടുംബത്തിലെ ഒരാൾ രാഹുലിനെതിരെ കോടതിയെ സമീപിച്ചിട്ടുമുണ്ട്. എന്നിട്ടും രാഹുലും പരിവാരവും സവർക്കറെ അധിക്ഷേപിക്കുന്നത് തുടരുകയായിരുന്നു. കോൺഗ്രസ് നേതാക്കളിൽ പോലും അത് അസംതൃപ്തി ഉണ്ടാക്കിയതാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെഹരിശ്രീ അറിയാത്ത ഒരാൾ ഇത്തരത്തിൽ വിളിച്ചു പുലമ്പുന്നത് ശരിയല്ലെന്ന് മുതിര്ന്ന കോൺഗ്രസുകാരിൽ പോലും അഭിപ്രായമുയർന്നതാണ്. ശിവസേനയെപ്പോലെ കോൺഗ്രസിനൊപ്പം നിൽക്കുന്നവരും ഇക്കാര്യത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിൽ അതൊരു വലിയ വിവാദവും ചർച്ചാവിഷയവുമായതാണ്. അതിന്റെ സ്വാഭാവിക പ്രതികരണമാണ് ആ പ്രൊഫസർ നടത്തിയത്.
” Rahul Gandhi’s statement is absolutely condemnable! He is nowhere close to even a single good deed of Veer Savarkar & his greatness. Not just this,he should not even do the blunder of considering himself as ‘Gandhi’!One cannot become ‘Gandhi’by just keeping his surname as Gandhi!” ഇതായിരുന്നു മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ പ്രതികരണം. അതായത് സവർക്കറുടെ നാലയൽവക്കത്ത് പോലും നില്ക്കാൻ യോഗ്യതയില്ലാത്ത ഒരാളാണ് രാഹുൽ ഗാന്ധി എന്ന് അദ്ദേഹം തുറന്നടിക്കുകയാണ് ചെയ്തത്. തന്നെ ഒരു ഗാന്ധിയായി പോലും സ്വയം കരുതിക്കൂടെന്നും ആ ബിജെപി നേതാവ് തുറന്നടിച്ചു. സവർക്കർക്ക് അത്രയേറെ അപമാനമുണ്ടാക്കാനാണ് രാഹുൽ ശ്രമിച്ചത്.
ഡിസംബർ 14 -നാണ് യോഗേഷ് സമാൻ ഫേസ് ബുക്കിൽ ഒരു വീഡിയോ ബ്ലോഗ് ഇട്ടത്. “You truly are not Savarkar, you don’t have any qualities of him. The truth is you are not a true Gandhi either…” ഇതാണ് ആ പ്രൊഫസർ പറഞ്ഞത്. അതായത്, ” സത്യമാണ് നിങ്ങൾ ഒരിക്കലും സവർക്കറല്ല; നിങ്ങൾക്ക് അദ്ദേഹത്തിന്റെ ഒരു യോഗ്യതയുമില്ല; സത്യമെന്താണ് എന്നുവെച്ചാൽ നിങ്ങൾ യഥാർഥ ഗാന്ധിയുമല്ല”. അത് കോൺഗ്രസുകാരെ മാത്രമല്ല അതിലേറെ രാഹുൽ ഗാന്ധിയെയും വല്ലാതെ ബാധിച്ചു. ഒരു പക്ഷെ താൻ സവർക്കറല്ല, സവർക്കറുടെ ഒരു യോഗ്യതയുമില്ല എന്ന് പറഞ്ഞതിലേറെ നിങ്ങൾ ഒരു ഗാന്ധിയുമല്ല എന്ന് പറഞ്ഞതാവണം രാഹുലിനെ വിഷമിപ്പിച്ചത്. ‘കള്ള ഗാന്ധി’ എന്നാണല്ലോ അതിൽ പറഞ്ഞത്. പിന്നീട് അത് ഏറ്റുപിടിച്ചത് എൻഎസ്‌യു- ഐ ക്കാരും.അവർ പരാതിയുമായി പോയി. അതായത് ആ വീഡിയോ ബ്ലോഗ് രാഹുൽ ഗാന്ധിയെ അത്രയേറെ ആക്രമിക്കുന്നതായിരുന്നു എന്നർത്ഥം; കുറിയ്ക്ക് കൊള്ളുക എന്നൊക്കെപറയാറില്ലേ, അതുതന്നെ. 23 -ന് കുറെ എൻഎസ്‌യു- ഐ സർവകലാശാല വി.സിയെ ഘെരാവോ ചെയ്തു. അതിനുശേഷമാണ് രാഷ്ട്രീയ നേതൃത്വം ഇടപെടുന്നതും അധ്യാപകനെ പുറത്തുനിർത്തുന്നതും. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും ആഭ്യന്തര മന്ത്രിയുമൊക്കെ ന്യായീകരിക്കുന്നതും നാം കണ്ടു. രാഹുൽ ഗാന്ധിയെ വിമര്ശിച്ചുകൂടാ എന്നതാണ് ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് വാർത്താലേഖകരോട് പറഞ്ഞത്.
ഇത് കേൾക്കുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ നിലവാരം ചർച്ചചെയ്യേണ്ടിവരിക. ആരാണ് ഈ രാഹുൽ, ആരാണ് അദ്ദേഹത്തിന്റെ ‘അമ്മ, എന്താണവരുടെ രാഷ്ട്രീയ പാരമ്പര്യം, എന്താണവർ മുൻപ് ചെയ്തിരുന്നത്, എന്താണവർക്ക് ഇന്ത്യൻ ദേശീയ പ്രശനത്തിലുള്ള റോൾ……. ഇത്തരമൊരാളെ വിമർശിച്ചുകൂടെ ?. എന്താണ് രാഹുൽ ഗാന്ധിക്ക് അറിയുന്ന ഇന്ത്യൻ ദേശീയത? ഒരു രാഷ്ട്രീയക്കാരൻ എന്ന നിലക്ക് ഇതുപോലെ പരാജയപ്പെട്ട ഒരു നേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായിട്ടുണ്ടോ സംശയമാണ്; തീർച്ചയായും ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടായിട്ടില്ല. . നെഹ്‌റു പരമ്പരയിൽ പിറന്നതുകൊണ്ട് എന്തുമാവാം എന്ന് കരുതിപ്പോരുന്നു ഒരാൾ. ആ പാർട്ടിയെ നയിക്കാനായി ഇറങ്ങിത്തിരിച്ച്, അതിനെ വല്ലാത്ത പ്രതിസന്ധിയിലാക്കി. അദ്ദേഹം നയിച്ച തിരഞ്ഞെടുപ്പുകളിൽ ഒന്നിലും പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ടുന്നത്ര എംപിമാരെ ഉണ്ടാക്കാൻ പോലും ആ പാർട്ടിക്കായില്ല എന്നത് ചരിത്രമല്ലേ? പരാജിതനായ ഒരു രാഷ്ട്രീയ നേതാവ്, അഴിമതിയുടെ ചെളിക്കുണ്ടിൽ ഒരു കുടുംബത്തെ മുഴുവനായി എത്തിച്ച നേതാവ്, ജാമ്യത്തിനായി കോടതി കയറിയിറങ്ങുന്ന നേതാവ് …… ജീവിതത്തിലെമ്പാടും ദുരൂഹത നിറഞ്ഞുനിൽക്കുന്ന രാഷ്ട്രീയക്കാരൻ. അത്തരമൊരാൾ എങ്ങിനെയാണ് സവർക്കറെപ്പോലുള്ള ഒരു ധീര ദേശാഭിമാനിമാരെ ആക്ഷേപിക്കാനും വിമർശിക്കാനും യോഗ്യത നേടുക? ഇന്ദിര ഗാന്ധി പോലും സവർക്കറോട് എത്ര ബഹുമാനത്തോടെയാണ് പെരുമാറിയതെന്ന് തിരിച്ചറിയാനുള്ള വിവരമോ വിവേകമോ അദ്ദേഹത്തിനില്ലാതെ പോയി. അത് രാഹുലിനെ ധരിപ്പിക്കാനുതകുന്ന ഒരു നേതൃത്വവും ആ പാർട്ടിക്കില്ല.
മറ്റൊന്ന്, അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് പറഞ്ഞു നടക്കുന്നവരാണ് ഈ കോൺഗ്രസുകാർ. അവരാണ് ഒരു ഫേസ് ബുക്ക് വീഡിയോ കണ്ട് വിളറിപ്പോകുന്നത്; ധാർഷ്ട്യം പ്രകടിപ്പിക്കുന്നത്. ഇതേ രാഹുൽ ഗാന്ധി കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും മറ്റും നരേന്ദ്ര മോദിക്കും മറ്റുമെതിരെ എന്തെല്ലാം ആക്ഷേപങ്ങൾ ചൊരിഞ്ഞു. എല്ലാം കള്ളത്തരങ്ങൾ; നുണപ്രചാരണങ്ങൾ. അത്തരം കള്ളത്തരങ്ങൾ പറഞ്ഞതിന് രാഹുലിനെ സുപ്രീം കോടതി ശാസിച്ചതും ഇവിടെ സ്മരിക്കാതെ വയ്യല്ലോ. അത്തരമൊരു കള്ളപ്രചാരണം നടത്തിയവരാണ് ഇപ്പോൾ സവർക്കറെ വിമർശിച്ചത് മര്യാദയായില്ല എന്ന് ഒരു അധ്യാപകൻ അഭിപ്രായം പറഞ്ഞതിന് ഈ വിധത്തിൽ പ്രകോപിതനായത്, ആക്ഷേപിച്ചത്. ഇതാണ് രാജ്യം കാണേണ്ടത്, ചർച്ച ചെയ്യേണ്ടത്.
Post Your Comments