Travel

ശുചീന്ദ്രം സ്ഥാണുമലയപെരുമാൾ ക്ഷേത്രത്തിൽ

ജ്യോതിര്‍മയി ശങ്കരന്‍

ചില യാത്രകൾ എപ്പോൾ വേണമെങ്കിലും പോകാൻ ബുദ്ധിമുട്ടില്ലാത്തതാണെങ്കിലും എത്ര തന്നെ വിചാരിച്ചാലും നടക്കാതെ പോകുന്നതിനെന്താണാവോ കാരണം ? വിശദമായി തിരുവനന്തപുരവും കന്യാകുമാരിയുമെല്ലാം ചുറ്റിക്കറങ്ങിയിട്ടും അന്ന് കന്യാകുമാരി, കോവളം, ശംഖുമുഖം , തിരുവനന്തപുരത്തെ മ്യൂസിയം, വാക്സ് മ്യൂസിയം തുടങ്ങിയ വലിയൊരു ലിസ്റ്റിൽ നിന്നും ശുചീന്ദ്രം ഒഴിഞ്ഞു മാറി നിന്നു. അമ്പലത്തിനു തൊട്ടു തന്നെയുള്ള ബന്ധുഗൃഹവും അമ്പലത്തിന്നകത്തുള്ള സുഹൃത്തും എത്രയോ മുൻപു തന്നെ അവിടം സന്ദർശിയ്ക്കാനൊരു കാരണമാകാമായിരുന്നെങ്കിലും പോകണമെന്ന മോഹത്തിന്നപ്പുറം വരച്ച ലക്ഷ്മൺ രേഖ എന്താണെന്നിതുവരെ മനസ്സിലാക്കാനായിരുന്നില്ല. പിന്നത്തേയ്ക്കായി മാറ്റിവച്ച പല യാത്രകളിലൊന്നായതു മറഞ്ഞു കിടക്കുമ്പോഴാണ് അവിടത്തുകാരിയായ ഏടത്തിയമ്മയുടെ ക്ഷണം കിട്ടിയത്.നമ്മൾ പോകുന്നു. ഇത്തവണ മോഹ സാഫല്യം ഉറപ്പായി.

ഞങ്ങൾ ഏഴു സ്ത്രീകളടങ്ങുന്ന സംഘം ട്രെയിൻ മാർഗ്ഗം യാത്ര തിരിച്ചു. രാത്രി ഒമ്പത് അമ്പതിന്റെ ഗുരുവായൂർ- ചെന്നൈ വണ്ടി ശുചീന്ദ്രത്തെത്തിയപ്പോൾ സമയം രാവിലെ അഞ്ചേ മുക്കാൽ ആയി. ഏതാണ്ട് എട്ടുമണിക്കൂർ നേരത്തെ യാത്രയിൽ കുറച്ചു സമയം മാത്രമേ ഉറങ്ങാനായുള്ളൂ. യാത്രയുടെ ആവേശത്തിൽ ഉറക്കം പമ്പ കടന്നു. ഇത്തരമൊരു യാത്ര ആദ്യമായിട്ടായിരുന്നെന്നതായിരുന്നു കാരണം. ഞങ്ങളെ പിക് അപ്പ് ചെയ്യുന്നതിനായി വന്ന വാഹനത്തിൽക്കയറി അഞ്ചുമിനിറ്റിൽ തൊട്ടടുത്തു തന്നെയുള്ള ഏടത്തിയമ്മയുടെ വീട്ടിലെത്തി. കുശലപ്രശ്നങ്ങൾക്കപ്പുറം കുളിയും ആതിഥേയരുടെ സ്നേഹോഷ്മളങ്ങളായ സൽക്കാരവും കഴിഞ്ഞപ്പോൾ അന്നത്തെ യാത്രയെക്കുറിച്ചൊരു രൂപരേഖ തയ്യാറാക്കി.

