തിരുവനന്തപുരം: പരിഹാസം തൊടുത്തുവിട്ട് പ്രതിക്ഷം. വി.ഡി.സതീശന്‍ എം.എല്‍.എയാണ് പിണറായി സര്‍ക്കാരിനെ കണക്കറ്റ് പരിഹസിച്ചത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഒന്നിച്ചുറങ്ങുന്ന സ്ഥലം സെക്രട്ടേറിയേറ്റാവും’. ഉന്നത ഉദ്യോഗസ്ഥ പോര് പരിഹരിക്കാന്‍ മുഖ്യമന്ത്രി പരാജയപ്പട്ടെന്നും ഭരണം സ്തംഭിച്ചെന്നും ആരോപിച്ചുളള അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടയിലായിരുന്നു സര്‍ക്കാരിനു നേരെയുളള ഈ പരിഹാസം.
സെക്രട്ടേറിയേറ്റില്‍ എത്തുന്ന ഓരോ ഫയലിലും ഓരോ ജീവിതമാണെന്ന് ഭരണത്തിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി സെക്രട്ടേറിയേറ്റ് ജീവനക്കാരെ ഓര്‍മ്മിപ്പിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ് അവതരിപ്പിച്ച വി.ഡി.സതീശന്റെ പരാമര്‍ശം. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ വാക്കൗട്ട് നടത്തി. കെ.എം.മാണി വാക്കൗട്ട് പ്രസംഗം നടത്തിയെങ്കിലും വാക്കൗട്ടില്‍ പങ്കു ചേര്‍ന്നില്ല. വാക്കൗട്ട് നടത്താനല്ലെങ്കില്‍ വാക്കൗട്ട് പ്രസംഗം അനുവദിക്കില്ലെന്ന സ്പീക്കറുടെ റൂളിംഗിന് എതിരാണിതെന്ന് പി.സി. ജോര്‍ജ് ചൂണ്ടിക്കാട്ടി. പരിശോധിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അറിയിച്ചു.
സംസ്ഥാനത്ത് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഒരു തര്‍ക്കവും ഇല്ലെന്നും എല്ലാം ശരിയായി തന്നെ നടക്കുന്നുണ്ടെന്നും പ്രതിപക്ഷത്തിന്റെ ആരോപണം കെട്ടിച്ചമച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. റിപ്പബ്‌ളിക് ദിനത്തില്‍ പൊലീസ് മെഡല്‍ പോലും വാങ്ങി കൊടുക്കാന്‍ കഴിയാത്തത്ര കെടുകാര്യസ്ഥതയാണ് ഭരണത്തിലെന്ന് വാക്കൗട്ട് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
വിജിലന്‍സിനെയും ഡയറക്ടറെയും കടന്നാക്രമിച്ച സതീശന്‍ വിജിലന്‍സിനെ മുഖ്യമന്ത്രിയുടെ വീട്ടില്‍ കെട്ടിയ പശുവെന്നാണ് വിശേഷിപ്പിച്ചത്. യജമാനന്‍ അടുത്ത് വരുമ്പോള്‍ നക്കും പാലു തരും മറ്റുളളവര്‍ വന്നാല്‍ കൊമ്പ് കുലുക്കി കുത്തി ഓടിക്കും. ഹൈക്കോടതി വിമര്‍ശനത്തില്‍ പ്രതിഷേധിച്ച് വലിയ അഴിമതി കേസുകളിലെ പരാതി എടുക്കില്ലെന്ന് വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് ബോര്‍ഡില്‍ എഴുതി വച്ച വിഷയത്തില്‍ നടപടി എടുക്കാത്തത് എന്തെന്ന ചോദ്യത്തിന് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. എന്നാല്‍ ഇതിന്റെ പകര്‍പ്പോ ഫോട്ടോയോ ഒരു മാദ്ധ്യമത്തിലും വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം വിജിലന്‍സ് രാജിലേക്കാണോ നീങ്ങുന്നതെന്ന ഹൈക്കോടതി വിമര്‍ശനം ചൂണ്ടിക്കാട്ടി വിജിലന്‍സിനെ സര്‍ക്കാര്‍ ആയുധമാക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. സംസ്ഥാനത്തെ എല്ലാ ഉന്നത ഉദ്യോഗസ്ഥര്‍ക്കും എതിരെ കേസുണ്ട്. അമ്പുകൊളളാത്തവരില്ല, കുരുക്കളില്‍ എന്നതാണ് അവസ്ഥ. കുറ്റക്കാരാണെങ്കില്‍ ഇവര്‍ക്ക് എതിരെ നടപടി എടുക്കണം, അല്ലെങ്കില്‍ ഇവരെ ക്രൂശിക്കരുത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ കേസില്‍ പെടുത്തി പീഡിപ്പിക്കുന്നത് ശരിയല്ല. കേസ് പേടിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ തീരുമാനം എടുക്കുന്നില്ല. ബിനാമികളെ വച്ച് കേസ് കൊടുത്ത് ഉന്നത ഉദ്യോഗസ്ഥര്‍ പരസ്പരം പോരടിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
സത്യസന്ധരായ ഉദ്യോഗസ്ഥരാണെന്ന് കരുതി, പരാതി വന്നാല്‍ അന്വേഷിക്കാതിരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍ സര്‍ക്കാരിനെ പോലെ ഹൈക്കോടതി പരാമര്‍ശങ്ങളോട് അസഹിഷ്ണുത കാണിക്കാതെ വിജിലന്‍സ് പ്രവര്‍ത്തനത്തിന് കോടതി നിര്‍ദ്ദേശത്തില്‍ മാനദണ്ഡം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിജിലന്‍സ് പ്രവര്‍ത്തനത്തില്‍ താന്‍ ഇടപെടുന്നെന്ന പരാതി ഇതാദ്യമാണെന്നും വിജിലന്‍സിന് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണ സംവിധാനം ഫലപ്രദമാക്കാനുളള കെ.എ.എസ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments