ഇംഫാല്‍: നാഗാ വിമതരുമായി പ്രധാനമന്ത്രി ഒപ്പുവെച്ച കരാറിലെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മണിപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റാലിയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്. മണിപ്പൂര്‍ മുഖ്യമന്ത്രിയായ ഒക്രാം ഇബോബി സിങ്ങിന് പോലും കേന്ദ്രം നാഗാ വിമതരുമായി ഒപ്പുവെച്ച ഉടമ്പടിയെക്കുറിച്ച് ധാരണയില്ല. മണിപ്പൂരിലെ ജനങ്ങളില്‍ നിന്ന് ഉടമ്പടിയിലെ വിവരങ്ങള്‍ എന്തുകൊണ്ടാണ് മറച്ചുവെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രസര്‍ക്കാര്‍ വെബ്‌സൈറ്റില്‍ സമാധാന ഉടമ്പടിയെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം. അപ്പോള്‍ എവിടെയൊക്കെയാണ് സംസ്ഥാന താല്‍പ്പര്യങ്ങള്‍ ബലികഴിക്കപ്പെട്ടതെന്ന് ജനങ്ങള്‍ക്ക് മനസിലാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം 2015 ഓഗസ്റ്റിൽ ഒപ്പുവെച്ച സമാധാന കരാറാണ്. സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്കെതിരാണ് സമാധാന ഉടമ്പടിയെന്ന് മുമ്പ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നുവെങ്കിലും പിന്നീട് അതില്‍ നിന്ന് പിന്‍വലിഞ്ഞിരുന്നു. കഴിഞ്ഞ 25 ന് മണിപ്പൂരില്‍ നടത്തിയ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് കോണ്‍ഗ്രസ് വ്യാജ പ്രാചാരണങ്ങള്‍ നടത്തുന്നുവെന്നും സംസ്ഥാന സര്‍ക്കാരിനെ അഴിമതി സര്‍ക്കാര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് രാഹുല്‍ രംഗത്ത് വന്നത്.
Post Your Comments