ഏറ്റവുമേറെ മോഹം ശുചീന്ദ്രത്തെ അമ്പലത്തിൽ തൊഴാനായിരുന്നു എല്ലാവർക്കുമെന്നറിയാവുന്നതിനാൽ ലിസ്റ്റിലെ അദ്യത്തെ ഇനം അതു തന്നെയായിരുന്നു.. അമ്പലത്തിലേയ്ക്കു രണ്ടു-മൂന്നു മിനിറ്റു ദൂരം മാത്രം.ശുചീന്ദ്രം സ്ഥാണു മലയ പ്പെരുമാൾ ക്ഷേത്രത്തെക്കുറിച്ച് ഒട്ടേറെക്കേട്ടിട്ടുണ്ട്.ആയിരത്തിലധികം വർഷത്തെ പഴക്കം അവകാശപ്പെടുന്ന ഈ ക്ഷേത്രം ശുചീന്ദ്രത്തു നിന്നും നാഗർ കോവിൽ‌പ്പോകുന്ന റൂട്ടിലാണ് സ്ഥിതിചെയ്യുന്നത്. പല പ്രത്യേകതകളും നിറഞ്ഞ അമ്പലം. ബ്രഹ്മാ-വിഷ്ണു മഹേശ്വരന്മാർ തൃമൂർത്തീഭാവം കാണിച്ചു തരുന്ന പ്രതിഷ്ഠ. ഇവിടുത്തെ സംഗീതം പൊഴിയ്ക്കുന്ന തൂണുകൾ ലോകവിസ്മയം തന്നെയാണല്ലോ? അമ്പലത്തിൽ തൊഴാനായിട്ടിറങ്ങുമ്പോൾ മനസ്സിൽ ഭക്തിയും, അതോടൊപ്പം കൌതുകവും ആകാംക്ഷയും ഉദ്വേഗവുമെല്ലാം നിറഞ്ഞു നിന്നിരുന്ന അവസ്ഥയായിരുന്നു. എല്ലാവരും ഇതേ ഹൃദയത്തുടിപ്പുകളോടെത്തന്നെയാണ് അങ്ങോട്ട് പോകുമ്പോഴെന്നു മനസ്സിലാക്കാനായി. ഗൈഡ് കം ആതിഥേയയായ പ്രീതയ്ക്കു ഇതു മനസ്സിലാക്കാനായെന്നു തോന്നുന്നു, എല്ലാം വിശദമായിത്തന്നെ ഞങ്ങൾക്ക് പറഞ്ഞു തന്നുകൊണ്ടിരുന്നു.

ഇന്ദ്ര നിർമ്മിതമാണീ ക്ഷേത്രമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഗൌതമ മഹർഷിയുടെ ഭാര്യയായ അഹല്യയുടെ സൌന്ദര്യത്തിൽ മതിമറന്ന ഇന്ദ്രൻ കോഴി കൂകുന്ന ശബമുണ്ടാക്കിയതും മഹർഷി നേരം വെളുത്തെന്നു കരുതി സ്നാനത്തിന്നായി പോയപ്പോൾ കാമാതുരനായ ദേവേന്ദ്രൻ മഹർഷിയുടെ രൂപം പൂണ്ട് അഹല്യയെ പ്രാപിച്ചതും ഗംഗ ഉണരാത്തതിനാൽ തിരിച്ചു വന്ന മഹർഷി ദേവേന്ദ്രനെ വിവസ്ത്രനായി തന്റെ ഭാര്യക്കൊപ്പം കണ്ട് അഹല്യയെ കല്ലായിപ്പോകട്ടെയെന്നും ഇന്ദ്രനെ സഹസ്രമുഖനാകട്ടെയെന്നും ശപിച്ചപ്പോൾ ശാപമോക്ഷത്തിന്നായി ഇന്ദ്രൻ പ്രാർത്ഥിച്ച സ്ഥലം. ശാപമോക്ഷം കിട്ടാനായി ഇന്ദ്രൻ ത്രിമൂർത്തികളെ പ്രത്യക്ഷപ്പെടുത്തി .ഇന്ദ്രനു ശുചിയേകാൻ അവരുടെ അനുഗ്രഹം കിട്ടിയ സ്ഥലത്ത് ഇന്ദ്രൻ പണിത ക്ഷേത്രം. ഇതുകൂടാതെ മറ്റൊരൈതിഹ്യം കൂടി ഈ ക്ഷേത്രത്തിന്റെ ഉൽ‌പ്പത്തിയെക്കുറിച്ചുണ്ടെന്ന് ഇവിടെ വന്നപ്പോഴാണറിയാൻ കഴിഞ്ഞത്.

