ഇന്ത്യന്‍ ജനാധിപത്യം മാറുകയാണ്. കാലാനുസൃതമായ ഭരണ നവീകരണവും പൗരസ്വാതന്ത്ര്യ സംരക്ഷണവും ജനാവകാശ സുരക്ഷിതത്വവും ഉറപ്പുനല്‍കിയും നടപ്പാക്കിയുമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മുന്നേറുന്നത്. രാജ്യത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കുന്ന എത്രയോ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. കോണ്‍ഗ്രസ് നിയന്ത്രണ സര്‍ക്കാരുകളുടെ കാലത്ത് നിഷേധിക്കപ്പെട്ടതോ സ്വപ്‌നം കാണാന്‍ കഴിയാത്തതോ ആയ എത്രയോ നേട്ടങ്ങളാണ് ചുരുങ്ങിയ നാളത്തെ മോദി ഭരണം രാജ്യത്തെ ഓരോ പ്രജകള്‍ക്കും മുന്നില്‍ അവതരിപ്പിച്ചത്. അത്തരത്തില്‍ ജനകീയ നന്മയില്‍ ഊന്നിയുള്ള മറ്റൊരു പദ്ധതി കൂടി ഉടന്‍ ആവിഷ്‌കരിക്കപ്പെടുകയാണ്.
കുടുംബത്തിന്റെ അത്താണിയായി ഏക വരുമാന മാര്‍ഗമായി നിലകൊള്ളുന്നവര്‍ക്ക് പെട്ടെന്നുണ്ടാകുന്ന ദുരന്തം ആ കുടുംബത്തെ ഒന്നാകെ തളര്‍ത്തുന്ന കാഴ്ച ഇന്ത്യയില്‍ ഉടനീളം ദൃശ്യമാണ്. എന്നാല്‍ അത്തരം ദുര്യോഗങ്ങളില്‍ തകര്‍ന്നുപോകാനിടയുള്ള കുടുംബങ്ങള്‍ക്ക് അത്താണിയാവുകയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന യൂണിവേഴ്‌സല്‍ സോഷ്യല്‍ സെക്യൂരിറ്റി കവര്‍. രാജ്യത്തെ നാല്‍പത്തിയഞ്ച് കോടിയോളം തൊഴിലാളികള്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം കിട്ടുന്നത്. തൊഴില്‍ നഷ്ടപെട്ടാലോ അപകടം സംഭവിച്ചാലോ അസുഖം വന്നാലോ മരിച്ചാലോ ഒന്നും സ്വന്തം കുടുംബത്തിനെ പട്ടിണി കിടത്തേണ്ടി വരില്ല. കുട്ടികളെ സ്‌കൂളില്‍ അയക്കുന്നത് മുടക്കേണ്ടി വരില്ല, ചികിത്സകള്‍ മുടങ്ങില്ല, വൃദ്ധരായ മാതാപിതാക്കളെ വിഷമിപ്പിക്കേണ്ടി വരില്ല. മറ്റൊരു തൊഴില്‍ ലഭിക്കുന്നവരെയോ അല്ലെങ്കില്‍ അസുഖം ഭേദമായി ജോലിയില്‍ തിരികെ പ്രവേശിക്കുന്നവരെയോ വ്യവസ്ഥകള്‍ക്ക് വിധേയമായി മിനിമം വേതനം ഒരു നിശ്ചിത കാലയളവുവരെ ലഭിച്ചുകൊണ്ടേ ഇരിക്കുന്നതാണ് പദ്ധതി. കേന്ദ്ര തൊഴില്‍ മന്ത്രാലയമാണ് പദ്ധതി രാജ്യത്ത് നടപ്പാക്കുന്നത്.
ഈ പദ്ധതി വഴി ഭാരതത്തിലെ ഓരോ തൊഴിലാളിക്കും ഏതെങ്കിലും തരത്തിലുള്ള വരുമാന നഷ്ടമോ തൊഴില്‍ നഷ്ടമോ മരണമോ ജോലിചെയ്യാന്‍ സാധിക്കാത്ത അംഗവൈലാക്യമോ അസുഖങ്ങളോ മെഡിക്കല്‍ ചിലവുകളോ ഉണ്ടായാല്‍ അത് മുഴുവന്‍ സോഷ്യല്‍ സെക്യൂരിറ്റി ഫണ്ടില്‍ നിന്നും അര്‍ഹതക്കനുസരിച്ചു ലഭ്യമാകും. വികസിതരാഷ്ട്രങ്ങളില്‍ നിലവിലുള്ള സോഷ്യല്‍ സെക്യൂരിറ്റി സിസ്റ്റത്തിന്റെ ചുവടു പിടിച്ചാണ് ഇന്ത്യയിലും ഈ പദ്ധതി നടപ്പാക്കുന്നത്. ഓരോ തൊഴില്‍ദാതാവും തൊഴിലാളിയും സ്വന്തം വേതനത്തില്‍ നിന്നും ഇതിനുള്ള കോണ്‍ട്രിബ്യൂഷന്‍ നിര്‍ബന്ധമായും നല്‍കണം. നിലവിലുള്ള വരുമാനത്തിന്റെ പരമാവധി മുപ്പത് ശതമാനമാണ് ഈ ഫണ്ടിലേക്ക് നല്‍കേണ്ടത്. ബി.പി.എല്‍ തൊഴിലാളികളുടെ കാര്യത്തില്‍ ഇതിന്റെ മൊത്തം ചിലവും സര്‍ക്കാര്‍ വഹിക്കും. അതിനു മുകളിലുള്ളവര്‍ക്കു വരുമാനത്തിന് അനുസരിച്ചായിരിക്കും കോണ്‍ട്രിബ്യുഷന്‍. നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം പ്രോവിഡന്റ് ഫണ്ട് ആയും ആറുശതമാനം ഇന്‍ഷുറന്‍സ് ആയും നല്‍കുന്നതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയും അടിസ്ഥാന ശമ്പളം കുറഞ്ഞവര്‍ക്ക് പ്രത്യേക സ്ലാബ് കൊണ്ടുവന്നും ആണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിലെ 45 കോടി തൊഴിലാളികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും കൂടാതെ വര്‍ഷാവര്‍ഷം അധികമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഓരോ കോടി തൊഴിലാളികള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. യൂണിവേഴ്‌സല്‍ സോഷ്യല്‍ സെക്യൂരിറ്റി കവര്‍ നടപ്പാകുന്നതോടെ ഇന്ത്യന്‍ തൊഴില്‍ മേഖലയില്‍ അടിമുടി മാറ്റമാണ് ഉണ്ടാകുന്നത്. യൂണിവേഴ്‌സല്‍ സോഷ്യല്‍ സെക്യൂരിറ്റി കവര്‍ പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് പ്രത്യേക സോഷ്യല്‍ സെക്യൂരിറ്റി കോഡ് നമ്പരും ലഭ്യമാക്കും. തൊഴിലുടമ നിര്‍ബന്ധമായും തൊഴിലാളികള്‍ക്കുള്ള യൂണിവേഴ്‌സല്‍ സോഷ്യല്‍ സെക്യൂരിറ്റി കവര്‍ വിഹിതം അടച്ചിരിക്കണമെന്നും നിഷേധിക്കുന്നവര്‍ക്കെതിരെ നടപടിക്കും പദ്ധതി വ്യവസ്ഥ ചെയ്യുന്നുണ്ട്.
Post Your Comments