NewsIndia

ചെന്നിത്തലയുടേയും കൂട്ടരുടേയും തന്ത്രങ്ങള്‍ പാളി : ചരിത്രം തിരുത്തിക്കുറിച്ച് മണിപ്പൂരിന്റെ മണ്ണില്‍ ഇനി ബി.ജെ.പി ഭരണം

ഇംഫാല്‍: മണിപ്പൂര്‍ ചരിത്രം തിരുത്തികുറിയ്ക്കുകയാണ്. കോണ്‍ഗ്രസ് മന്ത്രിസഭയ്ക്ക് കോപ്പ് കൂട്ടിയെങ്കിലും എല്ലാതന്ത്രങ്ങളും പാളുകയായിരുന്നു. അങ്ങനെ മണിപ്പൂര്‍ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റു. ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും രണ്ടാം സ്ഥാനത്തുള്ള ബിജെപി നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട എന്‍. ബീരേന്‍ സിങ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ചെറുപാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണ ആര്‍ജിച്ചാണ് ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം തികച്ചത്. 60 അംഗ നിയമസഭയില്‍ 21 എം.എല്‍.എമാരാണു ബി.ജെ.പിക്കുണ്ടായിരുന്നത്. നാല് അംഗങ്ങള്‍ വീതമുള്ള നാഗ പീപ്പിള്‍സ് പാര്‍ട്ടിയും നാഗ പീപ്പിള്‍സ് ഫ്രണ്ടും ഒരു അംഗമുള്ള ലോക് ജനശക്തി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏക അംഗവും കോണ്‍ഗ്രസിന്റെ ഒരു എം.എല്‍.എയും ബി.ജെ.പിക്കു പിന്തുണ പ്രഖ്യാപിച്ചു.

ഇതോടെ കേലവഭൂരിപക്ഷം വേണ്ട 31 മറികടന്ന് 32 എം.എല്‍.എമാര്‍ ബിജെപി പക്ഷത്തായി.
28 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. മണിപ്പൂരിന്റെ തെരഞ്ഞെടുപ്പു ചുമതലയുള്ള രമേശ് ചെന്നിത്തലയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനത്ത് എത്തി ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കി. എന്നാല്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയ്ക്കൊപ്പം നില്‍ക്കാനായിരുന്നു ചെറു പാര്‍ട്ടികള്‍ താത്പര്യം കാണിച്ചത്. ഇതോടെ ചെന്നിത്തലയുടെയും സംഘത്തിന്റെയും തന്ത്രങ്ങളെല്ലാം പാളുകയായിരുന്നു.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് ബിജെപി പുറത്തെടുത്തത്. ഒറ്റ സീറ്റും ഇല്ലാതിരുന്നിടത്തുനിന്നാണ് അവര്‍ രണ്ടാം സ്ഥാനത്തെത്തുകയും പിന്നീട് സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരിക്കുന്നത്. മണിപ്പൂരിന്റെ ചരിത്രത്തില്‍ ആദ്യമായി അധികാരമേല്‍ക്കുന്ന ബിജെപി സര്‍ക്കാരിനെ നയിക്കുന്നത് മുന്‍ കോണ്‍ഗ്രസുകാരന്‍ കൂടിയാണ്. മുഖ്യമന്ത്രി ബീരേന്‍ സിങ് മുന്‍ മുഖ്യമന്ത്രിയായ ഇബോബി സിംഗിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button