അക്കഥ ഇങ്ങിനെയാണ്. അത്രി മഹർഷിയും അങ്ങേയറ്റം പതിവ്രതയായ ഭാര്യ അനസൂയയും ജ്നാനാരണ്യത്തിൽക്കഴിയവേ ഒരിയ്ക്കൽ മഴയുടെ ലഭ്യത തീരെയില്ലാതാവുകയും മഴപെയ്യിയ്ക്കാൻ ദേവേന്ദ്രനെ പ്രീണിപ്പെടുത്താൻ തപസ്സിനായി മഹർഷി ഹിമാലയത്തിൽ പോവുകയും ചെയ്തു. ഒറ്റയ്ക്കായ അനസൂയ ഭർത്താവിന്റെ കാൽ കഴുകിയെടുത്ത തീർത്ഥത്തെ സ്വരക്ഷ്യ്ക്കായി കൂടെ കരുതി. അനസൂയയുടെ പാതിവ്രത്യശക്തിയെക്കുറിച്ച് നാരദമഹർഷിയിൽനിന്നുമറിഞ്ഞ ലക്ഷി-സരസ്വതി –പാർവ്വതിമാർ ആ പാതിവ്രത്യശക്തിയെ പരീക്ഷിച്ചറിയാൻ തങ്ങളുടെ ഭർത്താക്കന്മാരെ പ്രച്ഛന്ന വേഷധാരികളായ സന്യാസിമാരായി അവളുടെ സമീപത്തേക്കയയ്ക്കുന്നു. വിവസ്ത്രയായിവേണം തങ്ങൾക്കു ഭിക്ഷ തരാനെന്ന് സന്യാസിമാർ ശഠിച്ചപ്പോൾ തന്റെ ഭർത്താവിനെ ഭക്തിപൂർവ്വം സ്മരിച്ച് ത്രിമൂർത്തികളെ കൈക്കുഞ്ഞാക്കി മാറ്റി പരിചരിച്ച അനസൂയയുടെ പാതിവ്രത്യശക്തിയിൽ മൂന്നു ദേവിമാരും സന്തോഷിയ്ക്കുകയും അവരുടെ ഭർത്താക്കന്മാരെ പഴയവിധത്തിൽ ത്തന്നെ തിരികെ കൊടുക്കുവാൻ അപേക്ഷിയ്ക്കുകയും ചെയ്തു. . ഇക്കാരണം കൊണ്ടാണ് ഇവിടെ ത്രിമൂത്തീ സാന്നിദ്ധ്യമുണ്ടായതത്രേ. സ്ഥാണുമലയപ്പെരുമാൾ എന്നറിയപ്പെടുന്ന പ്രതിഷ്ഠയുടെ മുകൾ ഭാഗം ശിവനേയും, നടു ഭാഗം വിഷ്ണുവിനേയും താഴ്ഭാഗം ബ്രഹ്മാവിനെയും പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം. പരശുരാമൻ നടത്തിയ നൂറ്റെട്ടു ശിവാലയപ്രതിഷ്ഠകളിൽ ഒന്നാണിതെന്നും കരുതപ്പെടുന്നു. നൂറ്റെട്ടു ശിവാലയങ്ങളെക്കുറിച്ചുള്ള “ ശ്രീമം ദക്ഷിണ കൈലാസം, ശ്രീപേരൂരു ….‘ എന്ന കുട്ടിക്കാലത്തു സ്ഥിരം ജപിച്ചിരുന്ന സ്തോത്രമാണാദ്യം തന്നെ മനസ്സിലേയ്ക്കോടിയെത്തിയത്.

എല്ലാ പുരാതനമായ ക്ഷേത്രങ്ങൾക്കു പിന്നിലും ഇത്തരം ഐതിഹ്യങ്ങൾ കാണും. അവയിലൂടെ ഒന്നു മുങ്ങിക്കുളിച്ച ശേഷം നടത്തുന്ന ദർശനങ്ങളിൽ ഭക്തിഭാവം കൂടാതെ വയ്യ. പലപ്പോഴും ഇത്തരം ഐതിഹ്യങ്ങൾ മൺമറഞ്ഞുപോയ പലതിനേയും കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ കൂടിയായി മാറുമ്പോൾ മനസ്സു ഭക്തിസാന്ദ്രമായി മാറുന്നു. സ്ഥാണുമാലയപ്പെരുമാളേ..കാത്തു രക്ഷിയ്ക്കണേ..

shortlink

Related Articles

Post Your Comments

Related Articles


Back to top button