തിരുവനന്തപുരം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യവുമായി വീണ്ടും കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഈ ആവശ്യവുമായി നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കണമെന്നും സര്‍വകക്ഷി സംഘത്തെ അയക്കണമെന്നും വിഷയം ശ്രദ്ധക്ഷണിക്കലായി അവതരിപ്പിച്ച വി.ടി.ബല്‍റാം ആവശ്യപ്പെട്ടെങ്കിലും അത് ഇപ്പോള്‍ എന്തുകൊണ്ട് ഒഴിവാക്കുന്നെന്ന് പിന്നീട് അറിയാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
ഇതിനേക്കാള്‍ നീളം കുറഞ്ഞ റണ്‍വേയുളള വിമാനത്താവളങ്ങളില്‍ വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതിന് പിന്നില്‍ വേറെ താല്‍പ്പര്യങ്ങള്‍ ഉണ്ട്. അവിടെ നിന്നും വലിയ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഒന്നിലധികം തവണ സര്‍ക്കാര്‍ ഈ ആവശ്യത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ വ്യവസ്ഥകള്‍ പാലിക്കാതെ സര്‍വ്വീസ് നടത്താനാവില്ലെന്ന നിലപാടിലാണ് വ്യോമയാന വകുപ്പ്. നിലവിലെ 2850 മീറ്റര്‍ റണ്‍വേ 3400 മീറ്ററാക്കണം, എയര്‍ സ്ട്രിപിന്റെ വീതി 300 മീറ്ററാക്കണം, സേഫ്റ്റി ഏരിയ 240 മീറ്ററാക്കണം എന്നീ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനുളള ശ്രമത്തിലാണ്. ഇതിനായി സ്ഥലം ഏറ്റെടുക്കല്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments